കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ ഗട്ടറില്‍ വീണു ബൈക്ക് മറിഞ്ഞു; തലയ്ക്കു മുകളിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം

home-slider indian

 

മുംബൈ: ( 09.07.2018) കനത്ത മഴയെ തുടര്‍ന്ന് ബൈക്ക് റോഡിലെ വെള്ളം നിറഞ്ഞ ഗട്ടറില്‍ മറിഞ്ഞ് വീണ് തലയ്ക്കു മുകളിലൂടെ ബസിന്റെ ടയര്‍ കയറിയിറങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം. കല്യാണിലെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയായ മനീഷ ഭോയിറാ(40) ണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മഹാരാഷ്ട്രയിലെ കല്യാണ്‍ താനെ ജില്ലയിലെ ശിവാജി ചൗക്കിലാണ് സംഭവം.

കനത്ത മഴയില്‍ റോഡിലെ ഗട്ടറില്‍ വീണ് ബൈക്ക് ചരിഞ്ഞതോടെ പിന്നിലിരുന്ന മനീഷ അടുത്തു കൂടി കടന്നുപോയ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കനത്ത മഴയ്ക്കിടെ റോഡിലൂടെ ബൈക്കിന് പിന്നില്‍ കുട ചൂടി മനീഷ യാത്ര ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. യാത്രയ്ക്കിടെ ഗട്ടറില്‍ വീണ ബൈക്ക് ചരിഞ്ഞ് മനീഷ ബസിനടിയിലേക്ക് വീഴുകയായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബന്ധുവിനൊപ്പം ബൈക്കില്‍ മടങ്ങുന്നതിനിടെയാണ് അപകടം. ബൈക്ക് ഓടിച്ച ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്.

അതേസമയം അപകടം നടന്ന ഉടന്‍ ബസിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചു. മഹാത്മാ ഫൂലെ പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി ലോന്തി സംഭവത്തെ കുറിച്ച്‌ പറയുന്നത് ഇങ്ങനെയാണ്;

കനത്ത മഴയില്‍ ഗട്ടറിനടുത്ത് വെച്ച്‌ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതിനിടെയാണ് ബൈക്ക് റോഡിലെ ഗട്ടറില്‍ ചരിഞ്ഞ് വീണത്. ഇതോടെ ബൈക്കിലുണ്ടായിരുന്ന യാത്രക്കാരും ഗട്ടറിലേക്ക് വീണു. ഇതിനിടെ നിയന്ത്രണം വിട്ട ബസിന്റെ ടയര്‍ മനീഷയുടെ തലയ്ക്ക് മുകളിലൂടെ കയറിയിറങ്ങി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് അപ്പോഴേക്കും മനീഷ മരിച്ചിരുന്നു.

സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ഐ പി സി നിയമപ്രകാരവും മോട്ടോര്‍ വെഹിക്കിള്‍ ആക്‌ട് പ്രകാരവും പോലീസ് കേസെടുത്തു. ഡ്രൈവറെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഞായറാഴ്ച ഗട്ടറിലെ കുഴികള്‍ അടച്ചു.

അതേസമയം, ഒരാഴ്ചയായി കനത്ത മഴ തുടരുന്ന മുംബൈയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. തീവണ്ടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഈ ആഴ്ച രണ്ടാംതവണയാണ് മഴയെത്തുടര്‍ന്ന് തീവണ്ടി ഗതാഗതം തടസപ്പെടുന്നത്. തിങ്കളാഴ്ച തുടങ്ങിയ മഴ ഇടയ്ക്ക് കുറഞ്ഞെങ്കിലും ശനിയാഴ്ച വീണ്ടും കനത്തു. കഴിഞ്ഞ തിങ്കളാഴ്ച പെയ്ത കനത്ത മഴയില്‍ അന്ധേരിയിലെ റെയില്‍വേ മേല്‍നടപ്പാലം തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാള്‍ കഴിഞ്ഞദിവസം മരിച്ചു.

കല്യാണ്‍ മേഖല ശക്തമായ മഴയില്‍ വെള്ളത്തിനടിയിലായി. ഉല്ലാസ് നദിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിത്തല്‍വാടിക്കും കല്യാണിനുമിടയില്‍ റെയില്‍ പാളത്തില്‍ വെള്ളം കയറി. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മുംബൈയ്ക്ക് പുറമേ കൊങ്കണ്‍, ഗോവ, പാല്‍ഘര്‍, നാഗ്പൂര്‍ എന്നിവിടങ്ങളിലും കാലവര്‍ഷം ശക്തമായി. ബുധനാഴ്ചവരെ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മഴ തുടരാനാണ് സാധ്യത.; encrypted-media” allowfullscreen></iframe>

Leave a Reply

Your email address will not be published. Required fields are marked *