കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നു കത്തു നീക്കിയതോടെ പ്രത്യേക സംഘത്തിന് അന്വേഷണ വിഷയം തന്നെ നഷ്ടമായത് പഴയ വസ്തുത; ബാര്‍ കോഴയിലും ഫയല്‍ ക്ലോസ് ചെയ്തത് തെളിവില്ലെന്ന് പറഞ്ഞ്; സോളാറും ബാറും വീണ്ടും സജീവമാക്കാന്‍ സര്‍ക്കാര്‍ നിയമോപദേശം തേടും; ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും തളയ്ക്കാന്‍ ‘പഴയ ആയുധം മൂര്‍ച്ച കൂട്ടാന്‍’ ഇടതു സര്‍ക്കാര്‍

politics

തിരുവനന്തപുരം: സോളര്‍ കേസ് വീണ്ടും പൊടി തട്ടിയെടുക്കാന്‍ സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടും. ബാര്‍ കോഴക്കേസും പുനരന്വേഷിക്കാനാണ് നീക്കം. ഇതിനുള്ള തടസ്സങ്ങള്‍ നീക്കാനാണ് നിയമോപദേശം തേടുന്നത്. അതിനിടെ സോളാര്‍ കേസില്‍ അന്വേഷണത്തോട് പല പൊലീസ് ഉദ്യോഗസ്ഥര്‍ക്കും താല്‍പ്പര്യക്കുറവുണ്ട്. ബാര്‍ കോഴയിലെ നടപടികളും ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായതാണെന്നും അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ കേസ് ഫയല്‍ തുറക്കാന്‍ ഉദ്യോഗസ്ഥര്‍ മടികാണിക്കുന്നു. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടല്‍.

ബാര്‍ കേസില്‍ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പേരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്മന്ത്രിമാരായ വി എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധനയ്ക്കാണു നീക്കം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ കേസിലും അതിവേഗ നടപടിയുണ്ടാകും. എംഎല്‍എമാരായ പി.ടി. തോമസ്, കെ.എം. ഷാജി, വി.ഡി. സതീശന്‍ തുടങ്ങിയവര്‍ക്കും അന്വേഷണം വരും. ഇതില്‍ ഏറ്റവും പ്രധാനം സോളാര്‍ കേസാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെയാണ് ലക്ഷ്യമിടുന്നത്. ഈ കേസുകള്‍ വീണ്ടും പരിശോധിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ തേടുന്നത്.

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാതിക്കാരിയുടെ പ്രത്യേക പരാതിയില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. പരാതിക്കാരിയുടെ കത്ത് അടിസ്ഥാനമാക്കി കേസെടുക്കുന്നതില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്കു തുടരുന്നതിനാല്‍ അതു മറികടക്കാനാണു പുതിയ അന്വേഷണ നീക്കം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി അനുവദിച്ചുള്ള ജസ്റ്റിസ് എ.കെ. ജയശങ്കര്‍ നമ്ബ്യാരുടെ ഉത്തരവിലാണു കേസെടുക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് നിയമോപദേശം തേടല്‍. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കോടതി നീക്കിയെങ്കിലും നേരത്തേ കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടു ധാര്‍മികത പുലര്‍ത്തി വേണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ അതിവേഗ നടപടികള്‍ തിരിച്ചടിയാകും.

പരാതിക്കാരിയുടെ കത്തിന്റെ ഉള്ളടക്കത്തിന് കമ്മിഷന്റെ അന്വേഷണ വിഷയങ്ങളുമായി ബന്ധമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. കത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടി പാടില്ലെന്നും വിധിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിന്നു കത്തു നീക്കിയതോടെ ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന് അന്വേഷണ വിഷയം തന്നെ ഇല്ലാതായി. ഹൈക്കോടതി വിധിയില്‍ ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം തേടിയെങ്കിലും തെളിവുകളില്ലാതെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ല എന്നായിരുന്നു ഉപദേശം. പിന്നീട് ഹൈക്കോടതി ഉത്തരവു മറികടക്കാനാണു പരാതിക്കാരിയില്‍ നിന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രത്യേക പരാതി എഴുതി വാങ്ങി മറ്റൊരു കേസിന് എഫ്‌ഐആര്‍ ഇട്ടത്. എന്നാല്‍ തെളിവുകളില്ലാത്തതിനാല്‍ അതിലുള്ള അന്വേഷണം മുന്നോട്ടു പോയില്ല. ഈ സാഹചര്യത്തില്‍ നിയമോപദേശം വാങ്ങി അന്വേഷണം വീണ്ടും സജീവമാക്കാനാണ് നീക്കം.

സ്വര്‍ണ്ണ കടത്തിലെ പ്രതിസന്ധി മറികടക്കാന്‍ ഇനി ബാര്‍ കോഴ സജീവമാക്കാനാണ് ആലോചന. ബാര്‍ കോഴയില്‍ കെഎം മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുകയും തെളിവില്ലാ എന്ന് പറഞ്ഞ് കേസ് അവസാനിപ്പിച്ചതുമാണ്. ഈ കേസ് വീണ്ടും സജീവമാക്കാനാണ് നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്കെതിരെയാകും ബാര്‍ കോഴയിലെ കുരുക്ക് എത്തുക. ബാര്‍ മുതലാളി ബിജു രമേശിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കാന്‍ സിപിഎം പ്രയോഗിക്കുക. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ വിജിലന്‍സ് കേസിനുള്ള സാഹചര്യമാകും സിപിഎം ഒരുക്കുക.

ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനുമെതിരെ വിജിലന്‍സില്‍ പരാതി എത്തിയിട്ടുണ്ട്. ബാര്‍ കോഴയില്‍ കെ എം മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. വീണ്ടും ആരോപണമെത്തിയാലും മാണിക്ക് ഒന്നും സംഭവിക്കില്ല. മരിച്ചു പോയ നേതാവിനെതിരെ കേസെടുക്കാനും കഴിയില്ല. അതുകൊണ്ട് ഇടതു പക്ഷത്തേക്ക് എത്തിയ കേരളാ കോണ്‍ഗ്രസിലെ ജോസ് കെ മാണിയും കൂട്ടര്‍ക്കും ഈ നീക്കത്തില്‍ എതിര്‍പ്പുമില്ല. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ബാര്‍ കോഴയിലെ കേരളാ കോണ്‍ഗ്രസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നതെന്നും സൂചനയുണ്ട്. ഉടന്‍ ബിജു രമേശ് വീണ്ടും പ്രതികരണവുമായെത്തി. ഇതും സിപിഎം കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും പണം കൊടുത്തുവെന്ന് വീണ്ടും ആവര്‍ത്തിച്ചത് രാഷ്ട്രീയ നേട്ടം മാത്രം പ്രതീക്ഷിക്കുന്ന സിപിഎമ്മിന് പുതിയൊരു ആയുധമാകുകയായിരുന്നു.

സ്വര്‍ണ്ണ കടത്തിലും ലൈഫ് മിഷനിലും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് പ്രതിപക്ഷം ആരോപണവുമായി നിറഞ്ഞത്. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും സര്‍ക്കാരിന് തിരിച്ചടിയായി. അങ്ങനെ പ്രതിപക്ഷം നേടിയ മുന്‍തൂക്കം തകര്‍ക്കാനാണ് നീക്കം. കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് പണം നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ പരാതി കിട്ടിയാല്‍ ഉടന്‍ തന്നെ നടപടികള്‍ തുടങ്ങും. ആദ്യം ബിജു രമേശിന്റെ മൊഴി എടുക്കും.

മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ പറഞ്ഞത് വീണ്ടും ബിജു ആവര്‍ത്തിക്കേണ്ട അവസ്ഥയും വരും. താന്‍ നേരിട്ടു പണം കൊടുത്തതായും ബിജു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കേസ് നിലനില്‍ക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അധികാരത്തില്‍ തിരിച്ചെത്താന്‍ വെമ്ബുന്ന സിപിഎമ്മിന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ പുതിയ തലത്തിലെത്തിക്കാനും ഇതിലൂടെ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *