സംവിധായകൻ ആവർത്തിച്ചാവർത്തിച്ചു പ്രഖ്യാപിച്ച പോലെ തന്നെ ഈ സിനിമ ആസ്പദമാക്കിയത് ചരിത്രത്തെ അല്ല ; മാലിക് മുഹമ്മദ് ജയാസിയുടെ ഇതിഹാസകാവ്യമായ പദ്മാവതിനെയാണ്.
കഥാഗതി പൂർണമായും ചരിത്രവസ്തുതകളേക്കാൾ പദ്മാവതിനോട് കടപ്പെട്ടിരിക്കുന്നു.
ഒരു മധ്യകാല കാവ്യത്തെ ആസ്പദമാക്കിയത് കൊണ്ട് തന്നെ സിനിമയിൽ മുഴുനീളം അനുഭവപ്പെടുന്ന പതിഞ്ഞ താളത്തിലുള്ള ഡയറക്റ്റ് ആഖ്യാനരീതിക്ക് നമ്മളിലെ ആധുനിക സിനിമാ ആസ്വാദനശേഷിയെ തൃപ്തിപ്പെടുത്തതാൻ സിനിമയുടെ മുക്കാൽ പങ്കിനും കഴിയുന്നില്ല.
മഹാഭാരതമോ രാമായണമോ സീരിയൽ / സിനിമ ആയി കാണുന്ന പ്രതീതിയിൽ വേണം പദ്മാവത് കണ്ടിരിക്കാൻ.
വിവാദങ്ങളുണ്ടായ പോലെ രാജ്പുത് പ്രൈഡിനെ ബാധിക്കുന്ന ഒന്നും പദ്മാവതിയിലില്ല. തീയേറ്റർ കത്തിക്കാൻ നടന്ന ഏതെങ്കിലും കർണി സേനക്കാരൻ സിനിമ കാണേണ്ടി വന്നാൽ ആദ്യാവസാനം രോമാഞ്ചം അനുഭവപ്പെടുന്ന രീതിയിൽ രജപുത്രവീര്യഘോഷണം തന്നെയാണ് അടിമുടി ഈ സിനിമ.
സിനിമയുടെ ഫ്രയിമുകൾ, സിനിമാറ്റോഗ്രഫി, ശബ്ദമിശ്രണം എല്ലാം ലോകോത്തരമാണ്. ബാജിറാവു മസ്താനിയിലൊക്കെ കണ്ട ബൻസാലി മാജിക്ക് ഇവിടെയും കാണാം.
കഥാപാത്രസൃഷ്ടി, സംഭാഷണം എന്നിവയും മികച്ചു തന്നെ നിൽക്കുന്നു. രണ്ടാം പകുതിയിൽ അനാവശ്യവസരത്തിൽ ഉള്ള ഒരു ഗാനരംഗം ഒഴിച്ച് നിർത്തിയാൽ സിനിമയുടെ സൗണ്ട് ട്രാക്കും മികവുറ്റതാണ്.
രാജസ്ഥാനിലെ നാടോടി സംഗീതമൊക്കെ മനോഹരമായി തന്നെ ഉപയോഗിച്ചിരിക്കുന്നു.
സിനിമ ആദ്യാവസാനം രൺവീർ ഷോ തന്നെയാണ്. കഥാപാത്രതാദാത്മ്യം പരമാവധി പുലർത്തിക്കൊണ്ടുള്ള ഫുൾ എനർജെറ്റിക് പ്രകടനം.
പദ്മാവതിയായി ദീപികയും മികച്ച പ്രകടനം കാഴ്ചവെച്ചു. പക്ഷെ ചില രംഗങ്ങളിൽ, പ്രത്യേകിച്ച് റൊമാന്റിക് രംഗങ്ങളിൽ മസ്താനിയിൽ നിന്ന് വിട്ടു മാറാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. ക്ളൈമാക്സിലെ യുദ്ധരംഗം ഒഴിച്ച് നിർത്തിയാൽ ഷാഹിദിന്റെ കഥാപാത്രത്തിനു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നുവെങ്കിലും രത്തൻ സിങിന്റെ പ്രൗഢ-വീര്യ സ്വഭാവം ആവിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
സിനിമയിൽ എടുത്ത് പറയണ്ട മറ്റു രണ്ടു പ്രകടനങ്ങൾ അദിതി റാവു ഹൈദരിയുടെ മെഹ്റുന്നിസയും ജിം സാറാബിന്റെ മാലിക് ഗഫൂറും ആണ്.
പദ്മാവതിയെ പോലും മറച്ചുപിടിക്കുന്ന രീതിയിൽ പലപ്പോഴും മെഹ്രുവിന്റെ കലങ്ങിയ കണ്ണുകൾ നമ്മെ ഹോണ്ട്് ചെയ്യും. അദിതി അസാധ്യ പ്രകടനം തന്നെ ആയിരുന്നു.
ഇന്ത്യ ചരിത്രത്തിൽ കുപ്രസിദ്ദി നേടിയ മാലിക് ഗഫൂറിന്റെ സ്വഭാവത്തോടു കൂറ് പുലർത്താൻ സിനിമയിലെ കഥാപാത്രത്തിനു അത്ര കഴിഞ്ഞില്ലെങ്കിലും ഖിൽജിയോടുള്ള സ്വവർഗപ്രേമം നന്നായി തന്നെ അവതരിപ്പിക്കാൻ ജിം സാറാബിനു കഴിഞ്ഞു.
സിനിമയിലെ യുദ്ധരംഗങ്ങൾ ടെക്നിക്കലിയും വിഷ്വലൈസേഷനിലും മികവുറ്റത് തന്നെയാണ്.
ബാഹുബലിയിലെതൊക്കെ പോലെ അമര്ചിത്രകഥ മോഡൽ യുദ്ധരംഗങ്ങൾ ക്രിയേറ്റ് ചെയ്യാതെ മീഡിയം ലെവൽ കാവൽറി, ടർക്കിഷ് മോഡൽ പീരങ്കി (ഇന്ത്യയിൽ വെടിമരുന്ന് ആദ്യമായി വരുന്നത് 1ആം പാനിപ്പത്ത് യുദ്ധകാലത്താണ് – 16ആം നൂറ്റാണ്ടിൽ?) ചിത്രീകരിച്ചിരിക്കുന്നു.
സേനാനായകൻ മരിച്ചുവീണാൽ പിന്തിരിഞ്ഞോടുന്ന രാജ്പുത്തുകളുടെ പതിവ് സിനിമയിൽ രണ്ടു യുദ്ധരംഗങ്ങളിലും സംവിധായകൻ തെറ്റിച്ചിരിക്കുന്നു.
സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തരെയും ഹോണ്ട് ചെയ്യുന്നത് ക്ളൈമാക്സ് തന്നെയാണ്. ഈ അടുത്ത കാലത്ത് കണ്ട സിനിമകളിൽ ഒരു താരതമ്യത്തിനും കഴിയാത്ത, ‘വേറെ ലെവൽ’ ക്ളൈമാക്സ്. പൊളിറ്റിക്കൽ ഇൻകറക്ട്നെസ് ആണെങ്കിലും പോലും 14ആം നൂറ്റാണ്ടിലെ ആ ജൗഹർ നമ്മളോരോരുത്തരുടേയും കണ്ണുകളിൽ നിന്നു കത്തുക തന്നെ ചെയ്യും!!
പീരിയഡ് ഡ്രാമകൾ ഇഷ്ടപ്പെടുന്നവർ ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്ത, എല്ലാ സിനിമാസ്വാദകർക്കും കണ്ടിരിക്കുന്ന മറ്റൊരു ബൻസാലി മാജിക്ക്, അതാണ് പദ്മാവത്!
3.25/5
credits- JISHNU