ഐപിഎല്‍ തിരിച്ചുവരവ് എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പൊളിച്ചടക്കി . അവസാന ഓവറിലേക്കു നീണ്ട മത്സരത്തില്‍ മുബൈ ഇന്ത്യന്‍സിനെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ചെന്നൈ പതിനൊന്നാം എഡിഷനിലെ ആദ്യ വിജയം കരസ്ഥമാക്കി .
118/8 എന്ന നിലയില്‍ പരാജയം മുന്നില്‍ക്കണ്ട ചെന്നൈയെ ഡ്വെയ്ന്‍ ബ്രാവോയുടെ തകര്‍പ്പന്‍ ഇന്നിംഗ്സ് രക്ഷപ്പെടുത്തുകയായിരുന്നു. 30 പന്ത് നേരിട്ട ബ്രാവോ 68 റണ്‍സ് നേടി. മൂന്നു ബൗണ്ടറികളും ഏഴു സിക്സറുകളും ബ്രാവോയുടെ ബാറ്റില്‍നിന്നു പിറന്നു. 18-ാം ഓവറിന്റെ അവസാന പന്തില്‍ ബ്രാവോ പുറത്തായെങ്കിലും അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായിരുന്ന ഏഴു റണ്‍സ് കേദാര്‍ യാദവിന്റെ ബാറ്റില്‍നിന്നു പിറന്നു. യാദവ് 22 പന്തില്‍നിന്ന് 24 റണ്‍സുമായി പുറത്താകാതെനിന്നു. മറ്റാര്‍ക്കും ചെന്നൈ നിരയില്‍ മികച്ച പ്രകടനത്തിനു കഴിഞ്ഞില്ല. മുംബൈക്കായി ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് മാര്‍ക്കണ്ഡെ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. സൂര്യകുമാര്‍ യാദവ്, കൃണാല്‍ പാണ്ഡ്യ, ഇഷാന് കിഷന് എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് മുംബൈക്കു ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ബാറ്റിംഗ് ആരംഭിച്ച് തുടക്കത്തില്‍തന്നെ മുംബൈക്ക് ഓപ്പണര്‍ എവിന്‍ ലെവിസി(0)നെ നഷ്ടപ്പെട്ടു. ദീപക് ചഹറിനായിരുന്നു വിക്കറ്റ്. നായകന് രോഹിത് ശര്‍മ(18 പന്തില്‍ 15) പിന്നാലെ മടങ്ങി. ഇതിനുശേഷം ഒത്തുചേര്‍ന്ന ഇഷാന് കിഷന്-സൂര്യകുമാര്‍ കൂട്ടുകെട്ട് മുംബൈയെ ഭേദപ്പെട്ട നിലയിലേക്കു നയിച്ചു. സ്കോര്‍ 98ല്‍ സൂര്യകുമാറും 113ല്‍ ഇഷാനും പുറത്തായി. സൂര്യകുമാര്‍ 29 പന്തില്‍നിന്നു 43 റണ്‍സ് നേടിയപ്പോള്‍ അത്രയുംതന്നെ പന്തില്‍നിന്ന് 40 റണ്‍സായിരുന്നു ഇഷാന് കിഷന്റെ സന്പാദ്യം.
ഇതിനുശേഷം എത്തിയ ഹാര്‍ദിക് പാണ്ഡ്യ-കൃണാല്‍ പാണ്ഡ്യ കൂട്ടുകെട്ട് കൂടുതല്‍ നഷ്ടംകൂടാതെ മുംബൈയെ 150 കടത്തി. കൃണാല്‍ പാണ്ഡ്യ 22 പന്തില്‍നിന്ന് 41 റണ്‍സ് നേടി. ഹാര്ദികിനാകട്ടെ 20 പന്തില്‍നിന്ന് 22 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഷെയ്ന് വാട്സണ് രണ്ടും ഇമ്രാന് താഹിര്‍, ദീപക് ചഹര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.