കൊച്ചി: നടിയെ ആക്രമിച്ച കേസ് ക്ലൈമാക്സിനോടടുക്കുമ്പോൾ കേസിലെ ദിലീപിന്റെ ഹർജിയിലെ വാദം പൂർത്തിയായി , നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം പരിശോധിക്കണമെന്ന് കേസില്‍ പ്രതിയായ നടന്‍ ദിലീപ്.
ആക്രമണ ദിവസം പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ട് അങ്കമാലി കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ദിലീപിന്റെ അഭിഭാഷകന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
നടിയെ അക്രമിക്കുന്ന സമയത്ത് സ്ത്രീയുടെ ശബ്ദത്തില്‍ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാന്‍ പറയുന്നുണ്ട്. അതിനാല്‍ ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം പരിശോധിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
വാദം ഇങ്ങനെ :- ദൃശ്യം എഡിറ്റ് ചെയ്തതായി സംശയമുണ്ട്. പരിശോധനയിലൂടെ സത്യം പുറത്തു വരും എന്നതിനാലാണ് ദൃശ്യത്തിന്റെ പകര്‍പ്പ് നല്‍കാന്‍ പോലീസ് മടിക്കുന്നത്.
ഫോണ്‍ പരിശോധന റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ തങ്ങള്‍ക്ക് നല്‍കിയിട്ടില്ല. 254 രേഖകള്‍ ആവശ്യപ്പെട്ടതില്‍ 93 രേഖകള്‍ നല്‍കി എന്നാണ് പ്രോസിക്യുഷന്‍ പറയുന്നത്. അത് സത്യമല്ലെന്നും ദിലീപിന് വേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എഡിജിപി നേതൃത്വം നല്‍കിയ വലിയ സംഘമാണ് കുറ്റപത്രം തയാറാക്കിയത്. അവര്‍ നിരവധിതവണ പരിശോധിച്ചു സമര്‍പ്പിച്ച രേഖകള്‍ പ്രതിഭാഗത്തിന് കൈമാറില്ല എന്ന് പറയുന്നതില്‍ അസ്വാഭാവികത ഉണ്ട്.
വിചാരണ സുതാര്യമാകാന്‍ സിഡി രേഖകളും ദൃശ്യങ്ങളും വേണം. അതു നല്‍കേണ്ടത് പ്രോസിക്യുഷന്റെ ഉത്തരാവാദിത്തമാണന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍ ഇരയെ അപമാനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്നും ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് സ്വകാര്യതയുടെ ലംഘനമാകുമെന്നുമാണ് പ്രോസിക്യൂഷന്‍ നേരത്തെ കേടതിയെ അറിയിച്ചത്.
ദിലീപിന്റെ വാദം കേട്ട കോടതി പ്രോസിക്യൂഷന് കൂടുതല്‍ വാദം ഉന്നയിക്കാന്‍ അനുവാദം നല്‍കി ഹര്‍ജി പരിഗണിക്കുന്നത് മറ്റൊരുദിവസത്തേക്ക് മാറ്റുകയായിരുന്നു.
കേരളം മുഴുവനും ഉറ്റുനോക്കുന്ന കേസിന്റെ ക്ലൈമാക്സ് എന്തായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് കേരള ജനത .