ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായ എം.കരുണാനിധിയുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. രാഷ്ട്രപതി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സന്ദേശങ്ങള്‍ ചുവടെ…
രാജ്യത്തിന് വലിയ നഷ്ടം: രാംനാഥ് കോവിന്ദ്
എം. കരുണാനിധിയുടെ വിയോഗത്തില്‍ അഗാധ ദുഖം രേഖപ്പെടുത്തുന്നു. തമിഴ്നാടിന്റെയും ഇന്ത്യയുടെയും വികസനത്തിന് ഒരു പോലെ സംഭാവന നല്കിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണുണ്ടാക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അഭ്യുദയ കാംക്ഷികളുടെയും ദുഖത്തില്‍ പങ്ക് ചേരുന്നു.
മുതിര്‍ന്ന നേതാവിനെ നഷ്ടമായി: നരേന്ദ്ര മോദി
കലൈഞ്ജര്‍ കരുണാനിധിയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. ആഴത്തില്‍ വേരുകളുണ്ടായിരുന്ന ഒരു മുതിര്‍ന്ന നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. സാമൂഹ്യ വികസനത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഉള്‍ക്കാഴ്ച അപാരമായിരുന്നു. ജനാധ്യപത്യ മൂല്യങ്ങളോടുള്ള ധാര്‍മിക സമീപനത്തിലും അടിയന്തരാവസ്ഥയോട് കടുത്ത എതിര്‍പ്പുയര്‍ത്തിയ നേതാവെന്ന നിലയിലും അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടേണ്ടതാണ്.
ബൃഹത്തായ രാഷ്ട്രീയ ജീവിതത്തിന് ഉടമ: അമിത് ഷാ
വളരെ ബൃഹത്തായ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു കരുണാനിധി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അതീവ ദുഖമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കരുണാനിധി അനുഭവിക്കേണ്ടി വന്ന ദുരവസ്ഥകള്‍ ആര്‍ക്കും മറക്കാന്‍ കഴിയുന്നതല്ല.
ഇന്ത്യക്ക് വലിയ പുത്രനെ നഷ്ടമായി: രാഹുല്‍ ഗാന്ധി
തമിഴ് ജനതയുടെ ശക്തനായ നേതാവായിരുന്നു കരുണാനിധി. തമിഴ് ജനത ഏറെ സ്നേഹിച്ചിരുന്ന നേതാവായിരുന്ന അദ്ദേഹം. ആറു പതിറ്റാണ്ടു കാലം അദ്ദേഹം രാഷ്ട്രീയ രംഗത്തു ശക്തനായി നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യക്ക് ഒരു വലിയ പുത്രനെയാണ് നഷ്ടമാകുന്നത്. രാജ്യത്തെ ജനങ്ങളോടൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നു.
വലിയ നഷ്ടം, അഗാധ ദുഖം: സീതാറാം യെച്ചൂരി
വ്യക്തിപരമായി രണ്ടു ദശകക്കാലത്തെ അടുപ്പമാണ് കരുണാനിധിയുമായി ഉണ്ടായിരുന്നത്. ഇന്ത്യന്‍ വൈവിധ്യത്തെക്കുറിച്ചും യുക്തിചിന്തയിലും മനുഷ്യത്വത്തിലും വലിയ ഉള്‍ക്കാഴ്ചയുള്ള നേതാവായിരുന്നു. വലിയ ഒരു വിടവ് ബാക്കി നിര്‍ത്തിയാണ് അദ്ദേഹം കടന്നു പോകുന്നത്. വലിയൊരു നഷ്ടം നന്നെയാണ്. അഗാധമായ ദുഖം രേഖപ്പെടുത്തുന്നു.
നഷ്ടമായത് പിതൃതുല്യനായ നേതാവിനെ: മമത ബാനര്‍ജി
ഇന്ത്യക്ക് ഏറ്റവും മിടുക്കനായിരുന്ന പുത്രനെ നഷ്ടമായിരിക്കുന്നു. പിതൃതുല്യനായ നേതാവിനെയാണ് തമിഴ്നാടിന് നഷ്ടമായിരിക്കുന്നത്. ഇന്ത്യ കരുണാനിധിയുടെ ദുഖത്തില്‍ രാജ്യം തന്നെ വിലപിക്കുന്നു.
രാജ്യത്തിന് വലിയ നഷ്ടം: അരവിന്ദ് കേജരിവാള്‍
കരുണാനിധിയുടെ വേര്‍പാടില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നു. വലിയൊരു നേതാവായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. രാജ്യത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
എന്റെ ജീവിതത്തിലെ കറുത്ത ദിനം: രജനീകാന്ത്
ഇന്ന് എന്റെ ജീവിതത്തിലെ കറുത്ത ദിനം. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നു.
നഷ്ടമായത് കരുത്തനായ നേതാവിനെ: പിണറായി വിജയന്
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായത്. ഭാഷാപരമായും സംസ്കാരപരമായും ഇന്ത്യയുടെ വൈവിധ്യത്തിന് എന്നും കാവല്ക്കാരനായിനിന്ന കരുണാനിധി ജാതിമതാദി വേര്‍തിരിവുകള്‍ക്കെതിരായ ഐക്യത്തിന്റെ വക്താവായി എന്നും നിലകൊണ്ടു.