“കേന്ദ്രം നൂറുകോടി രൂപ തന്നിട്ടൊന്നുമില്ല. അനുവദിച്ചതേയുള്ളൂ. തന്നത് വെറും പത്തൊമ്പത് കോടി രൂപ”; കണ്ണന്താനത്തെ തേച്ചൊട്ടിച്ചു ഐസക്കിന്റെ കിടിലൻ മറുപടി ;

home-slider kerala politics

ശബരിമലയില്‍ അടുത്ത ഘട്ട സമരത്തിനൊരുങ്ങുന്ന ബിജെപിക്ക് കിടിലന്‍ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്ക്. അതേസമയം ശബരിമലയില്‍ ഒരു സൗകര്യവുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 100 കോടി എവിടെ പോയെന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ചോദ്യത്തിനും ഐസക്ക് മറുപടി നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കളുടെ ശബരിമല സന്ദര്‍ശനം തമാശയാണെന്നും ഇനിയും അവര്‍ക്ക് വരാമെന്നും ധനമന്ത്രി പറയുന്നു.

അതേസമയം സര്‍ക്കാര്‍ ശബരിമലയിലെ നവീകരണപ്രവര്‍ത്തികള്‍ക്കായി എന്തൊക്കെ ചെയ്തുവെന്ന് അക്കമിട്ട് നിരത്തിയിട്ടുണ്ട് ഐസക്ക്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ബിജെപിയുടെ വ്യാജപ്രചാരണങ്ങളെയും കണ്ണന്താനത്തിന്റെ സന്ദര്‍ശനത്തെയും ഐസക്ക് പരിഹസിച്ചിട്ടുണ്ട്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

 

ശ്രീധരന്‍പിള്ളയുടെ വെല്ലുവിളി

ശബരിമലയിലെ സമരത്തിന് നേതൃത്വം നല്‍കാന്‍ ഇനി കേന്ദ്രമന്ത്രിമാര്‍ വരുമത്രേ. അതുംപറഞ്ഞ് കേരള സര്‍ക്കാരിനെ ശ്രീധരന്‍പിള്ള വെല്ലുവിളിയും നടത്തിയത്രേ. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ കേന്ദ്രമന്ത്രിമാര്‍ വരുമെങ്കില്‍ എത്രയും വേഗം കൊണ്ടുവരാന്‍ ശ്രീധരന്‍പിള്ള ഉത്സാഹിക്കണം. അതല്ല, ഇന്ന് അല്‍ഫോണ്‍സ് കണ്ണന്താനം വന്നതുപോലെയാണെങ്കില്‍ സംഘികള്‍ക്കും ചിരിക്കാനുള്ള വക കിട്ടും. ആര് വന്ന് ഏത് വിമര്‍ശനം ഉന്നയിച്ചാലും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയും. അതുറപ്പാണ്.

ഒന്നാമൂഴം കേമമായിരുന്നു

കണ്ണന്താനത്തിന്റെ ഒന്നാമൂഴം കേമമായിരുന്നു. ശബരിമലയിലെ പ്രാഥമിക സൗകര്യങ്ങളുടെ സ്ഥിതിയെങ്ങനെയെന്ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഭക്തരോട് ചോദിക്കുന്നതും, അവരുടെ സംതൃപ്തി ബോധ്യപ്പെട്ട് ചോദ്യം തന്നെ അബദ്ധമായി എന്ന മട്ടില്‍ ജാള്യം മറയ്ക്കാന്‍ പാടുപെട്ട് കണ്ണന്താനം നിഷ്‌ക്രമിക്കുന്നതുമായ ഒരു വീഡിയോ കണ്ടു. അതത്രം സീനുകള്‍ സൃഷ്ടിക്കാന്‍ ഇനിയും കേന്ദ്രമന്ത്രിമാരെ നമുക്ക് സ്വാഗതം ചെയ്യാം. സംഘര്‍ഷത്തിനിടയില്‍ മനസ്സ് തുറന്ന് ചിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്.

നൂറു കോടിയോ?

തന്റെ വകുപ്പ് നൂറു കോടി രൂപ തന്നിട്ട് എന്ത് ചെയ്തുവെന്ന കണ്ണന്താനത്തിന്റെ ചോദ്യവും അസ്സലായി. നൂറുകോടി രൂപ തന്നിട്ടൊന്നുമില്ല. അനുവദിച്ചതേയുള്ളൂ. തന്നത് വെറും പത്തൊമ്പത് കോടി രൂപയാണ്. അതിന്റെ കാര്യം ദേവസ്വം മന്ത്രി ദേവസ്വം മന്ത്രി വിശദമാക്കിയിട്ടുണ്ട്.

ഒരു കാര്യം കൂടി പറയാം

കേന്ദ്ര ടൂറിസം സഹമന്ത്രിയുടെ അറിവിലേക്കായി ഒരു കാര്യം കൂടി പറയാം. ഈ ഇരുപത് കോടി രൂപയല്ല കേരള സര്‍ക്കാര്‍ ശബരിമലയ്ക്ക് ചെലവാക്കിയത്. വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം അനുവദിച്ചത് 28 കോടി. പതിനൊന്നിനം പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് ഈ തുക. അത് നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ പ്രളയത്തില്‍ കേടുപാട് പറ്റിയ ശബരിമല റോഡുകള്‍ മുഴുവന്‍ പുനരുദ്ധരിക്കുന്നതിന് സീസണ്‍ തുടങ്ങിന് മുമ്പ് അനുവദിച്ച 200 കോടി. അതിന് പുറമേയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ച 150 കോടി.

പമ്പയിലെ സ്വീവേജ് പ്ലാന്റ്

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പമ്പയില്‍ 45 കോടി രൂപയുടെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റാണ്. നിലയ്ക്കിലിലെ സൗകര്യങ്ങള്‍ക്ക് വേണ്ടിയുള്ള 35 കോടി രൂപയുണ്ട്. എരുമേലി, റാന്നി, ചെങ്ങന്നൂര്‍ തുടങ്ങിയ ഇടത്താവളങ്ങളുടെ വികസനത്തിന് 50 കോടി രൂപ. അങ്ങനെ ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ ഒരു പദ്ധതിയുമായി കേരള മുന്നോട്ട് പോകുന്നത്.

പ്രളയകാലം മറന്നുപോയി

ശബരിമലയില്‍ വേണ്ടത്ര സൗകര്യങ്ങളില്ല എന്ന് വിമര്‍ശിക്കുന്ന യുഡിഎഫ്, ബിജെപി നേതാക്കള്‍ പ്രളയകാലം മറന്നുപോയി എന്ന് തോന്നുന്നു. പമ്പ വഴിമാറി ഒഴുകിയതും ശബരിമലയിലുണ്ടായ നാശനഷ്ടങ്ങളും ഇത്ര പെട്ടെന്ന് മറക്കുന്നതെങ്ങനെ? ഈ കെടുതികള്‍ മറികടന്ന് തീര്‍ത്ഥാടന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന് കീഴ് വഴക്കഹ്ങല്‍ മാറ്റിവെച്ച് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് മൊത്തം പണിയും ചെയ്യാന്‍ കരാര്‍ കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈയൊരു സമീപനം തുടര്‍ന്നും സ്വീകരിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.

കണ്ണന്താനത്തിന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല

ശബരിമലയില്‍ ചെയ്യാവുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഗ്രീന്‍ ട്രിബ്യൂണല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗീകൃത മാസ്റ്റര്‍പ്ലാനില്‍ ഒതുങ്ങി നിന്നേ പറ്റൂ. കൂടുതല്‍ വനഭൂമി അനുവദിക്കില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ പരിമിതിക്കുള്ളില്‍ നിന്ന് പ്രളയാനന്തര പുനരുദ്ധാരണ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് നടത്തിയ്. അതുകൊണ്ടാണ് അല്‍ഫോണ്‍സ് കണ്ണന്താനം പ്രതീക്ഷിച്ച പ്രതികരണം തമിഴ് തീര്‍ത്ഥാടകരില്‍ നിന്ന് ഉണ്ടാകാത്തത്. നിറചിരിയോടെ അവര്‍ പ്രകടിപ്പിച്ച സംതൃപ്തിയാണ് ശബരിമലയിലെ സൗകര്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ സര്‍ട്ടിഫിക്കറ്റ്.

Leave a Reply

Your email address will not be published. Required fields are marked *