കനത്ത മഴ ;പരീക്ഷകൾ മാറ്റി

home-slider kerala news

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മദ്ധ്യ കേരളത്തിലെ ജനങ്ങള്‍ ദുരിതത്തില്‍ തന്നെ. കടകളിലും വീടുകളിലുമെല്ലാം വെള്ളം നിറഞ്ഞ നിലയിലാണ്. വെള്ളം ഉയരുന്നതിന് അനുസരിച്ച്‌ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണു അധികൃതര്‍. ഇതുവരെ തുറന്ന 111 ക്യാംപുകളിലായി 22,061 പേരാണു കഴിയുന്നത്. മഴ കനത്തതോടെ നിരവധി ബസ് സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.

അതിനിടെ കോട്ടയത്ത് വീണ്ടും മഴ കനത്തതോടെ എം.ജി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പാല, കോട്ടയം, കുമരകം, ഏറ്റുമാനൂര്‍, കുറുവിലങ്ങാട്, വെെക്കം, ചങ്ങനാശേരി മേഖലകള്‍ വെള്ളക്കെട്ടിലാണ്. മിക്ക റൂട്ടുകളിലും ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ആലപ്പുഴയിലും സ്ഥിതി വ്യത്യസ്ഥമല്ല. വെള്ളം കയറിയതോടെ കെ.എസ്.ആര്‍.ടി.സി അടക്കമുള്ള വാഹനങ്ങള്‍ സര്‍‌വീസ് നടത്തുന്നില്ല.

അതേസമയം, രണ്ടു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നു മാത്രം രണ്ടുപേര്‍ മരിച്ചു. മലപ്പുറത്ത് ഒരാള്‍ ഷോക്കേറ്റും കോട്ടയത്ത് ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണ് കേരളത്തില്‍ കനത്ത മഴയ്‌ക്ക് കാരണമായത്. കേരളതീരത്തും കടലിലും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാദ്ധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *