കണ്ടിട്ടും കാണാത്ത മട്ടില്‍ സഗൗരവം പിണറായി; സൗഹൃദം കാട്ടാന്‍ മടിച്ച്‌ മറ്റ് നേതാക്കളും; മുഖ്യമന്ത്രിയെ സ്വീകരിക്കാനും ജന്മനാട്ടിലേക്ക് ആനയിക്കാനും എത്തിയിട്ടും മഞ്ഞുരുകിയില്ല; ഗുഡ് ബുക്കില്‍ ഇടമില്ലാതെ പി ജയരാജന്‍: കണ്ണൂരിലെ ചെന്താരകത്തിന് പാര്‍ട്ടി വിധിക്കുന്നത് രാഷ്ട്രീയ അസ്തമയം തന്നെ

home-slider kerala ldf news politics

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട പി.ജയരാജന്‍ മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ വിയര്‍ക്കുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാനും ജന്മനാട്ടിലേക്ക് ആനയിക്കാനും പി.ജെ മുന്‍പന്തിയിലുണ്ടായിരുന്നുവെങ്കിലും നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമിടെയില്‍ തിരിച്ചറിയാത്ത ഒരു മുഖമായി ജയരാജന്‍ മാറുകയായിരുന്നു.

സിപിഎമ്മിലെ ഏക ഛത്രപതിയായ പിണറായി ഒരു കാലത്ത് തന്റെ വലം കൈയായിരുന്ന പി.ജയരാജനെ കണ്ട ഭാവം പോലും നടിച്ചില്ല. മുന്‍ മന്ത്രി പി.കെ ശ്രീമതിയുള്‍പ്പെടെയുള്ള ഏതാനും നേതാക്കളൊഴികെ മറ്റുള്ളവര്‍ ജയരാജനോട് പരസ്യ സൗഹൃദത്തിന് പോലും മടിക്കുകയാണ്. പിണറായി വിഭാഗത്തിലെ പ്രധാനിയായി മാറാന്‍ വീണ്ടും പി.ജെ മുഖ്യമന്ത്രിയുമായുള്ള ബന്ധത്തിന്റെ മഞ്ഞുരുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതൊന്നും ഏല്‍ക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

തലശേരി ഏരിയാ കമ്മിറ്റി ഓഫിസായ സി.എച്ച്‌ മന്ദിരത്തിന്റെ നവീകരണ ഉദ്ഘാടനത്തിന് മുഖ്യ യന്ത്രിയോടൊപ്പം ജയരാജന്‍ വേദി പങ്കിടുന്നുണ്ടെങ്കിലും അവിടെ കാരായി രാജനും എ.എന്‍ ഷംസീറിനുമെല്ലാമാണ് മുന്‍തൂക്കം ലഭിക്കുക. ഇതോടെ വരുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ നിലനില്‍പ്പിനുമുള്ള പോരാട്ടത്തിലാണ് പാര്‍ട്ടിക്കായി ഒരു പുരുഷായുസ് മുഴുവന്‍ സമര്‍പ്പിച്ച പി.ജെ.

എഴുപത് പിന്നിട്ട പി.ജയരാജന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ ആരാധകര്‍ക്കു പോലും മങ്ങുകയാണ്. എര്‍ണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നു തന്നെ പി.ജെഒഴിവാക്കപ്പെടുമെന്നാണ് സിപിഎമ്മില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. കണ്ണുരില്‍ നവാഗത സംസ്ഥാന കമ്മിറ്റി അംഗങ്ങളായി വത്സന്‍ പനോളിയും എന്‍.ചന്ദ്രനും വരാനാണ് സാധ്യത.

കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് വത്സന്‍ കര്‍ഷക തൊഴിലാളി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് എന്‍.ചന്ദ്രന്‍. ഇതു കൂടാതെ കാരായി രാജനും പുതുതായി കണ്ണൂരില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലേക്ക് എന്‍ട്രി പ്രതിക്ഷിക്കുന്ന നേതാവാണ്. കഴിഞ്ഞ കുറെക്കാലമായി എം.വി ആറിനും ഗൗരിയമ്മയ്ക്കും സമാനമായി പാര്‍ട്ടിയില്‍ നിന്നും ഒതുക്കല്‍ നേടുന്ന നേതാവാണ് പി.ജയരാജന്‍.

പി.ജെ.ആര്‍മിക്കുള്ള വിലക്കിനും പ്രവര്‍ത്തകര്‍ക്കെതിരെയുള്ള തുടര്‍ച്ചയായ നടപടികള്‍ക്കും പിന്നാലെ സംസ്ഥാന സമിതിയില്‍ നിന്നുള്ള താക്കീത് കൂടിയായതോടെ പി.ജയരാജന്‍ സിപിഎമ്മില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. ദീര്‍ഘകാലം കണ്ണൂരില്‍ സിപിഎമ്മിന്റെ അവസാന വാക്കായിരുന്ന ഇദ്ദേഹം, പാര്‍ട്ടി ചുമതലകളില്ലാതെ വര്‍ഷങ്ങളായി ഒതുക്കപ്പെട്ട ജയരാജന് സംസ്ഥാന – ജില്ലാ നേതൃയോഗങ്ങളില്‍ പങ്കെടുക്കേണ്ട ചുമതലകള്‍ മാത്രമേയുള്ളു.പാര്‍ട്ടി പരിപാടികളിലും വര്‍ഗ ബഹുജന സംഘടനാ സമ്മേളനങ്ങളിലും അദ്ദേഹത്തെ വിളിക്കുന്നതും കുറവാണ്.

പാര്‍ട്ടി നടപടി ഭയന്ന് അണികളും പ്രാദേശിക നേതാക്കളും പി.ജെയോട് ഇപ്പോള്‍ അകലം പാലിച്ചു തുടങ്ങിയിട്ടുണ്ട് ഇ.കെ.നായനാര്‍ക്ക് ശേഷം കണ്ണൂരില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുള്ള നേതാവായിരുന്നു ജയരാജന്‍. ഈ സ്വാധീനം വ്യക്തിപൂജയിലേക്കെത്തുകയും പാര്‍ട്ടി ചട്ടക്കുടിന് അപ്പുറത്തേക്ക് വളരാന്‍ ശ്രമിച്ചതുമാണ് ഇദ്ദേഹത്തിന് വിനയായത്. ആര്‍എസ്‌എസ് ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടു വന്നതും മറ്റ് നേതാക്കളെക്കാളുപരി ലളിത ജീവിതം നയിച്ചതും, താഴെക്കിടയിലുള്ള പ്രവര്‍ത്തകരുമായി ആത്മബന്ധം സ്ഥാപിച്ചതുമൊക്കെയാണ് ജയരാജനെ അണികള്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത്.

എന്നാല്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ നടത്തിയ വ്യക്തിപൂജയുമായി ബന്ധപ്പെട്ട് നടത്തിയ ചില പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. തുടര്‍ച്ചയായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഭരണത്തിന്റെ പ്രതിച്ഛായക്കു പോലും മങ്ങലേല്‍പ്പിക്കുന്ന വിധത്തില്‍ വളര്‍ന്നതോടെയാണ് ജയരാജനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നും നീക്കമാരംഭിച്ചത്. കണ്ണൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന വേളയില്‍ പോലും രാഷ്ടീയ കൊലപാതകം നടന്നതും ബിജെപി ഇത് രാഷ്ടീയ ആയുധമാക്കിയതും ഒന്നാം പിണറായി സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ടിക്കറ്റ് നല്‍കി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ ജയരാജന് ഇതിന് ശേഷം ഒരു പദവിയും പാര്‍ട്ടി നല്‍കിയില്ല. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളിലും അവസരം ലഭിച്ചില്ല.ജയരാജനൊപ്പം കോട്ടയത്ത് മത്സരിച്ച വി.എന്‍.വാസവന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ല സെക്രട്ടറി സ്ഥാനത്ത് മടങ്ങിയെത്തുകയും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ മന്ത്രിയാവുകയും ചെയ്തു.

സ്ഥാനമാനങ്ങളില്ലങ്കിലും പി.ജെ.ആര്‍മിയിലൂടെ പ്രവര്‍ത്തകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നിന്നിരുന്നുവെങ്കിലും രാഷ്ടീയ വിവാദങ്ങളുണ്ടായതോടെ പി.ജെ.ആര്‍മി ക്ക് പാര്‍ട്ടി വിലക്കേര്‍പ്പെടുത്തി. റെഡ് ആര്‍മി എന്ന പേരില്‍ ഇത് പുനര്‍ജീവിപ്പിച്ചുവെങ്കിലും മുനയൊടിഞ്ഞ അവസ്ഥയിലാണിപ്പോള്‍.

പി.ജെ.ആര്‍മിയുടെ അമരക്കാരായിരുന്ന അര്‍ജുന്‍ ആയാങ്കിയും, ആകാശ് തില്ലങ്കേരിയും സ്വര്‍ണ്ണക്കടത്ത് – ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ടതോടെയാണ് പി.ജയരാജന്‍ വീണ്ടും വിവാദപുരുഷനായത്. ഇവര്‍ക്ക് ജയരാജനുമായുള്ള അടുപ്പമായിരുന്നു വിവാദത്തിന് കാരണം. ജയരാജന്‍ ഇവരെ തള്ളി പറഞ്ഞു വെങ്കിലും മാധ്യമങ്ങള്‍ ഇതിന് പിന്നാലെ പോയി വിവാദങ്ങള്‍ സജീവമാക്കി. ഏറ്റവുമൊടുവില്‍ സംസ്ഥാന കമ്മിറ്റിയുടെ താക്കീതിന് വഴിവെച്ചതും ഇതേ വിവാദമായിരുന്നു. കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇവരുമായുള്ള അടുപ്പത്തെക്കുറിച്ച്‌ സിഐ.ടി.യു നേതാവ് കെ.പി.സഹദേവന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയരാജന്‍ പൊട്ടിത്തെറിച്ചുവെന്നും ഇത് വാഗ്വാദത്തിലേക്ക് മാറുകയും യോഗം നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തുവെന്നാണ് പറയുന്നത്.

പാര്‍ട്ടിക്കകത്തു മാത്രം അറിയേണ്ട താക്കീത് എന്ന നടപടി, യോഗശേഷം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയതും ശ്രദ്ധേയമാണ്. കണ്ണൂരില്‍ ജയരാജനു പിന്നില്‍ അണിനിരന്ന പ്രവര്‍ത്തകരില്‍ പലരും ഇന്ന് പാര്‍ട്ടിയിലില്ല. ഏതാനും ദിവസം മുമ്ബ് ആന്തൂരില്‍ നടപടിക്ക് വിധേയരായവരില്‍ ഭൂരിഭാഗവും ജയരാജനുമായി അടുപ്പമുള്ളവരാണ്. മാത്രമല്ല, ജില്ലയില്‍ പലയിടങ്ങളിലും ഇത്തരം പ്രവര്‍ത്തകരുണ്ട്.

പാര്‍ലമെന്ററി രംഗത്ത് അധികകാലമൊന്നും പ്രവര്‍ത്തിക്കാത്ത മുതിര്‍ന്ന നേതാവായ ജയരാജന്‍, നിലവില്‍ സംസ്ഥാന സമിതി അംഗം മാത്രമാണ്. മറ്റ് ചുമതലകളൊന്നും ഇദ്ദേഹത്തിന് ഇപ്പോഴില്ല. ജീവകാരുണ്യ സംഘടനയായ ഐ.ആര്‍.പി.സിയുടെ രക്ഷാധികാരി എന്ന ചുമതല മാത്രമാണുള്ളത്. അടുത്ത മാസത്തോടെ പാര്‍ട്ടി സമ്മേളനങ്ങളിലേക്ക് കടക്കുകയാണ്. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന നിര്‍ദ്ദേശം പ്രാവര്‍ത്തികമാവുകയും, 75 വയസ്സ് എന്ന നിബന്ധന കര്‍ശനമാക്കുകയും ചെയ്താല്‍ ജയരാജനു മുന്നിലെ വഴികള്‍ അടയും. അദ്ദേഹത്തിന് 70 വയസ്സാണ് ഇപ്പോള്‍ പ്രായം.

മുതിര്‍ന്ന അംഗങ്ങളില്‍ പലരും ജില്ല, സംസ്ഥാന കമ്മിറ്റികളില്‍ നിന്ന് ഒഴിയേണ്ടി വരും. കേഡര്‍ പാര്‍ട്ടിയില്‍ നേതൃത്വത്തിന് അനഭിമതനായവരെ പിന്‍തുണക്കാന്‍ അണികളും ഒപ്പമുണ്ടാകില്ലെന്നതാണ് ചരിത്രം ഫലത്തില്‍ ജയരാജനു മുന്നില്‍ സംഘടനയുടെയും ഭരണത്തിന്റെയും വാതിലുകള്‍ അടയാന്‍ സാധ്യതയേറിയിട്ടുണ്ട്. കണ്ണുരിലെ ചെന്താരകമായ പി.ജെ വാനിലുയരുമോ അതോ ആഴിയില്‍ പതിക്കുമോയെന്ന കാര്യം മാത്രമാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *