കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് Reviews

film reviews

ഒരു പുതിയ ചങ്ങായിയെ കണ്ടു

ചങ്ങായിയുടെ പേര് : കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്
ചങ്ങായിയെ കണ്ട സ്ഥലം : എന്റെ സ്വന്തം വീട്
ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : ഞാനും എന്റെ കെട്ടിയോളും മാത്രം

ആദ്യവാക്ക് : കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നീളുന്ന നന്മമരങ്ങളുടെ ഘോഷയാത്ര പിന്നെ നായകന്റെ ഭാരതീയ ശിക്ഷണം.

കോട്ടയംകാരൻ ജോസ്‌മോൻ ( ടോവിനോ തോമസ് ) ആണ് നമ്മുടെ നായകൻ , ലോണും കടവും അനിയത്തിയുടെ പഠനവും എല്ലാം ചോദ്യ ചിഹ്നങ്ങളായി കുടുംബ പ്രാരാബ്ധങ്ങളുടെ ഭാരം ചുമലിൽ ചുമക്കുന്നവൻ , അതിനേക്കാൾ ഇത്തിരിമേലെ സ്വന്തം ബുള്ളറ്റിനോട് ഏറ്റവും കൂടുതൽ ആത്മബന്ധം ഉള്ളവൻ. കടങ്ങൾ ഇച്ചിരി വീട്ടാൻ അൽപ്പം കാശ് തടയുന്ന ഒരു ജോലി ഏറ്റെടുക്കുകയാണ് ജോസ്‌മോൻ . അമേരിക്കകാരി കാർത്തിക്ക് ഇന്ത്യ കറങ്ങുവാൻ സ്വന്തം ബുള്ളറ്റിൽ ഡ്രൈവറായി അങ്ങ് ഇറങ്ങുകയും പിന്നീട് ആയാത്രയിൽ സംഭവിക്കുന്ന കാര്യങ്ങൾ ഒക്കെ ആണ് സിനിമയുടെ കഥാപശ്ചാത്തലം.

സിനിമയുടെ തുടക്കത്തിൽ അൽപ്പം രസകരമായ രംഗങ്ങൾ ഒക്കെ തന്നെ നാം കാണുന്നുണ്ട് ചില സീനുകളിൽ , നായകന് എന്തിനും കൂട്ടായി ബേസിലും ജോജുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ. പതിവ് ക്ളീഷേ നായകൻറെ പ്രാരാബ്ധങ്ങൾ കാണിച്ചുള്ള തുടക്ക സീനുകളിൽ നിന്ന് പിന്നെ പോവുന്ന അമേരിക്കക്കാരിയും ഒത്തുള്ള റോഡ് റോഡ് ട്രിപ്പ് ആണ് , പക്ഷെ അത് പഴയ കാല സ്‌കൂളിലെ സാമൂഹ്യ പാഠം ടെക്സ്റ്റ് ബുക്കിൽ കണ്ട ഇന്ത്യൻ ഭരണഘടനാ പഠനം ആയിരുന്നു , അദ്ധ്യാപകൻ നമ്മുടെ ജോസ്‌മോനും സ്റ്റുഡന്റ് സിനിമയിലെ നായികയും പിന്നെ കണ്ടോണ്ടിരിക്കുന്ന നമ്മളും. പിന്നെ നമുക്കൊക്കെ ഊഹിക്കാൻ പറ്റുന്ന ഒരു ക്ലൈമാക്സ്.

ജോസ്‌മോൻ ആയി എത്തിയ ടോവിനോ നല്ല പ്രകടനം കാഴ്ചവച്ചു പ്രത്യേകിച്ച് മിക്കയിടങ്ങളിലും കാണുന്ന ആ സ്വതസിദ്ധമായ ചിരിയിൽ. അതില്കൂടുതൽ ഒന്നും നായകനെ കൊണ്ട് പറയാൻ ഉള്ള നല്ല പ്ലോട്ട് ഒന്നും സിനിമയിൽ ഇല്ല.

കാത്തി എന്ന നായികയായി എത്തിയ വിദേശ വനിത ജാർവിസ് കുഴപ്പമില്ലാത്ത പ്രകടനം എന്ന് പറയാം .

മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ബേസിലും ജോജുവും സിദ്ധാർഥ് ശിവയുമൊക്കെ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന രീതിയിൽ പ്രകടനം കാഴ്‌ചവച്ചു.

രണ്ട് പെൺകുട്ടികൾ , കുഞ്ഞു ദൈവം എന്നീ രണ്ട് ചിത്രങ്ങൾക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം ആണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ആദ്യത്തെ രണ്ട് ചിത്രങ്ങളും ഞാൻ കണ്ടിട്ടില്ല എന്നത് യാഥാർഥ്യം. നായകൻറെ ചുമലിലുള്ള കുടുംബ ഭാരം , ലോൺ , അനിയത്തിയുടെ പഠനം , ബുള്ളറ്റിനോടുള്ള ആത്മബന്ധം , പിന്നെ നായകൻറെ ഒരു റോഡ് ട്രിപ്പ് , അതിനേക്കാൾ ഒക്കെ അപ്പുറം നായകന്റെ ഭാരതീയ സംസ്ക്കാര ശിക്ഷണം,അങ്ങനെ എല്ലാം കൂടെ സംവിധായകൻ മിക്സ് ചെയ്തപ്പോൾ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന രീതിയിൽ ആയി മേക്കിങ്.

സിനു സിദ്ധാർത്ഥിന്റെ വിഷ്വൽസ് നന്നായി വന്നിട്ടുണ്ട്. രാജസ്ഥാനിലെ വിശ്വല്സും ചില റോഡ് ട്രിപ്പ് വിശ്വല്സും നല്ല രീതിയിൽ തന്നെ കാണാൻ കഴിഞ്ഞു.

ഗോപി സുന്ദറും , സൂരജ് എസ് കുറുപ്പും സുഷിന് ശ്യാമും എല്ലാം ചേർന്ന് സംഗീതം ഒരുക്കിയിട്ടും വീണ്ടും വീണ്ടും കേൾക്കാനോ കൊതിക്കുന്ന ഒരു ഗാനം പോലും കാണാൻ ആയില്ല എന്നത് യാഥാർഥ്യം.

കോമടിക്ക് വേണ്ടി ഒരുക്കിയ കോമഡി രംഗങ്ങൾ കണ്ടു ചിരിക്കാൻ തോന്നുകയാണേൽ നിങ്ങൾക്ക് ചിരിക്കാം. ഞാൻ ചിരിച്ചില്ല, ചിരിക്കത്തും ഇല്ല.

സിനിമ ചങ്ങായി റേറ്റിങ് : 3.5/10

NB : കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നത് സിനിമയുടെ പേര് ആകുമ്പോൾ മലയാളിക് ആ വാചകം ഏറ്റവും പ്രിയപ്പെട്ടതാവുന്നത് മഴപെയ്യുന്ന മദ്ധളം കൊട്ടുന്നു എന്ന സിനിമയിലെ ലാലേട്ടന്റെ ആ ഡയലോഗിലൂടെ ആണ് , നമുക്കൊക്കെ ഏറ്റവും പ്രിയപ്പെട്ട ഒരു നൊസ്റ്റാൾജിയ ഡയലോഗ്. പക്ഷെ ആ നൊസ്റ്റാൾജിയയോടൊന്നും സിനിമ നീതി പുലർത്തിയിട്ടേ ഇല്ല .

Leave a Reply

Your email address will not be published. Required fields are marked *