ന്യൂഡല്‍ഹി: രാജ്യസഭയില്‍ വീണ്ടും കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
മോദിയുടെ പ്രസംഗത്തിൽ നിന്ന് :-
അടിയന്തരാവസ്ഥയും സിഖ് വിഭാഗക്കാര്‍ക്കെതിരായ അക്രമവും നടന്ന പഴയ ഇന്ത്യയാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും എന്നാല്‍, പുതിയ ഇന്ത്യ സൃഷ്ടിക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്നത് തന്റെ ആശയമല്ല, സ്വാതന്ത്ര്യം ലഭിച്ചശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട മഹാത്മാഗാന്ധിയുടേതാണെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. നിശ്ചിത സമയ പരിധിക്കുള്ളില്‍ പദ്ധതികളുടെ ലക്ഷ്യം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന ആക്ഷേപത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
അനായാസം വ്യവസായങ്ങള്‍ തുടങ്ങാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നിലെത്തിയത് പലരും മോശമായി കണ്ടതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മോദിക്കെതിരെ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തി. റാഫേല്‍ ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രി എന്ന് വിശദീകരിക്കുമെന്ന് അദ്ദേഹം ആരാഞ്ഞു. സുപ്രധാന വിഷയം മോദി വിട്ടുകളഞ്ഞു. പ്രധാനമന്ത്രി മൗനം വെടിയുകയും റാഫേല്‍ ഇടപാടിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് എന്നാണെന്ന് അദ്ദേഹം ചോദിച്ചു.