കണ്ണൂരിൽ ഷുഹൈബ് വധക്കേസില്‍ സംഘർഷാവസ്ഥ നിലനിൽക്കെ വീണ്ടും അക്രമം , കൂത്തുപറമ്ബില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
കതിരൂര്‍ സ്വദേശി ഷാജനെ(40)യാണ് ആര്‍എസ്‌എസ് അക്രമികള്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. പുലര്‍ച്ചെ അഞ്ചിന് ഷാജന്‍ പാല്‍ വിതരണം ചെയ്യുമ്ബോഴായിരുന്നു അക്രമം. നീര്‍വേലിയിലെ ശ്രീരാമ ക്ഷേത്രപരിസരത്ത് വച്ചു ഷാജന്‍ സഞ്ചരിച്ച ബൈക് മറിച്ചിട്ട് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സിപിഎം ആസൂത്രണം ചെയ്ത കൊലപാതകമെന്ന ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്.
അതേസമയം സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം മറ്റൊരു വിവാദത്തിലേക്കാണ് വഴിവെക്കുന്നത് . സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുമ്ബോള്‍ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു എന്നു പറഞ്ഞ് പി ജയരാജന്‍ രംഗത്തെത്തി. ഷാജിയെ നീര്‍വേലിയില്‍ വെച്ച് ഇന്ന് രാവിലെയുണ്ടായ ആക്രമണം ചൂണ്ടിക്കാട്ടിയാണ് പി ജയരാജന്റെ പ്രതികരണം. ഇത്തരം ആക്രമണങ്ങളെല്ലാം മാധ്യമങ്ങള്‍ മനഃപൂര്‍വം തിരസ്കരിക്കുകയാണ് കണ്ണൂരിലെ ശുഹൈബിന്റെ മരണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും പി ജയരാജന്‍ തന്റെ ഫേസ്ബുക് പേജില്‍ പറഞ്ഞു
പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ:
പാട്യം ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിലെ പാല്‍വില്പനക്കാരന്‍ കിഴക്കേ കതിരൂരിലെ ഷാജനെ നീര്‍വേലിയില്‍ വെച്ച് ആര്‍എസ്‌എസ് ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു.ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷാജനെ കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ഒരു പെറ്റി കേസില്‍ പോലും പ്രതിയല്ലാത്ത ഷാജനെ എന്തിനാണ് ഇത്തരമൊരു നിഷ്ഠൂരമായ ആക്രമണത്തിന് വിധേയനാക്കിയതെന്ന് ആര്‍എസ്‌എസ് നേതൃത്വം വ്യക്തമാക്കണം. കഴിഞ്ഞ കുറച്ച് നാളുകളായി കണ്ണൂരിന്‍ കലാപഭൂമിയാക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.നിരവധി സിപിഐ എം പ്രവര്‍ത്തകരെയാണ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സിപിഐ എം സംയമനം പാലിച്ചതുകൊണ്ട് മാത്രമാണ് ജില്ലയില്‍ തുടര്‍സംഘര്‍ഷങ്ങള്‍ ഉണ്ടാവാതിരുന്നത്.
എടയന്നൂരില്‍ നടന്ന ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തെ മുന്‍നിര്‍ത്തി വലതുപക്ഷ മാധ്യമങ്ങളും എതിരാളികളും പാര്‍ട്ടിക്കെതിരെ പച്ച കള്ളം പ്രചരിപ്പിക്കുകയാണ്.ആ സംഭവത്തില്‍ സിപിഐ എംന് പങ്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും അന്ന് തന്നെ വ്യക്തമാക്കിയതാണ്.എന്നാല്‍ ഈ സംഭവത്തെ മുന്‍നിര്‍ത്തി സംഘടിതമായ ആക്രമണം നടത്തുന്നവര്‍ സിപിഐ എം നെതിരെ നടക്കുന്ന ആക്രമണങ്ങളെ സൗകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്.അപകടകരമായ പ്രവണതയാണിത്.
എതിരാളികള്‍ക്ക് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രോല്‍സാഹനം നല്‍കുന്ന തരത്തിലാണ് ചില മാധ്യമങ്ങളുടെ ഇടപെടല്‍.വലതുപക്ഷ മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണമെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.