ഒടുവിൽ ഇന്ത്യക്കു വിജയം ;

cricket home-slider sports

ജൊഹഹന്നാസ്ബര്‍ഗ് > ഒടുവിൽ ഇന്ത്യക്കു വിജയം . ജോഹന്നാസ്ബര്‍ഗില്‍ നടന്ന മൂന്നാംടെസ്റ്റ് 63 റണ്‍സിന് ജയിച്ചാണ് ഇന്ത്യ നാണക്കേടിൽ നിന്നും തലയൂരിയത് . 241 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആഫ്രിക്കന്‍ പോരാട്ടം 177 ല്‍ അവസാനിക്കുകയായിരുന്നു. ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.

1 വിക്കറ്റിന് 17 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗിനിറങ്ങിയ ആഫ്രിക്കന്‍ സംഘത്തിനായി അംലയും എല്‍ഗറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം വിക്കറ്റില്‍ 119 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി അംല എല്‍ഗര്‍ സഖ്യം ഇന്ത്യയില്‍ നിന്ന് മത്സരം അനായാസം തട്ടിയെടുക്കുമെന്ന പ്രതീതി ഉണര്‍ത്തിയിരുന്നു. എന്നാല്‍ തകര്‍ത്തെറിഞ്ഞ ഇഷാന്തും ബുംറയും ഷമിയും ഭുവനേശ്വറും ചേര്‍ന്ന് അത്ഭുതം കാട്ടുകയായിരുന്നു. അര്‍ധ സെഞ്ചുറി കുറച്ച്‌ മുന്നേറിയ അംലയെ വീഴ്ത്തി ഇഷാന്ത് ശര്‍മ്മ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കി. 52 റണ്‍സ് നേടിയ അംലയെ ഇഷാന്ത് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു.

തൊട്ടുപിന്നാലെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ എ ബി ഡിവില്ലേഴ്സിനെ വീഴ്ത്തി ബുംറ പ്രതീക്ഷകള്‍ സജീവമാക്കി. പിന്നാലെ നായകന്‍ ഡുപ്ലെസിസിനേയും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡിക്കോക്കിനേയും വീഴ്ത്തി ഇന്ത്യ മത്സരം വരുതിയിലാക്കി. 2 റണ്‍സ് നേടിയ ഡുപ്ലെസിസിനെ ഇഷാന്ത് വീഴ്ത്തിയപ്പോള്‍ ഡിക്കോക്കിനെ റണ്ണെടുക്കാനനുവദിക്കാതെ ബുംറ പറഞ്ഞയച്ചു. ശേഷം മുഹമ്മദ് ഷമി കൊടുങ്കാറ്റ് പോലെ ആഞ്ഞടിക്കുകയായിരുന്നു. 10 റണ്‍സ് നേടിയ ഫിലാന്‍ഡറിനെയും റണ്ണൊന്നുമെടുക്കാതെ ഫില്‍ക്വുവായേയും മോര്‍ക്കലിനേയും ഷമി വീഴ്ത്തി.

റബാഡയെ പൂജ്യത്തിന് പുറത്താക്കി ഭുവനേശ്വറും വിജയത്തില്‍ സംഭാവന നല്‍കി. മുഹമ്മദ് ഷമി ഇന്ത്യക്ക് വേണ്ടി അഞ്ചു വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സില്‍ 7 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ പോരാട്ടവീര്യം കാട്ടുകയായിരുന്നു. 247 റണ്‍സാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ നേടിയത്. 48 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയാണ് ടോപ്സ്കോറര്‍. നായകന്‍ വിരാട് കൊഹ്ലി 41 റണ്‍സ് നേടി ഇന്ത്യന്‍ സ്കോറില്‍ കാര്യമായ സംഭാവന നല്‍കി.

33 റണ്‍സ് നേടിയ ഭുവനേശ്വര്‍ കുമാര്‍, 27 റണ്‍സ് നേടിയ മുഹമ്മദ് ഷമി എന്നിവര്‍ വാലറ്റത്ത് നടത്തിയ പ്രകടനവും ഇന്ത്യക്ക് മാന്യമായ സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. മുരളി വിജയ് 25 റണ്‍സ് നേടിയപ്പോള്‍ പാര്‍ഥിവ് പട്ടേലും കെ എല്‍ രാഹുലും 16 റണ്‍സ് വീതം നേടി. ചേതേശ്വര്‍ പൂജാര 1 റണ്‍സും ഹര്‍ദ്ദിക് പാണ്ഡ്യ 4 റണ്‍സുമാണ് നേടിയത്. ബുംറ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇഷാന്ത് 7 റണ്‍സ് നേടി പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ റബാഡയും മോണെ മോര്‍ക്കലും ഫിലാന്‍ഡറും ചേര്‍ന്നാണ് ഇന്ത്യയെ പിടിച്ചുനിര്‍ത്തിയത്

Leave a Reply

Your email address will not be published. Required fields are marked *