ഒരു ചോദ്യം? ഇങ്ങനെ ഒരു ഹർത്താൽ വേണമായിരുന്നോ?; വലഞ്ഞത് യാത്രക്കാരും വിദ്യാർത്ഥികളും;കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ്

home-slider kerala politics

ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ചിലയിടത്ത് ആക്രമണങ്ങള്‍.ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞു. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടഞ്ഞു.

ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആയതിനാല്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.

ഡിപ്പോകള്‍ക്ക് കെഎസ്‌ആര്‍ടിസി കണ്‍ട്രോള്‍ റൂം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തില്‍ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രം നടത്താനാണ് കെഎസ്‌ആര്‍ടിസിയുടെ നീക്കം. ദീര്‍ഘദൂര സര്‍വീസുകള്‍ ഹര്‍ത്താല്‍ സമയത്ത് സര്‍വീസ് നടത്തില്ല.

എരുമേലി, പത്തനംതിട്ട, പമ്ബ മേഖലകളില്‍ കെഎസ്‌ആര്‍ടിസി സാധാരണ ഗതിയില്‍ തുടരുന്നു. കെഎസ്‌ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ പമ്ബയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. അതേസമയം, ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന നാല് കെഎസ്‌ആര്‍ടിസി ബസുകള്‍ ബത്തേരിയില്‍ കുടുങ്ങി.

പൊലീസ് സംരക്ഷണത്തില്‍ ബസുകള്‍ കോഴിക്കോട്ടേക്ക് എത്തിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ പൊതുവെ ശാന്തമാണ്. വാഹനം തടയുന്നില്ലെങ്കിലും പൊലീസ് സംരക്ഷണം ഉണ്ടെങ്കില്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച്‌ കഴിഞ്ഞദിവസം രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.

വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ട് പമ്ബയില്‍ നിന്ന് മലകയറ്റം തുടങ്ങും മുന്‍പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലംഘിക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *