അരക്കിണറില്‍ തനിച്ച് താമസിക്കുന്ന ആമിനയെ വീടിനകത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് ബന്ധുക്കള്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. കൊലപാതകം എന്നുറപ്പിച്ച പോലീസ് ആദ്യം സംശയിച്ചത് ബന്ധുക്കളെ ആയിരുന്നു.
എന്നാല്‍ പോലീസ് പിടിയിലായതാകട്ടെ വെറും പതിനാറ് വയസ്സ് മാത്രം പ്രായമുള്ള പയ്യന്. പ്രൊഷണല്‍ കൊലപാതകികളെ വെല്ലുന്ന തരത്തിലാണ് ഈ കൗമാരക്കാരന്റെ കൊലപാതകം. കൊലയ്ക്ക് ശേഷം രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനുമെല്ലാം ഈ പതിനാറുകാരന് പ്രേരണയായത് ആക്ഷന്‍ സിനിമകള്‍ ആണത്രേ.
പോലീസ് പറയുന്നത് ഇങ്ങനെ :-
ഫറോക്കിലെ വീട്ടില്‍ ആമിന തനിച്ചാണ് താമസിക്കുന്നത്. സംഭവ ദിവസം ഇരുപത് രൂപ ചോദിച്ചാണ് പയ്യന് ആമിനയുടെ വീട്ടിലേക്ക് കയറിച്ചെന്നത്. ഇരുപത് രൂപയല്ലേ, നല്‍കാതിരിക്കുന്നത് എങ്ങെനെ എന്ന് കരുതി ആമിന പഴ്സ് എടുത്ത് കൊണ്ട് വന്ന് പയ്യന്റെ മുന്നില്‍ വെച്ച് തന്നെ തുറന്നു. അതിനിടയിലാണ് പഴ്സില്‍ നിന്നും രണ്ട് 500 രൂപ നോട്ടുകള്‍ നിലത്ത് വീണത്.
ഇതോടെ ബാഗ് തട്ടപ്പറിച്ച് ഓടാന്‍ പയ്യന് ശ്രമിച്ചതും ആമിന തടഞ്ഞതുമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. കത്തിയെടുത്ത് ആമിനയെ പതിനാറുകാരന് തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. തലയിലും മുഖത്തും കയ്യിലും അടക്കം പതിനഞ്ചോളം മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തിലെ മുറിവില്‍ നിന്നും ചോര വാര്‍ന്നാണ് ആമിനയുടെ മരണം.
കൊലയ്ക്ക് ശേഷം പണവുമായി ഇയാള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കത്തി തുണിയില്‍ പൊതിഞ്ഞ് കയ്യില്‍ തന്നെ വെച്ചു. പോകുന്ന വഴി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. കൊലയ്ക്കിടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ പിന്നീട് കത്തിച്ച് കളഞ്ഞു. ശേഷം പണവുമായി ചെന്ന് പുതിയ വസ്ത്രങ്ങള്‍ വാങ്ങി. പിന്നീട് ഒന്നും അറിയാത്തത് പോലെ ആമിനയുടെ വീടിന് പരിസരത്തും പലതവണ ചെന്നു.
സംഭവ ദിവസം പയ്യന്റെ ഷര്‍ട്ടില്‍ നിന്നും തെറിച്ച് വീണ ബട്ടണ്‍സാണ് കൊലക്കേസില്‍ നിര്‍ണായക തുമ്ബായത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്നതാണ് ആ ബട്ടണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ വീടുമായി ബന്ധമുള്ള കൗമാരക്കാരിലേക്കായി പോലീസ് ശ്രദ്ധ. അങ്ങെനെയാണ് ഇടയ്ക്കിടെ ആമിനയുടെ വീട്ടിലേക്ക് വരാറുള്ള പതിനാറുകാരനിലേക്ക് പോലീസ് എത്തിയത്. നിരീക്ഷണത്തിന് ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.
പഠിക്കാന്‍ വളരെ പിന്നോക്കമായിരുന്ന പതിനാറുകാരന് ആഢംബര ജീവിതത്തോടായിരുന്നു ഭ്രമം. അതിനായി ചെറിയ തോതിലുള്ള മോഷണവും ഇയാള്‍ നടത്താറുണ്ട്. അല്ലാത്തപ്പോള്‍ ബന്ധുക്കളോട് പണം ചോദിച്ച് വാങ്ങും. സിനിമ കാണാനും പുതിയ വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടാനുമാണ് ഏറെ താല്പര്യം. മൂന്ന് മൊബൈല്‍ ഫോണുകളും ഈ പതിനാറുകാരന് സ്വന്തമായുണ്ടെന്നും പോലീസ് പറയുന്നു ;