കണ്ണൂര്‍: കൊടി സുനി വിയ്യൂര്‍ ജയിലിലെ സൂപ്രണ്ടന്‍റാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍റെ പരിഹാസം. കൊടി സുനിയെ ഏത് ജയിലിലാണോ താമസിപ്പിക്കുന്നത് ആ ജയിലിലെ സൂപ്രണ്ടന്‍റ് ആണ് അയാള്‍. ഭക്ഷണത്തിന്‍റെ മെനു മുതല്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കൊടി സുനിയാണെന്നും സുധാകരന്‍ പറഞ്ഞു.
കൊടി സുനിക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യം ജയിലുകളിലുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജയിലില്‍ പരിശോധന നടത്തിയ ജയില്‍ ഡി.ജി.പിക്ക് ഫോണ്‍ അടക്കമുള്ള സാധനങ്ങള്‍ ലഭിച്ചിരുന്നു.
ഇടത് ഭരണത്തില്‍ എല്ലാ സുഖസൗകര്യങ്ങളോടെയാണ് കൊടി സുനി ജയിലില്‍ കഴിയുന്നത്. ജയില്‍ ഇവര്‍ക്ക് സുഖവാസ കേന്ദ്രമാണ്. ഇക്കാര്യം മാലോകര്‍ക്കും അറിയാം. വിവിധ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണം കേട്ടില്ലെന്ന ഭാവത്തോടെ പോകുന്ന അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരികളോട് ഇക്കാര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.