എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിച്ചു; ഭരണ നേട്ടങ്ങളെ ഇകഴ്ത്തി മാധ്യമങ്ങള്‍‍ സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പടച്ചുവിട്ടെന്ന് കോടിയേരി‍

kerala ldf news politics

തിരുവനന്തപുരം : എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ ശ്രമിച്ചെന്ന് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസ്യത തിരിച്ചുപിടിക്കാന്‍ അന്ധമായ ഇടതുപക്ഷ വിമര്‍ശനം മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടിയേരി അറിയിച്ചു. മിഡിയ അക്കാദമിയുടെ ഓഡിയോ മാഗസിന്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന്റെ ഭരണത്തുടര്‍ച്ച തടയാനായി വലതുപക്ഷ മാധ്യമങ്ങള്‍ വ്യാജകഥകള്‍ പ്രചരിപ്പിച്ചു. എന്നിട്ടും ഇടതുപക്ഷം അധികാരത്തിലെത്തി. അതെങ്ങിനെയാണെന്ന് മാധ്യമങ്ങള്‍ പഠിക്കാന്‍ തയ്യാറാകണം. അലക്കി വെളുപ്പിക്കാന്‍ ശ്രമിച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കീറി പോയ പഴന്തുണിയായെന്ന് പരിഹസിച്ച കോടിയേരി ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നപ്പോഴും മാധ്യമങ്ങള്‍ മാറുന്നില്ലെന്നും കുറ്റപ്പെടുത്തി.

നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയാന്‍ ജാതിമത ശക്തികളുടെ ഏകോപനത്തിന് മാധ്യമങ്ങള്‍ ശ്രമിച്ചു. ഭരണ നേട്ടങ്ങളെ ഇകഴ്ത്തി സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പടച്ചു വിട്ടുവെന്നും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ആക്ഷേപിക്കുന്നു.

സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് മറച്ചു വക്കാന്‍ ശ്രമം നടന്നു. സ്വാതന്ത്ര്യ ദിനം സിപിഎം ആഘോഷിച്ചത് മറ്റു തരത്തിലാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *