ഐപിഎല്‍ താരലേലത്തിന്‍റെ ആദ്യ ദിനത്തില്‍ താരങ്ങളായത് മലയാളികള്‍. ആദ്യ ദിനത്തിലെ ലേലം അവസാനിച്ചപ്പോള്‍ മൂന്ന് മലയാളി താരങ്ങളാണ് ശ്രദ്ധേയരായത്.
മുന്‍ ഇന്ത്യന്‍ താരവും കേരളത്തിന്‍റെ മുന്‍ നായകനുമായ സഞ്ജു വി സാംസണാണ് താരലേലത്തില്‍ ഏറ്റവമധിനം മിന്നിത്തിളങ്ങിയവരില്‍ ഒരാള്‍. എട്ട് കോടി രൂപയാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്.
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രാജസ്ഥാന്‍ റോയല്‍സാണ് സഞ്ജുവിനെ വീണ്ടും പാളയത്തിലെത്തിച്ചത്. ഒരു കോടി രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന സഞ്ജുവിന് വേണ്ടി മുംബൈ ഇന്ത്യന്‍സും രാജസ്ഥാനുമായി കൊമ്ബുകോര്‍ത്തെങ്കിലും മുംബൈ പാതി വഴിയില്‍ പിന്മാറിയതോടെ കളിച്ച് ശ്രദ്ധ നേടിയ രാജസ്ഥാനിലേക്ക് മടങ്ങാന്‍ സഞ്ജുവിന് വഴി തുറന്നു.
2016ല്‍ 4.2 കോടി രൂപയ്ക്കായിരുന്നു സഞ്ജു ഡല്‍ഹിക്കായി കളിച്ചത്. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരവുമാണ് സഞ്ജു. പുനെയ്ക്കെതിരെ 2017 ഏപ്രില്‍ പതിനൊന്നിനായിരുന്നു സഞ്ജുവിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറി പിറന്നത്. 63 ബോളില്‍ എട്ട് ഫോറും അഞ്ച് സിക്സും പറത്തിയായിരുന്നു സഞ്ജു 102 റണ്‍സ് അടിച്ചെടുത്തത്.
മലയാളി താരങ്ങളായ കരുണ്‍ നായരും ബേസില്‍ തമ്ബിയും ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. കരുണ്‍ നായരെ 5.6 കോടിക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ബേസില്‍ തമ്ബിയെ 95 ലക്ഷത്തിനാണ് സണ്‍റൈസസ് ഹൈദരാബാദ് പാളയത്തിലെത്തിച്ചത്.
കഴിഞ്ഞ തവണത്തെ ലേലത്തില്‍ ഏറ്റവും വലിയ തുകയ്ക്ക് വിറ്റുപോയ ബെന്‍സ്റ്റോക്സ് തന്നെയാണ് ഇക്കുറിയും സുവര്‍ണതാരം.ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സാണ് പതിനൊന്നാം സീസണിലെ വിലയേറിയ താരം. 12.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്റ്റോക്സിനെ സ്വന്തമാക്കിയത്.
11 കോടി രൂപ ലഭിച്ച മനീഷ് പാണ്ഡെയും കെ എല്‍ രാഹുലുമാണ് സ്റ്റോക്സ് കഴിഞ്ഞാല്‍ വിലയേറിയ താരങ്ങള്‍. മനീഷ് പാണ്ഡെ സണ്‍റൈസസിലും രാഹുല്‍ പഞ്ചാബിനും വേണ്ടിയാകും ജെഴ്സി അണിയുക.
ക്രിസ് ലിന്നിനെ 9.6 കോടിക്കും ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9.4 കോടി രൂപയ്ക്കും പാളയത്തിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ടീം ശക്തിപ്പെടുത്തിയിട്ടുണ്ട്.
9 കോടിക്ക് ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കിയ മാക്സവെല്ലാണ് ലേലത്തില്‍ ശ്രദ്ധേയനായ മറ്റൊരു താരം. ശിഖര്‍ ധവാനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 5 കോടി 20 ലക്ഷം രൂപയ്ക്ക് നിലനിര്‍ത്തി.
ആര്‍.അശ്വിനെ 7.6 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് ഇലവന്‍ സ്വന്തമാക്കി. പൈാള്ളാര്‍ഡിനെ 5.40 കോടിക്ക് രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തി. അജങ്ക്യ രഹാനെയെ നാലു കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തി.
റോബിന്‍ ഉത്തപ്പ- കൊല്‍ക്കത്ത- 6.4 കോടി, ദിനേഷ് കാര്‍ത്തിക്- കൊല്‍ക്കത്ത- 7.4 കോടി, വൃദ്ധിമാന്‍ സാഹ- സണ്‍റൈസേഴ്സ്- 5 കോടി, ക്വിന്റണ്‍ ഡീ കോക്ക് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- 2.8 കോടി, ഇംഗ്ലണ്ടിന്റെ മൊയീന്‍ അലി- റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ 1.7 കോടി, മാര്‍കസ് സ്റ്റോയിനിസ്- കിങ്സ് ഇലവന്‍ പഞ്ചാബ്- 6.2 കോടി, യൂസുഫ് പത്താന്‍- സണ്‍ റൈസേഴ്സ് ഹൈദരാബാദ്- 1.9 കോടി, ഷെയിന്‍ വാട്സണ്‍- ചെന്നൈ സൂപ്പര്‍ കിങ്സ് – 4 കോടി, ഇംഗ്ലണ്ടിന്റെ ക്രിസ് വോക്കെസ് – റോയല്‍ ചാലഞ്ചേഴ്സ് ബാഗ്ലൂര്‍- 7.4 കോടി, കേദര്‍ ജാദവ്- ചെന്നൈ സുപ്പര്‍ കിങ്സ്- 7.8 കോടി, ബ്രണ്ടന്‍ മക്കല്ലം- ബാഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ്- 3.6 കോടി, ദ.ആഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ പഞ്ചാബില്‍ – 3 കോടി, യുവരാജ് സിങ് രണ്ടു കോടിക്ക് പഞ്ചാബില്‍, കെയിന്‍ വില്ല്യംസണ്‍ 3 കോടിക്ക് ഹൈദരാബാദില്‍, ഗൗതം ഗംഭീറിനെ 2.8 കോടിക്ക് ഡല്‍ഹി, ഷാക്കിബുല്‍ ഹസ്സന്‍ രണ്ടു കോടിക്ക് സണ്‍റൈസസില്‍, രണ്ടു കോടിക്ക് ഹര്‍ഭജന്‍ സിങ് ചെന്നൈയിലുമെത്തി.
അതേസമയം, വെസ്റ്റിന്‍ഡീസിന്‍റെ വെടിക്കെട്ടുവീരന്‍ ക്രിസ് ഗെയിലിനെ ഒരു ടീമും ലേലത്തില്‍ എടുത്തില്ല. ഗെയില്‍ മാത്രമല്ല ഇംഗ്ലണ്ടിന്‍റെ നായകന്‍ ജോ റൂട്ട് അടക്കം നിരവധി സൂപ്പര്‍ താരങ്ങളെ ആദ്യദിനത്തില്‍ ആരും ഏറ്റെടുത്തിട്ടില്ല. ഹാഷിം അംല, മുരളി വിജയ്, ജെയിംസ് ഫോക്നര്‍, ലസിത് മലിംഗ എന്നിവരാണ് ലേലത്തില്‍ ആരും ഏറ്റെടുക്കാത്തവരിലെ പ്രമുഖര്‍. നാളെയും ബംഗലൂരുവില്‍ ലേലം തുടരും