ഗോള്‍ഡ് കോസ്റ്റ് (ആസ്ട്രേലിയ): കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 21ാമത് പതിപ്പിന് ബുധനാഴ്ച ആസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ ആരംഭിക്കും. ഗോള്‍ഡ് കോസ്റ്റ് മുഖ്യകേന്ദ്രമായി ബ്രിസ്ബേന്‍, ടൗണ്‍സ്വില്ലെ, കെയിന്‍സ് എന്നിവിടങ്ങളിലായി 18 ഇനങ്ങളില്‍ നടക്കുന്ന ഗെയിംസില്‍ 71 രാജ്യങ്ങളില്‍നിന്നായി 6600 അത്ലറ്റുകള് മത്സരിക്കും. ബുധനാഴ്ച ഒൗദ്യോഗിക ഉദ്ഘാടനം നടക്കും. വ്യാഴാഴ്ച മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. 11 ദിവസം നീളുന്ന മേളക്ക് ഇൗമാസം 15ന് കൊടിയിറങ്ങും. മികച്ച സൗകര്യങ്ങളുമായി കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ് ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ അത്ലറ്റുകള്‍ക്കും ഒഫീഷ്യലുകള്‍ക്കുമുള്ള താമസസൗകര്യം ഇവിടെയുണ്ട്.
രാജ്യത്ത് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ ജീവിയായ കോലയാണ് ബോര്ബോയ് എന്ന പേരില്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം. ജമൈക്കന്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്ക്, ആസ്ട്രേലിയന്‍ ഹര്ഡ്ലര് സാലി പിയേഴ്സണ്‍, ബ്രിട്ടീഷ് ഡൈവര്‍ ടോം ഡാലി, ദക്ഷിണാഫ്രിക്കന്‍ അത്ലറ്റ് കാസ്റ്റര്‍ സെമന്യ, ഇന്ത്യയുടെ ബോക്സിങ് ഇതിഹാസം എം.സി. മേരികോം തുടങ്ങിയവരാണ് ഗെയിംസിനെത്തുന്ന സൂപ്പര്‍ താരങ്ങള്‍.