കേരളത്തിലെ ആദ്യ ഐ.എസ് കേസില്‍2017 ജനുവരി ഏഴിനാണ് ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചത്. ഉടുമ്ബുന്തല സ്വദേശി അബ്ദുല്‍ റാഷിദ് അബ്ദുല്ല ഒന്നാം പ്രതിയായാണ് ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. കേസില്‍ പൊലീസ് പിടികൂടിയ രണ്ടാം പ്രതി യാസ്മിന് മുഹമ്മദിനെ കഴിഞ്ഞയാഴ്ച കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ജീവിച്ചിരിപ്പുള്ളതായി കരുതുന്ന പ്രതികള്‍ ക്രമത്തില്‍: ആയിഷ എന്ന സോണിയ സെബാസ്റ്റ്യന്‍, മുഹമ്മദ് സാജിദ് കുതിരുമ്മല്‍, ഷംസിയ കുറിയ, അഷ്ഫാഖ് മജീദ് കല്ലുകെട്ടിയപുരയില്‍, ഡോ. ഇജാസ്, റഫീല. ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ഫോണും സിം കാര്‍ഡുകളും ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ നിരോധിത ഐ.എസ് പ്രചാരണ വിഡിയോകള്‍ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. 2016 ജൂലൈ 10ന് ഉടുമ്ബുന്തല സ്വദേശി ടി.പി. അബ്ദുല്ല പൊലീസില്‍ നല്കിയ പരാതിയുടെ അന്വേഷണമാണ് കേസിെന്റ അടിസ്ഥാനം. ഒന്നരമാസം മുമ്ബ് മുംബൈയിലേക്ക് പുറപ്പെട്ട മകന് അബ്ദുല്നാഷിദ്, ഭാര്യ, കുട്ടി എന്നിവരെ കാണാനില്ലെന്നായിരുന്നു പരാതി. അടുത്തദിവസങ്ങളില്‍ സമാന സ്വഭാവത്തിലുള്ള എട്ടു തിരോധാന കേസുകള്‍ ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പിന്നീട് കാസര്‍കോട് പൊലീസ് ചീഫിെന്റ നിര്‍ദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി സുനില്‍ബാബുവാണ് കേസുകള്‍ സംയോജിപ്പിച്ച് മുന്നോട്ടുനീക്കിയത്. കേസുകള്‍ ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും യു.എ.പി.എ ചുമത്തുകയും ചെയ്തു. ഐ.എസില്‍ ചേരുക എന്ന ഉദ്ദേശ്യത്തോടെയാണ് കൊല്ലത്ത് ജോലിചെയ്യുകയായിരുന്ന യാസ്മിന് തെന്റ വിവാഹബന്ധം വേര്‍പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിന്നീടാണ് പടന്നയിലെ ഡോ. ഇജാസിെന്റ വീട്ടില്‍ എത്തുന്നത്. യാസ്മിെന്റ കുട്ടിക്ക് പാസ്പോര്‍ട്ട് എടുക്കാന്‍ ബിഹാറിലെ പട്നയില്‍ റാഷിദിനൊപ്പം ചെന്നിരുന്നു. കുട്ടിയുടെ പിതാവ് സയ്യിദ് അഹമ്മദിെന്റ അനുവാദം ഇല്ലാതെയാണ് പാസ്പോര്‍ട്ട് എടുത്തത്.
ശ്രീലങ്കയില്‍ കൊളംബോ അല്‍-ഖുമ പഠനകേന്ദ്രത്തില്‍നിന്ന് തീവ്ര ആശയഗതിക്കാരായ പ്രതികളെ പറഞ്ഞുവിട്ടകാര്യം കുറ്റപത്രത്തില്‍ വിവരിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ നാങ്കര്‍ഹാര്‍ പ്രവിശ്യയിലാണ് കാണാതായവര്‍ കഴിയുന്നതെന്നും പറയുന്നു. പ്രതികള്‍ ഇന്ത്യ വിട്ട രീതി സംബന്ധിച്ച് സൂചനകളില്ല. എന്നാല്‍, മുംബൈ, ഹൈദരാബാദ്, ബംഗളൂരു വിമാനത്താവളങ്ങളില്‍ പ്രതികള്‍ എത്തിയ രേഖകള്‍ കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. ബന്ധുക്കള്‍ക്ക് ടെലിഗ്രാം ആപ് വഴി ലഭിച്ച സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ഒരേസ്ഥലത്ത് ഉള്ളതായി അനുമാനിക്കുന്നത്.