ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനവ്യാപക ഹര്‍ത്താലിന് ദലിത് ഐക്യവേദി ആഹ്വാനം ചെയ്തു. ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവില ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏപ്രില്‍ രണ്ടിനായിരുന്നു രാജ്യത്തെ വിവിധ ദലിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തിയത്. ബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിലായിരുന്നു 12 പേരുടെ ജീവന്‍ പൊലിഞ്ഞത്. പട്ടികജാതി-വര്‍ഗ (സംരക്ഷണ നിയമം) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു ഭാരത് ബന്ദ്.
മധ്യപ്രദേശില്‍ ഒന്‍പതും ഉത്തര്‍പ്രദേശില്‍ രണ്ടും രാജസ്ഥാനില്‍ ഒന്നും ആളുകളാണ് കൊല്ലപ്പെട്ടത്. നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങളും വാണിജ്യസ്ഥാപനങ്ങളും പൊതുമുതലും അഗ്നിക്ക് ഇരയാക്കി.
മാര്‍ച്ച് 20 ന് ജസ്റ്റിസുമാരായ എകെ ഗോയല്‍, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് എസ്‌സി-എസ്ടി നിയമത്തില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി-വര്‍ഗ നിയമപ്രകാരമുള്ള കേസുകളില്‍ തിടുക്കപ്പെട്ട് അറസ്റ്റ് പാടില്ല, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ നിയമന അധികാരിയില്‍ നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടില്‍ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷം നടത്തുകയും ചെയ്ത ശേഷമേ അറസ്റ്റ് പാടുള്ളൂ, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലെങ്കില്‍ അറസ്റ്റിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണം, കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ ജാമ്യം നല്‍കാം എന്നിവയായിരുന്നു വിധിയിലെ നിര്‍ദേശങ്ങള്‍.