ന്യൂഡൽഹി : കൗരവരെപ്പോലെ ബിജെപിക്ക് അധികാര ലഹരി തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കോൺഗ്രസ് പ്ലീനറിസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽഗാന്ധി.സൈനിക, സാമ്പത്തിക ശേഷിയിൽ കൗരവർ മുമ്പിലായിരുന്നെങ്കിലും അവർ അധികാരധാർഷ്ട്യത്തിന്റെ ആൾരൂപങ്ങളായിരുന്നു. അധികാരത്തിനുവേണ്ടിമാത്രം നിലകൊള്ളുന്ന പാർടികൾക്ക് രാജ്യവും ചരിത്രവും മാപ്പ് കൊടുക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
രാജ്യത്ത് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പ്രധാനമന്ത്രി ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. കർഷകർ കൂട്ടത്തോടെ മരിക്കുമ്പോൾ യോഗ ചെയ്യാനാണ് പ്രധാനമന്ത്രി നിർദേശിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ജഡ്ജിമാർ സാധാരണക്കാരുടെ മുന്നിലെത്തി നിയമവ്യവസ്ഥയെ സംരക്ഷിക്കണമെന്ന് അപേക്ഷിച്ചു. രാജ്യത്ത് ഇത്തരം സാഹചര്യമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ബിജെപിക്കും ആർഎസ്എസിനും ഒഴിഞ്ഞുമാറാനാകില്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
