തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ ഉടന്‍ തുറക്കുമെന്ന് സൂചന. തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന് വ്യക്തമാക്കി. തിയേറ്ററുകള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ ആലോചനയിലുണ്ട്. എന്നാല്‍ ആരോഗ്യ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് സജി ചെറിയാന് പറഞ്ഞു.
സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരികയാണ് വാക്സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സീരിയല്‍ സിനിമാ ചിത്രീകരണത്തിന് നിലവില്‍ അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്നതും ആലോചിക്കാമെന്നാണ് സര്‍ക്കാറിന്റെ നിലപാട്.
നിലവില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് തിയേറ്റര്‍ ഉടമകള്‍ അനുവഭിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ചിത്രീകരണത്തിന് തയ്യാറായിട്ടുള്ള വമ്ബന്‍ സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് ഇനിയും ഹോള്‍ഡ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതുകൊണ്ടുതന്നെ തിയേറ്ററുകള്‍ തുറന്നേക്കുമെന്ന സിനിമാ മന്ത്രിയുടെ പ്രതികരണം ചലച്ചിത്ര ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്കുമെന്നതില് സംശയമില്ല.