കനത്ത മഴയെ അവഗണിച്ച വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചപ്പോള്‍ ചെങ്ങന്നൂരില്‍ റെക്കോര്‍ഡ് പോളിങ്. 76.27 ആണ് പോളിങ് ശതമാനം. തിങ്കളാഴ്ച രാവിലെ ഏഴിന് പോളിങ് ആരംഭിച്ച് ഒരു മണിക്കൂറിനകം എത്തിയ മഴ വോട്ടെടുപ്പ് അവസാനിക്കുന്ന വൈകിട്ട് ആറ് വരെ തുടര്‍ന്നിട്ടും ഓരോ മണിക്കൂറിലും പോളിങ് ശതമാനം കുതിച്ചുകൊണ്ടിരുന്നു.
ആകെ 152035 വോട്ട് പോള്‍ ചെയ്തപ്പോള്‍ അതില്‍ 83536 സ്ത്രീ വോട്ടര്‍മാരും 68499 പുരുഷ വോട്ടര്‍മാരുമാണ്. പുരുഷന്മാരുടെ വോട്ടിങ് ശതമാനം 73.72 ആയപ്പോള്‍ 78.495 ശതമാനമാണ് സ്ത്രീകളുടെ പോളിങ്. പുരുഷന്മാരെക്കാള് പോളിങ് ശതമാനത്തില്‍ ഏറെ മുന്നിലാണ് സ്ത്രീകള്‍. വോട്ടര്‍പട്ടികയില്‍ 199340 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 92919 പേര് പുരുഷന്മാരും 106421 സ്ത്രീകളുമാണ് . തിരഞ്ഞെടുപ്പ് പൂര്‍ണമായി അവസാനിച്ചത് രാത്രി എട്ടുമണിയോടെയാണ്.
2009 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ പോളിങ്ങാണ് ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ പോളിങ് ശതമാനം 74.36 ആയിരുന്നു. അന്നുണ്ടായിരുന്ന 195493 വോട്ടര്‍മാരില്‍ 143363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അന്നു ജില്ലയിലെ ശരാശരി പോളിങ് 79.88 ശതമാനമായിരുന്നു. 2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവും ജില്ലയിലെ ശരാശരി 76.83 ശതമാനവുമായിരുന്നു.
‘യെസ് ഐ ഡിഡ്’ എന്നെഴുതിയ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാന്‍ ധാരാളം കന്നിവോട്ടര്‍മാരും എത്തി. വോട്ടിങ് യന്ത്രങ്ങള്‍ രാത്രി എട്ടോടെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിച്ചു. 31ന് രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും.
അതെ സമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വിജയിക്കുമെന്ന് സര്‍വ്വേ ഫലം.
സ്വതന്ത്ര ശാസ്ത്ര കൂട്ടായ്മയായ സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ് നടത്തിയ പ്രീ പോള്‍ സര്‍വ്വേയിലാണ് എല്‍ഡിഎഫിന് വിജയം പ്രവചിക്കുന്നത്.
വോട്ടെടുപ്പിന് തൊട്ടുമുന്‍പ് നടത്തിയ സര്‍വ്വേയില്‍ എല്‍ഡിഎഫിന് 39.8 മുതല്‍ 44.2 ശതമാനം വരെ വോട്ട് കിട്ടുമെന്നാണ് കണ്ടെത്തല്‍. യുഡിഎഫിന് 31.8 മുതല്‍ 36.2 ശതമാനം വരെ വോട്ട് ലഭിക്കും. 16.5 മുതല്‍ 21.5 ശതമാനം വരെ വോട്ടുകളാണ് ബിജെപിക്ക് ലഭിക്കുക.
ആകെയുള്ള 11 പഞ്ചായത്തുകളില്‍ 7 പഞ്ചായത്തുകള്‍ എല്‍ഡിഎഫിന് ലഭിക്കും. വെണ്മണി, ചെറിയനാട്, ചെന്നിത്തല, ബുധനൂര്‍, പുലിയൂര്, ആല, മുളക്കുഴ എന്നീ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് സാധ്യത.
തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുക. ബിജെപിക്ക് ഒരു പഞ്ചായത്തിലും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സര്‍വ്വേ കണ്ടെത്തല്‍.
മാന്നാര്‍, പാണ്ടനാട്, ചെങ്ങന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണെന്ന് സര്‍വ്വേ പ്രവചിക്കുന്നു.
82 പോളിംഗ് ബൂത്തുകളില്‍ നിന്ന് 2050 പേരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വെ തയ്യാറാക്കിയത്.