ന്യൂഡൽഹി: ഓഖി ദുരന്തത്തിൽപ്പെട്ട് കാണാതായവരുടെ എണ്ണം സംബന്ധിച്ച് ഞെട്ടിക്കുന്ന കണക്കുമായി കേന്ദ്രസർക്കാർ. ദുരന്തത്തിൽപ്പെട്ട് ആകെ കാണാതായവരുടെ എണ്ണം 661 ആണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കേരളത്തിൽ നിന്ന് 261 പേരെ കണ്ടെത്താനുണ്ടെന്നു പറഞ്ഞ മന്ത്രി തമിഴ്നാട്ടിൽ നിന്ന് 400 പേരെയാണ് കാണാതായെന്നും ലോക്സഭയെ അറിയിച്ചു.
ഈ മാസം ഇരുപത് വരെയുള്ള കണക്കാണ് മന്ത്രി സഭയിൽ വച്ചത്. ഇതുവരെ 845 പേരെ രക്ഷപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. 215 പേരെ രക്ഷപ്പെടുത്താനുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിരുന്നത്. ഇതുവരെ രക്ഷപെടുത്തിയവരിൽ 453 പേർ തമിഴ്നാട്ടിൽ നിന്നും 362 പേർ കേരളത്തിൽ നിന്നും 30 പേർ ലക്ഷദ്വീപ്, മിനിക്കോയി എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ദുരന്തത്തിൽപ്പെട്ട് കാണാതായവരുടെ വിവരം സംബന്ധിച്ച് കേന്ദ്രം പുറത്ത് വിട്ട കണക്ക് സംസ്ഥാന സർക്കാർ തള്ളി. കണ്ടെത്താനുള്ളത് 143 പേരെ മാത്രമാണെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. എണ്ണം സംബന്ധിച്ച് തെറ്റിധാരണ പരത്താൻ ശ്രമിക്കേണ്ടെന്നും അവർ പറഞ്ഞു. കേന്ദ്രം നൽകിയ ദുരിതാശ്വാസം അപര്യാപ്തമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.