എൽ ഡി എഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കാൽചുവടുവെക്കുമ്പോൾ ; നേട്ടങ്ങൾ വിലയിരുത്തി ഭരണപക്ഷവും കോട്ടങ്ങൾ എണ്ണി പറഞ്ഞു പ്രതിപക്ഷവും ; വായിക്കാം

home-slider kerala politics

എൽ ഡി എഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കാൽചുവടുവെക്കുമ്പോൾ ; നേട്ടങ്ങൾ വിലയിരുത്തി ഭരണപക്ഷവും കോട്ടങ്ങൾ എണ്ണി പറഞ്ഞു പ്രതിപക്ഷവും ;

 

കണ്ണൂരിൽ നടന്ന ചടങ്ങിൽ സര്‍വതല സ്പര്‍ശിയായ വികസന കാഴ്ചപ്പാടുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു . സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്താണെന്ന് രണ്ടു വര്‍ഷം കൊണ്ട് സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷവും സര്‍ക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച്‌ കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന ജീര്‍ണമായ സംസ്‌കാരത്തില്‍ നിന്നും കേരളത്തിന്റെ ഉന്നതമായ സംസ്‌കാരം തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിരാശയിലും അസംതൃപ്തിയിലും ആയിരുന്ന ജനങ്ങള്‍ക്ക് ഇവിടെ ചിലതെല്ലാം നടക്കും എന്ന കാര്യം ബോധ്യപ്പെട്ടു. അഴിമതിയുടെ നാട് എന്ന നിലയില്‍ നിന്നും രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറി.

കാര്‍ഷിക വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. വ്യവസായത്തിലൂടെ മാത്രം വികസനം എന്നതല്ല ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കൊണ്ടുള്ള വികസനം എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പാക്കും എന്നാണ് ഈ ഘട്ടത്തില്‍ ഉറപ്പു നല്‍കാനുള്ളത്. കൂടുതല്‍ കരുത്തോടെയാണ് മൂന്നാം വര്‍ഷത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ ടീച്ചര്‍, മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ശശീന്ദ്രന്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച മള്‍ട്ടി മീഡിയ ഷോ, ആശാ ശരത്തിന്റെ നൃത്തവതരണം, വിജയ് യേശുദാസ് നയിച്ച ഗാന മേള, പ്രസീത ചലക്കുടിയുടെ നാടന്‍ പാട്ടു തുടങ്ങിയ ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ കലാ പരിപാടികളും അരങ്ങേറി.

 

അതിനിടെ അധികാരത്തിലേറി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ തകര്‍ത്തെറിഞ്ഞ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ഇടതുപക്ഷസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയ്യാറാക്കിയ ‘എല്ലാം തകര്‍ത്തെറിഞ്ഞ് രണ്ടുവര്‍ഷം’ എന്ന പുസ്തകം മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി.ക്ക് നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ സാമ്ബത്തിക മേഖല പൂര്‍ണ്ണമായും തകര്‍ന്നു. വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി വാഗ്ദാന ലംഘനത്താല്‍ സര്‍ക്കാരിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നില്ല. ഇരുപത്തിനാല് മാസം കൊണ്ട് 25 രാഷട്രീയ കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നത് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി. പുതിയ പദ്ധതികള്‍ ഒന്നും തന്നെയില്ല കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച വികസന പദ്ധതികള്‍ പോലും തകര്‍ത്തു സമസ്ത ജനവിഭാഗങ്ങള്‍ക്കും ദുരിതം വിതച്ച സര്‍ക്കാര്‍സമ്ബൂര്‍ണ പരാജയമാണൊന്നും ഒന്നിനും കൊള്ളാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വികസനവും കരുതലുമായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ജനോപകാരപ്രദമായ എല്ലാ പദ്ധതികളെയും ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ നാളു മുതല്‍ തകര്‍ത്തെറിഞ്ഞു കൊണ്ടിരിക്കുകയാണ്. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അനുവദിച്ച പാക്കേജ്, വിഴിഞ്ഞം പദ്ധതി, കണ്ണൂര്‍ വിമാനതാവളം തുടങ്ങിയ പദ്ധതികള്‍ ഈ സര്‍ക്കാര്‍ തകര്‍ത്തു.

രണ്ട് കൊല്ലം ഈ സര്‍ക്കാര്‍ ചെയ്ത വികസന പദ്ധതികളോ ക്ഷേമ പദ്ധതികളോ ചൂണ്ടിക്കാണിക്കാനില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി വിഎം സുധീരന്‍ നേരത്തെ rരംഗത്തെത്തിയിരുന്നു . സമ്ബൂര്‍ണ ഭരണപരാജയത്തിന്റെ രണ്ടാം വാര്‍ഷികമാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ആഘോഷമാക്കുന്നതെന്ന് വിഎം സുധീരന്‍. ദിശാബോധം നഷ്ടപ്പെട്ട മന്ത്രിസഭയ്ക്ക് ഒരു മേഖലയിലും കേരളത്തെ മുന്നോട്ടു കൊണ്ടുപോകാനായില്ലെന്ന് പറഞ്ഞ സുധീരന്‍, ജനദ്രോഹ നടപടികളില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് ഈ സര്‍ക്കാരിന്റേതെന്നും കൂട്ടിച്ചേര്‍ത്തു.

 

എല്ലാം ശരിയാക്കാന്‍ വന്നവര്‍ എല്ലാം തകര്‍ക്കുയാണെന്ന് ചടങ്ങില്‍ യു ഡി എഫിന്റെ ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ച കെപിസിസി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. www.udfkerala.org എന്നതാണ് വെബ്സൈറ്റിന്റെ വിലാസം.
കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നെന്നും ഉരുട്ടി കൊലയും പിടിച്ചുപറിയും നിത്യസംഭവമായെന്നും ഒരു നേട്ടവും പറയാനില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും എം.എം ഹസന്‍ പറഞ്ഞു.
കേരളത്തിന്റെ ഭാവി ഇരുളടഞ്ഞെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.വ്യവസായ ഐ.ടി മേഖലകള്‍ തകര്‍ന്നു പകരം കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ ് നേതാക്കളായ എ എ അസിസ് , ജോണി നെല്ലൂര്‍, സി പി ജോണ്‍, ഷിബു ബേബി ജോണ്‍, കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ഡോ. ശൂരനാട് രാജശേഖരന്‍ , എംഎ‍ല്‍എമാരായ കെ.മുരളീധരന്‍, വി എസ് ശിവകുമാര്‍, ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന പ്രസിഡന്റ് റാം മോഹന്‍, ഡി.സിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ് , മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നക്കല്‍ ജമാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *