മാധ്യമപ്രവര്ത്തകന് ഷുജാത് ബുക്കാരിയുടെ കൊലപാതകം ലഷ്കര്‍ ഇ ത്വയ്ബ ആസൂത്രണം ചെയ്തതാണന്ന് സംശയിക്കുന്നതായി ജമ്മു കശ്മീര്‍ പോലീസ്. കൊലപാതകികളെന്ന് കരുതുന്നവരുടെ ഫോട്ടോയും പുറത്ത് വിട്ടിട്ടുണ്ട്.
ജമ്മു കശ്മീര്‍ പോലീസിന് വേണ്ടി ഐജി എസ്.പി പാനിയാണ് കൊലപാതകികളുടെ ഫോട്ടോ പുറത്ത് വിട്ടത്.
ഷെയ്ഖ് സാജിദ് ഗുല്‍, അസാക്ക് അഹമ്മദ് മാലിക്ക്, നവീദ് ജാട്ട്, മുസാഫര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊലപാതകികള്‍. ഇവരില്‍ മൂന്ന് പേര് ജമ്മുകശ്മീര്‍ സ്വദേശികളും മറ്റൊരാള്‍ പാകിസ്താന്‍കാരനാണെന്നും കഴിഞ്ഞ ദിവസം പോലീസ് വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 14-ന് ആയിരുന്നു റൈസിങ് കശ്മീര്‍ എഡിറ്ററായിരുന്ന ഷുജാത് ബുക്കാരിയെ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്ന് പേര് വെടിവെച്ച് കൊന്നത്. അദ്ദേഹത്തിന് സുരക്ഷയൊരുക്കിയ മറ്റ് രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു.
തീവ്രവാദ സംഘടനകളൊന്നും ഇതുവരെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.