കൊലക്കേസില്‍ പ്രതിയായ എംഎല്‍എയുടെ ബന്ധു ഗള്‍ഫിലെന്ന് എസ്.പിയുടെ റിപ്പോര്‍ട്ട്

home-slider indian kerala local

മലപ്പുറം : മനാഫ് വധക്കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എക്ക് കുരുക്ക് മുറുകുന്നു. എം.എല്‍.എയുടെ രണ്ട് അനന്തിരവന്‍മാരടക്കം പിടികിട്ടാനുള്ള നാലു പ്രതികളുടെ വിവരങ്ങള്‍ കോടതിക്കു കൈമാറി.

മലപ്പുറം എസ്.പി. അന്‍വര്‍ പ്രതിയായിരുന്ന കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പള്ളിപ്പറമ്ബന്‍ മനാഫ് വധക്കേസില്‍ 23 വര്‍ഷമായി ഒളിവില്‍ കഴിയുന്ന നാലു പ്രതികളില്‍ ഒരാള്‍ നിലമ്ബൂരില്‍ ഉണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിനെ അറിയിച്ചു. നിലമ്ബൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് (45) നിലമ്ബൂരില്‍ ഒളിവിലുണ്ടെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

കേസില്‍ പിടികൂടാനുള്ള പ്രതികളായ പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് (49), മാലങ്ങാടന്‍ ഷെരീഫ് (51) എന്നിവരും എളമരം ചെറുവായൂര്‍ പയ്യനാട്ട് തൊടിക എറക്കോടന്‍ കബീര്‍ (45) എന്നിവര്‍ വര്‍ഷങ്ങളായി ഗള്‍ഫില്‍ തുടരുകയാണ്. മുനീബ് നിലമ്ബൂരില്‍ നിന്നും അമരമ്ബലം പഞ്ചായത്തിലെ ചുള്ളിയോട്ടേക്ക് താമസം മാറ്റിയെന്നും ജോലിക്കായി കോയമ്ബത്തൂരിലാണെന്നുമായിരുന്നു വീട്ടുകാരില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ നിലമ്ബൂരിലുണ്ടെന്നു വ്യക്തമായെന്നും എന്നാല്‍ പിടികൂടാനായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

മനാഫിനെ കൊലപ്പെടുത്തി 23 വര്‍ഷം കഴിഞ്ഞിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം ഒന്നാം പ്രതിയടക്കം നാലു പ്രധാനപ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്നു കാണിച്ച്‌ കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ പള്ളിപ്പറമ്ബന്‍ അബ്ദുല്‍റസാഖാണ് കോടതിയെ സമീപിച്ചത്.
പിടികൂടാനുള്ള നാലു പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് ജില്ലാ പോലീസ് സൂപ്രണ്ട് നടപ്പാക്കണമെന്നും പതികളെ പിടികൂടുന്നതിന് പോലീസ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ പട്ടാപകല്‍ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് പി.വി അന്‍വര്‍ എം.എല്‍.എ എടക്കം 21 പ്രതികളെ ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്.

കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ഇന്നത്തെ ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്നാണ് മനാഫിന്റെ ബന്ധുക്കളുടെ ആരോപണം. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *