കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പ്ലാനിംഗ് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചു . ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. ഇതിനായി 2017 മെയില്‍ 2577.25 കോടി രൂപയുടെ ഭരണാനുമതി നല്കി വിശദമായ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ മെട്രോ നയം പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനനുസൃതമായി വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തി പുനഃസമര്‍പ്പിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം 2018 ഫെബ്രുവരിയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് അയച്ചശേഷം അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രമേ തുടര്‍നടപടികള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ.
അതേസമയം രണ്ടാം ഘട്ടത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി 189 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ട ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ സാമൂഹിക ആഘാതപഠനം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭൂമി ഏറ്റെടുക്കുതിനായി 2017 സെപ്തംബറിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 20 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.- വി പി സജീന്ദ്രന് എംഎല്‍എയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം .
