കുറ്റവിമുക്തനാകും വരെ ദിലീപ് പുറത്ത് തന്നെ: മോഹന്‍ലാല്‍

home-slider indian kerala local news

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിന്റെ അംഗത്വം അമ്മയുടെ പൊതുയോഗത്തില്‍ അജണ്ട വച്ചാണ് ചര്‍ച്ച ചെയ്തതെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപിനെ തിരിച്ചെടുക്കുന്നതിനെതിരെ പൊതുയോഗത്തില്‍ സിനിമയിലെ വനിതാ കൂട്ടായ്മിലെ അംഗങ്ങളാരും സംസാരിച്ചിട്ടില്ല. കുറ്റവിമുക്തനാകും വരെ ദിലീപ് അമ്മയിലുണ്ടാകില്ലെന്നും എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ദിലീപ് അറസ്റ്റിലായപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായിരുന്നു. അദ്ദേഹത്തെ പുറത്താക്കണം, സസ്‌പെന്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ മമ്മൂട്ടിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ഉയര്‍ന്നു. നിര്‍മാതാക്കള്‍ ഉള്‍പ്പെടെ ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് ദിലീപിന്റെ അംഗത്വ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. അടിയന്തര തീരുമാനമെടുത്തില്ലെങ്കില്‍ സംഘടന രണ്ടായി പിളരുന്ന തരത്തിലായിരുന്നു നീക്കങ്ങള്‍. പിന്നീടാണ് സസ്പെന്‍ഷന്‍ സംബന്ധിച്ച നിയമപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. തുടര്‍ന്ന് ചേര്‍ന്ന നിര്‍വാഹക സമിതി തീരുമാനം മരവിപ്പിക്കാനും അടുത്ത പൊതുയോഗത്തിന് വിടാനും തീരുമാനിച്ചു. പൊതുയോഗത്തില്‍ അജണ്ടയായി ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. ഉൗര്‍മ്മിള ഉണ്ണിയാണ് വിഷയം ഉന്നയിച്ചതെങ്കിലും തിരിച്ചെടുക്കുന്നതിനെ ആരും എതിര്‍ത്തില്ല. യോഗത്തില്‍ പങ്കെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങളായ ‘അമ്മ’ അംഗങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. അവര്‍ക്ക് പറയാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ‘അമ്മ’ അവരുടെയും കുടുംബമാണ്. എഴുന്നേറ്റ് നിന്ന് അഭിപ്രായം പറയാനും പ്രതിഷേധിക്കാനും അവര്‍ക്ക് കഴിയുമായിരുന്നു. ആരും എതിര്‍ക്കാത്തതിനാലാണ് തീരുമാനം മരവിപ്പിച്ചത്. പ്രത്യേക സാഹചര്യത്തിലെ വികാര പ്രകാരമെടുത്ത തീരുമാനമാണത്.

‘അമ്മ’യിലേയ്ക്കില്ലെന്ന് ദിലീപ് പറയുന്നു. ആ സാഹചര്യത്തില്‍ ദിലീപ് സംഘടനയ്ക്ക് പുറത്തു തന്നെയാണ്. കുറ്റവികമുക്തനാകും വരെ ദിലീപ് പുറത്തു തന്നെയായിരിക്കും. ‘ അമ്മ’യില്‍ നിന്ന് രാജിവച്ച രണ്ടു പേരുടെ കത്തു മാത്രമാണ് ലഭിച്ചത്. ഭാവനയും രമ്യാ നമ്ബീശനും. മറ്റാരും രാജി തന്നിട്ടില്ല. രാജി പിന്‍വലിച്ച്‌ തിരിച്ചുവന്നാല്‍ സ്വീകരിക്കുമോയെന്ന് പറയാനാവില്ല. രാജിയുടെ കാരണങ്ങള്‍ അവര്‍ പറയണം. അക്കാര്യം പൊതുയോഗത്തില്‍ അവതരിപ്പിക്കണം. അംഗങ്ങള്‍ അംഗീകരിച്ചാല്‍ തിരിച്ചുവരുന്നതിന് തടസമില്ല. ‘അമ്മ’യുടെ താരനിശയില്‍ വനിതകളെ അപമാനിക്കുന്ന സ്‌കിറ്റ് അവതരിപ്പിച്ചത് ആരെയും ഉദ്ദേശിച്ചല്ല. അമ്മയിലെ അംഗങ്ങളാണ് സ്‌കിറ്റ് തയ്യാറാക്കിയതും അവതരിപ്പിച്ചതും. മന:പൂര്‍വം ആരെയും അവഹേളിക്കാന്‍ ഉദ്ദേശിച്ചല്ല. ‘അമ്മ’യില്‍ പുരുഷമേധാവിത്വമില്ല. അമ്മയുടെ അംഗങ്ങളില്‍ പകുതിയും സ്ത്രീകളാണ്. വനിതാ കൂട്ടായ്മ അംഗങ്ങളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ല. വിലക്കിയെങ്കില്‍ പൊതുയോഗത്തില്‍ അക്കാര്യം ഉന്നയിക്കാമായിരുന്നു. മത്സരിക്കാന്‍ തയ്യാറായാല്‍ സ്വീകരിക്കുമായിരുന്നു. ചുമതലകളിലേയ്ക്ക് സ്ത്രീകള്‍ വരണമെന്നാണ് ആഗ്രഹം. വനിതാ കൂട്ടായ്മ നല്‍കിയ കത്തു ചര്‍ച്ച ചെയ്യും. കത്തില്‍ അവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചത് കൂടാതെ മറ്റെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അമ്മ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്ത് ചര്‍ച്ചയ്ക്ക് ദിവസം നിശ്ചയിക്കും. അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയും അംഗങ്ങളും നിന്നത്. അമ്മയുടെ ഭാഗത്ത് നിന്ന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തിട്ടുണ്ട്. കൂടുതല്‍ ചെയ്യാവുന്നത് വനിതാ അംഗങ്ങള്‍ക്കാണ്. അവരെ മാറ്റിനിറുത്തിയിട്ടില്ല. നിയമപരമായ കാര്യങ്ങളില്‍ സഹായം ചെയ്തിട്ടില്ല. അവര്‍ ഒരിക്കല്‍ പോലും നടനെതിരെ പരാതി നല്‍കിയിട്ടില്ല. ലഭിക്കുന്ന പരാതികള്‍ക്ക് മറുപടി നല്‍കുക പതിവാണ്. രേഖകളില്‍ അങ്ങനെയൊന്ന് ലഭിച്ചില്ല.

‘അമ്മ’യുടെ 25 വര്‍ഷമായ നിയമാവലി പരിഷ്കരിക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തും. വൈസ് പ്രസിഡന്റ്, സെക്രട്ടറി പദവികളില്‍ സ്ത്രീകള്‍ വരണമെന്നാണ് ആഗ്രഹം. ‘അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനയച്ച ശബ്ദസന്ദേശം ചോര്‍ത്തിയെന്ന പരാതി അന്വേഷിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *