ഒരു കേസുമില്ല…ഒളിച്ചോടിയിട്ടുമില്ല
ദുബായിൽ ഈയടുത്തും ഉണ്ടായിരുന്നു.
ബിനോയ് കോടിയേരിക്കെതിരായ പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെ വേവിച്ചെടുത്തത്.
ലക്‌ഷ്യം കോടിയേരി അല്ല: കേരളത്തിലെ സി പി ഐ (എം).
സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്ക്കെതിരെ യു എ ഇ യിൽ ഒരു കേസും നിലവിലില്ല. അഞ്ചു കേസുകൾ ഉണ്ട് എന്നത് വ്യാജ പരാതിയിലെ ഉണ്ടയില്ലാ വെടി മാത്രം. ബിനോയ് പാർട്ടണർ ആയ കമ്പനി സാമ്പത്തിക മാന്ദ്യ ഘട്ടത്തിൽ നേരിട്ട പ്രതിസന്ധി മൂലം ചില പ്രയാസങ്ങൾ അനുഭവിച്ചിരുന്നു. അതിന്റെ ഭാഗമായി പണം കിട്ടാനും കൊടുക്കാനും ഉള്ളവർ തമ്മിൽ ചില തർക്കങ്ങളും ഉടലെടുത്തിരുന്നു. ബിനോയ് ഒപ്പിട്ട ഒരു ചെക്ക് പാർട്ണർ മറ്റൊരു കക്ഷിക്ക് നൽകുകയും അത് ബൗൺസ് ആവുകയും ചെയ്തിരുന്നു. ആ കേസിൽ ബിനോയ് നേരിട്ട് ഹാജരായി തുക സെറ്റിൽ ചെയ്തതാണ്. അന്ന് തന്നെ കേസ് തീർപ്പായിട്ടുണ്ട്. അതല്ലാതെ ഇന്നുവരെ ബിനോയ്‌ക്കെതിരെ ആരെങ്കിലും ദുബായിലോ മറ്റു എമിറേട്സുകളിലോ കേസ് കൊടുത്തിട്ടില്ല: എടുത്തിട്ടുമില്ല.
ദുബായിൽ പോകുന്നതിനു ബിനോയ്‌ക്ക് ഒരു വിലക്കും ആരും കല്പിച്ചിട്ടില്ല.
ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ യു എ ഇ യിൽ പ്രശ്നങ്ങൾ സാധാരണമാണ്. ചെക്ക് മടങ്ങിയാൽ അത് വലിയ കേസാണ്. അവിടെ തന്നെ കർക്കശമായ നിയമ നടപടികൾ സാധ്യമാണ്. അങ്ങനെ ചെയ്യാതെ, ഡൽഹിയിൽ കൊണ്ട് പോയി സി പി ഐ എമ്മിന് പരാതി കൊടുക്കുകയും ആ പരാതി ഊരും പേരുമില്ലാതെ ആദ്യം മനോരമയിലും പിന്നീട് മറ്റു ചില മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തത് സ്വാഭാവികമായല്ല. സി പി ഐ എം കേന്ദ്ര നേതൃത്വത്തിന് പരാതി കിട്ടി എന്ന് ആദ്യവാർത്ത. അതിൽ ആര്, എന്ത് എന്ന വ്യക്തതയില്ല. മണിക്കൂറുകൾക്കകം കോടിയേരിയുടെയും ബിനോയിയുടെയും പേര് സഹിതം അടുത്ത വാർത്ത. തുടർന്ന് ചാനൽ ചർച്ചകൾ, രമേശ് ചെന്നിത്തലയുടെയും കെ സുരേന്ദ്രന്റെയും പ്രതികരണം.
ആസൂത്രിത നാടകമാണ് പടി പടിയായി അരങ്ങേറിയത്. നിയമപരമായി ബിനോയ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ, ദുബായിൽ തന്നെ നിയമ നടപടി സാധ്യമാണെന്നിരിക്കെ എന്തിനു സി പി ഐ എം കേന്ദ്ര നേതൃത്വത്തിന് പരാതി നൽകണം? മാധ്യമങ്ങൾ പുറത്തു വിട്ട പരാതി ശ്രദ്ധിച്ചു വായിച്ചാൽ, ലക്ഷ്യമിടുന്നത് കോടിയേരി ബാലകൃഷ്ണനെയും അതിലൂടെ സി പി ഐ എമ്മിനെയും ആണ് എന്ന് വ്യക്തമാകും. ബിനോയ് നേരിട്ട് പണം വാങ്ങി എന്നല്ല, കമ്പനിയിലെ പാർട്ണറുടെ സ്വാധീനം ഉപയോഗിച്ച് വാങ്ങി എന്നാണു “പരാതി” യിൽ പറയുന്നത്.
വ്യക്തതയില്ലാത്ത, വസ്തുതകളുടെ പിൻബലം ഇല്ലാത്ത ഒരു കടലാസ് വെച്ചാണ് മനോരമയും അതിനെ പിന്തുടർന്ന് മറ്റു മാധ്യമങ്ങളും വാർത്തപടച്ചത്.
ദുബായിൽ ബിനോയ് നടത്തുന്നത് സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് പലപ്പോഴും പണമിടപാടിൽ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഒരു ചെക്ക് മടങ്ങിയാൽ ഒരു ജീവിതം തന്നെ തകരുന്ന അനുഭവങ്ങൾ ഉണ്ട്. അറ്റ്ലസ് രാമചന്ദ്രന്റെ ജയിൽ ജീവിതം ഉദാഹരണമാണ്.
എന്തായാലും, ബിനോയ് കോടിയേരി ദുബായിൽ ചെന്ന് തട്ടിപ്പു നടത്തി എന്നല്ല വാർത്ത വന്നത്, ചെക്ക് മടങ്ങി എന്നാണ്. അതാകട്ടെ, ബിനോയിയെക്കുറിച്ചും ബിനീഷിനെക്കുറിച്ചുമെല്ലാം തെറ്റായി പ്രചരിപ്പിച്ച പല പല കഥകളുടെയും കഥ കഴിക്കുന്നതുമാണ്.
സി പി ഐ (എം) കരട് രാഷ്ട്രീയ പ്രമേയവുമായി ബന്ധപ്പെട്ടു വ്യാജ വാർത്ത ചമച്ച മനോരമ പത്രവും അതിന്റെ ലേഖകനും ആണ് ഈ കഥയുടെയും പിന്നിൽ.
കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം മനോരമ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ “കാരാട്ടുപക്ഷ നിലപാട് ഉൾപ്പെടുത്തിയ കരടു രാഷ്ട്രീയ പ്രമേയം കൊൽക്കത്തയിൽ സമാപിച്ച കേന്ദ്ര കമ്മിറ്റി വോട്ടെടുപ്പിലൂടെ അംഗീകരിച്ചു (55–31). നിലപാടിനു പിന്നിലെ അജൻഡയെക്കുറിച്ചുള്ള യച്ചൂരിയുടെ ചോദ്യത്തിന്, ‘എന്ത് അജൻഡ’ എന്ന മറുചോദ്യമാണു കാരാട്ടുപക്ഷക്കാർ ഉന്നയിച്ചതെന്നും ‘അതു നിങ്ങൾക്കല്ലേ അറിയാവുന്ന’തെന്ന് യച്ചൂരി തുടർചോദ്യം ഉന്നയിച്ചെന്നുമാണു വിവരം. ലാവ്‌ലിൻ, ടിപി കേസുകളുടെയും കാരാട്ട് ദമ്പതികളുടെ ബന്ധുവിന്റെ ടിവി ചാനൽ ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണു ബിജെപിയെ പ്രീണിപ്പിക്കുന്ന, കോൺഗ്രസ് വിരുദ്ധ നിലപാടിനു കാരാട്ടുപക്ഷം വാശിപിടിച്ചതെന്നാണ് യച്ചൂരിയെ അനുകൂലിക്കുന്നവരുടെ ആരോപണം.”
സൊ പി ഐ (എമ്മി)ന്റെ രാഷ്ട്രീയവും ബി ജെ പി വിരുദ്ധ നിലപാടും മൂടിവെച്ച് മനോരമ ലേഖകൻ ജോമി തോമസ് ചെന്നെത്തിയത് വ്യക്തിപരമായ ആരോപണങ്ങളിൽ ആണ്. ടി പി കേസ് ഇനി എന്ത് ചെയ്യാൻ? ലാവലിൻ കേസിൽ എന്താണ് ഇതിൽ കൂടുതൽ ഇനി സി ബി ഐ ക്കും ബിജെപിക്കും ചെയ്യാനുള്ളത്? ഇന്നുവരെ കടുത്ത ശത്രുക്കൾ പോലും പ്രകാശ് കാരാട്ടിനെതിരെ വ്യക്തിപരമായ ആരോപണം ഉയർത്തിയിട്ടില്ല. എൻ ഡി ടിവി വർഗീയ വിരുദ്ധ നിലപാട് ഉപേക്ഷിച്ചിട്ടും ഇല്ല. എന്നിട്ടും ഒരു സ്വതന്ത്ര സ്ഥാപനമായ എൻ ഡി ടിവിയെയും “കാരാട്ട് ദമ്പതികളുടെ ബന്ധുത്വ”ത്തെയും മനോരമ ലേഖകൻ ആരോപണത്തിന്റെ പുകമറയിലാക്കി. അവിടെയാണ്, മലപ്പുറത്തു വിത്തിട്ടു മുളപ്പിച്ച വിത്ത് ഡൽഹിയിൽ വീണ്ടും നാട്ടു നനയ്ക്കാനുള്ള ശ്രമം പ്രകടമാകുന്നത്.
സി പി ഐ (എം) സമ്മേളന കാലത്തെ പതിവ് പരിപാടികളിൽ ഒന്നാണ് ബിനോയ് കോടിയേരിയെ മുന്നിൽ നിർത്തിയുള്ള വാർത്ത. സിൻഡിക്കറ്റ് രൂപപ്പെട്ടിരിക്കുന്നു.
ഇനിയും വാർത്ത വരും: ചർച്ചകൾ നടക്കും. അതിനു പിന്നിൽ കൃത്യമായ അജണ്ടകൾ ഉണ്ട്.
മക്കൾ അദ്ധ്വാനിച്ചു ജീവിച്ചാൽ, ബിസിനസ് നടത്തിയാൽ അത് അവരുടെ ഉത്തരാവാദിത്തം. അത് പാർട്ടി നേതാക്കളുടെ തലയിൽ വെച്ച് കെട്ടാതിരിക്കാനുള്ള മര്യാദ മാധ്യമങ്ങൾ കാണിക്കാത്തതാണ് ഈ വാർത്താ കോലാഹലത്തിന്റെ അടിസ്ഥാന കാരണം. ബിനോയിക്കെതിരെ കേസുണ്ടെങ്കിൽ അത് നിയമത്തിന്റെ വഴിയിൽ നടന്നുകൊള്ളട്ടെ- അതിൽ കോടിയേരി ബാലകൃഷ്ണൻ എന്ന സി പി ഐ (എം) സെക്രട്ടറിക്കോ പാർട്ടിക്കോ പങ്കാളിത്തം ഉണ്ടെങ്കിൽ നിങ്ങൾ വാർത്തയാക്കോ. പരാതിയിൽ എഴുതിയത് വേദവാക്യമായി വിളമ്പാതെ, അതിൽ കഴമ്പുണ്ടെങ്കിൽ കണ്ടെത്തി വാർത്ത നൽകൂ. അമിത് ഷായുടെ മകൻ അമ്പരപ്പിക്കുന്ന വളർച്ച ഉണ്ടാക്കിയത് കണക്കിന്റെയും ദുരുപയോഗിക്കപ്പെട്ട അധികാരത്തിന്റെയും വസ്തു നിഷ്ഠമായ തെളിവുകൾ നിരത്തിയാണ് ദി വയർ റിപ്പോർട് ചെയ്തത്. അല്ലാതെ എവിടെ നിന്നോ പൊട്ടിപ്പുറപ്പെട്ട പരാതിയിലെ പൊട്ട വാചകങ്ങൾ നിരത്തി അല്ല. അതാണ് മനോരമ ഇനിയെങ്കിലുംപഠിക്കേണ്ട പ്രൊഫഷണൽ പാഠം.
വാൽകഷ്ണം: മനോരമയുടെ ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്-“സാമ്പത്തിക തട്ടിപ്പ് ആരോപണം ബിനോയ് കോടിയേരിക്കെതിരെ; തെളിവ് പുറത്ത്”
എന്താണ് “തെളിവ്” എന്നല്ലേ? അത് “ബിനോയിക്കെതിരെ ദുബായിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി നൽകിയ പരാതിയുടെ പകർപ്പ്”
അതായത്, മനോരമയുടെ മാനേജിങ് ഡയറക്ടറോ ചീഫ് എഡിറ്ററോ മോഷണം നടത്തി എന്ന് മൂന്നാമതൊരു കക്ഷി പരാതി എഴുതി കൊണ്ട് കൊടുത്താൽ അത് തെളിവ് എന്ന് പറഞ്ഞു ആ പത്രം പ്രസിദ്ധീകരിക്കും എന്ന്. ഇതാണോ സർ പത്രപ്രവർത്തനം?
കടപ്പാട് : നേരറിയാന്‍