ചെന്നൈ: ആര്‍ക്കും വേണ്ടാതെ ഐപിഎല്‍ താരലേലത്തിന്റെ ആദ്യദിനത്തില്‍ ടീമുകള്‍ തട്ടിക്കളിച്ച വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയിലിനെ അപമാനിച്ച് ചെന്നൈ സൂപ്പര്‍കിങ്സ്. കോടികള്‍ ലേലത്തില്‍ പ്രതീക്ഷിച്ച താരത്തിന് പക്ഷെ അടിസ്ഥാന വിലയായ രണ്ടു കോടിക്ക് കിങ്സ് ഇലവന്‍ പഞ്ചാബില്‍ ചേക്കേറേണ്ടി വന്നിരുന്നു. വന്‍ നിരാശയാണ് ഈ സംഭവം വെസ്റ്റ് ഇന്‍ഡീസ് താരത്തിന് സമ്മാനിച്ചിട്ടുണ്ടാവുക. ഇതിനു പിന്നാലെയാണ് ഒഫീഷ്യല്‍ പേജിലൂടെ ചെന്നൈയുടെ പരസ്യമായ പരിഹാസം താരത്തിന് നേരെ ഉയര്‍ന്നിരിക്കുന്നത്.
ഒരു ആരാധകനുള്ള മറുപടിയിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഗെയ്ലിനെ നൈസായി ട്രോളിയത്. ചെന്നൈയ്ക്ക് ഒരു നല്ല ഓപ്പണറെ കുറവുണ്ട്, എന്നിട്ടും എന്താണ് ക്രിസ്ഗെയ്ലിനെ വാങ്ങാതെ ഒഴിവാക്കിയത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് വെറ്ററന്‍ താരങ്ങളെ വാങ്ങിക്കൂട്ടിയെന്ന ടീം നേരിടുന്ന പഴി മറയാക്കി കൊണ്ടുള്ള ഒരു രസകരമായ മറുപടിയായിരുന്നു ചെന്നൈ ടീം നല്‍കിയത്. ഗെയ്ല്‍ മുപ്പത് കടന്നിട്ടില്ലെന്നും അതുകൊണ്ടാണ് താരത്തെ വേണ്ടെന്ന് വെച്ചതെന്നുമായിരുന്നു ചെന്നൈയുടെ പ്രതികരണം.
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ സീസണില്‍ ഗെയ്ലിന്റെ ബാറ്റിങ് ശരാശരി ഉദ്ദേശിച്ചായിരുന്നു ചെന്നൈയുടെ ട്വീറ്റ്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഗെയ്ല്‍ 10 മത്സരങ്ങളില്‍ നിന്ന് 22.22 ശരാശരിയില്‍ 227 റണ്‍സാണ് അടിച്ചത്. ട്വന്റി-20 ലീഗ് കരിയറില്‍ 41.2 ശരാശരിയുള്ള ഗെയ്ലിന്റെ മോശം പ്രകടനമായിരുന്നു കഴിഞ്ഞ സീസണില്‍ ഐപിഎല്‍ പ്രേമികള്‍ കണ്ടത്. പ്രകടനം മോശമായതിനെത്തുടര്‍ന്ന്് ബംഗളൂരു ഇത്തവണ ഗെയിലിനെ കയ്യൊഴിയുകയായിരുന്നു.
എന്നാല്‍ ഐപിഎല്ലിന് തൊട്ട് മുമ്ബ് ബിഗ് ബാഷ് ലീഗില്‍ അതിവേഗ സെഞ്ച്വറി നേടി ഗെയ്ല്‍ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു.