എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇക്കുറി 97.84 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. 100 % വിജയം നേടിയ 1565 സ്കൂളുകളില്‍ 517 എണ്ണവും സര്‍ക്കാര്‍ സ്കൂളുകള്‍ ആണെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടപ്പാക്കിയ മാറ്റങ്ങള്‍ വിദ്യാഭ്യാസ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നു എന്നതിന്റെ സൂചനയാണ് ഫലം. പുഞ്ചിരിയോടെ എല്ലാവരും എസ്‌എസ്‌എല്‍സി ഫലം സ്വീകരിക്കുമെന്ന് കരുതുന്നു. ജീവിതത്തില്‍ നേരിടുന്ന ആദ്യ കടമ്ബ മാത്രമാണ് ഈ പരീക്ഷയെന്നും ഭാവിയില്‍ നേരിടാന്‍ പോകുന്ന വലിയ കടമ്ബകളെ മറികടക്കാനുള്ള ഉള്‍ക്കരുത്ത് ആര്‍ജിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
സ്കൂളുകളില്‍ നിന്നും സ്വായത്തമാക്കിയ നന്‍മയുടെ പാഠങ്ങള്‍ , സാഹോദര്യത്തിന്റെ, മാനവികതയുടെ, മനുഷ്യത്വത്തിന്റെ, പച്ചപ്പിന്റെ പാഠങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നിടത്താണ് വിജയമെന്നും മികച്ച ഒരു ഭാവി എല്ലാവര്‍ക്കും ആശംസിക്കുന്നതായും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.