ലക്നൗ: വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളുടെ അശ്ലീല രംഗങ്ങള്‍ പ്രചരിപ്പിച്ച അന്താരാഷ്ട്ര അഞ്ചംഗ സംഘത്തെ സി.ബി.എെ പിടികൂടി. വാട്സ്‌ആപ്പ് ഗ്രൂപ്പിലൂടെ അശ്ലീല രംഗങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഇവരെ ഉത്തര്‍പ്രദേശിലെ കനൗജില്‍ വച്ചാണ് പിടികൂടിയത്. ഗ്രൂപ്പിന്റെ അഡ്മിനാണ് പിടിയിലായ അഞ്ചു പേരും. ‘കിഡ്സ് ട്രിപ്പിള്‍ എക്സ്’ എന്ന പേരിലാണ് ഇവരുടെ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നത്. പിടിയിലായ നിഖില്‍ വര്‍മ്മയെന്ന ഇരുപതുകാരനാണ് സംഘത്തെ നിയന്ത്രിച്ചിരുന്ന പ്രധാനികളില്‍ ഒരാള്‍.
ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കെതിരെയും സി.ബി.എെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളില്‍ ചിലര്‍ യു.എസ് പാകിസ്ഥാന്‍, ചെെന ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് സി.ബി.എെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൊത്തം 119 അംഗങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. ഇവരെ കണ്ടെത്താനായി രാജ്യത്തെ വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും സി.ബി.എെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന പരാതിയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ നിരവധി ഹാര്‍ഡ് ഡിസ്ക്കുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തിരുന്നു.