കെഎം ഷാജിയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദ് ചെയ്ത ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വോട്ടിനായി വര്‍ഗീയ പ്രചരണം നടത്തിയെന്ന എതിര് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ പരാതിയിലായിരുന്നു കോടതി നടപടി. ഷാജിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ നല്കിയ തെരഞ്ഞെടുപ്പു ഹര്‍ജി അനുവദിച്ച് ജസ്റ്റിസ് പിഡി രാജന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ കെഎം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്. അപ്പീലിനു പോകാനുള്ള സാവകാശം അനുവദിച്ചാണ് കോടതി നടപടി. ഒരുമാസത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്നാണ് കെഎം ഷാജി ആവശ്യപ്പെട്ടത്. എന്നാല്‍ അപ്പീല്‍ പോകാനായി രണ്ടാഴ്ചത്തേക്കു മാത്രം വിധി സ്റ്റേ ചെയ്യുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു. ഷാജി വിഷയം ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന വിഷയവുമായി കൂട്ടികെട്ടിയിരിക്കുകയാണ് മന്ത്രി ജി സുധാകരന്.
ഹൈക്കോടതി വിധി പാഠമാകണം
വര്‍ഗ്ഗീയതയും ജാതിയും കൊണ്ട് കളിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ഹൈക്കോടതി വിധി ഒരു പാഠമാകണം. ഒരു താക്കീതും ഗുണപാഠവുമാണിത്. ബി.ജെ.പി പ്രസിഡന്റ് ശ്രീധരന്‍പിള്ളയ്ക്കും ഇതൊരു പാഠമാകണം. എല്ലാ വര്‍ഗ്ഗീയ വാദികള്‍ക്കും ഈ വിധി ഒരു പാഠമാകും. ചാതുര്‍വര്‍ണ്ണ്യത്തില്‍ അഭിരമിക്കുന്ന അഭിനവ തന്ത്രിമാര്‍ക്കും കിരീടവും ചെങ്കോലുമില്ലാത്ത രാജാക്കന്മാര്ക്കും ഇതൊക്കെ പാഠമായാല്‍ കൊള്ളാം. ശബരിമലയുടെ പേരില്‍ പതിനെട്ടാം പടിയില്‍ കയറി നിന്ന് പ്രസംഗിക്കുന്നവര്‍ക്ക് കേരള ചരിത്രത്തില്‍ എവിടെയാണ് സ്ഥാനം നല്‍കേണ്ടതെന്ന് സ്വതന്ത്രമായി ചിന്തിക്കേണ്ട സമയമാണിതെന്ന് ജി സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചു.

ആദര്‍ശ്ശം ഞങ്ങള്‍ കൈവിടില്ല
ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് പോലെ വോട്ടും, സീറ്റും നോക്കിയല്ല ഒരു പുരോഗമനവാദി നയങ്ങള്‍ പ്രഖ്യാപിക്കുന്നതും, തീരുമാനം എടുക്കുന്നതും. സ. കോടിയേരി പ്രഖ്യാപിച്ചത് പോലെ ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും ആദര്‍ശ്ശം ഞങ്ങള്‍ കൈവിടില്ല. മാതൃഭൂമിയിലെ ഉണ്ണിബാലകൃഷ്ണനുമായ അഭിമുഖത്തില്‍ ഈ പ്രശ്നം ഞാന്‍ ശക്തമായി ഉന്നയിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് എന്ന് പറഞ്ഞ് നടക്കുകയും ബി.ജെ.പിയെ പോലെ ചിന്തിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. ഞങ്ങള്‍ മാനവികതയുടെ കൂടെയാണ്. വിശ്വാസികളുടെ കൂടെയാണ്, സ്ത്രീകളുടെ കൂടെയാണ്. ഞങ്ങളെ ഇതിന്റെ പേരില്‍ കേരളത്തിലെ ഒരു പഞ്ചായത്ത് സീറ്റില്‍ പോലും തോല്‍പ്പിക്കാന്‍ സാധ്യമല്ല. പിന്നെയല്ലേ നിയമസഭയെന്ന് അദ്ദേഹം പരിഹസിച്ചു.

സര്‍ക്കാരിന്റെ പിന്തുണ വര്‍ദ്ധിക്കും
നിയമസഭയില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ പിന്തുണ വര്‍ദ്ധിക്കും. ഇടതുപക്ഷ മുന്നണി കൂടുതല്‍ ശക്തിപ്പെടും. ഭീരുക്കള്‍ ആകാന്‍ എളുപ്പമാണ്. ധൈര്യമുള്ളവരാകാന്‍ കുറച്ച് പ്രയാസമാണ്. പക്ഷെ ധൈര്യമുള്ളവര്‍ക്ക് അത് ഒട്ടും പ്രയാസകരവുമല്ല. അതാണ് ലോക ചരിത്രം. അഴീക്കോട് തെരഞ്ഞെടുപ്പ് വിധിയില്‍ വര്‍ഗ്ഗീയത വെച്ച് രാഷ്ട്രീയം കളിക്കുന്ന എല്ലാവരും ഞെട്ടുക തന്നെ ചെയ്യും. ഇന്ത്യന്‍ നീതിന്യായ കോടതിക്ക് ഭരണഘടന പ്രകാരം വിധി പ്രഖ്യാപിക്കാന്‍ കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി ജി സുധാകരന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എല്ലാ വൃത്തികെട്ട കളികളും അറിയുന്ന ആള്
അതേസമയം എല്ലാ വൃത്തികെട്ട കളികളും അറിയുന്ന ആളായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ എതിര് സ്ഥാനാര്‍ഥിയെന്ന് കെഎം ഷാജി കുറ്റപ്പെടുത്തി. മാന്യനല്ലാത്ത സ്ഥാനാര്‍ഥിയോട് മത്സരിച്ചു എന്ന ഒറ്റ അബദ്ധമേ പറ്റിയിട്ടുള്ളൂ എന്നും അഴിമതി കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരാളാണ് നോട്ടീസ് പിടിച്ചെടുത്തതെന്നും കെ എം ഷാജി പറഞ്ഞു. ഇത് കോടതിയില്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് അഴീക്കോട് മണ്ഡലത്തില്‍ മതസ്പര്‍ധ വളര്‍ത്തുന് ലഘുലേഖ വിതരണം ചെയ്തെന്ന് പരാതിയില്‍ നികേഷ് കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടായിരുന്നു കെ.എം ഷാജിയെ കോടതി അയോഗ്യനാക്കി പ്രഖ്യാപിച്ചത്.