ഡല്‍ഹി: രാജ്യത്തിന് അഭിമാനമായി ഒളിമ്ബിക്സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ നീരജ് ചോപ്ര തന്റെ ഓരോ അഭിലാഷവും പൂര്‍ത്തീകരിക്കുകയാണ്. സ്വന്തം മാതാപിതാക്ക ളുമൊന്നിച്ച് ഒരു വിമാനയാത്രയെന്ന സ്വപ്നമാണ് നീരജ് ചോപ്ര ഇന്ന് രാവിലെ സാക്ഷാത്ക്കരിച്ചത്.
‘എന്റെ ചിരകാല അഭിലാഷമായ ഒരു ചെറിയ സ്വപ്നമാണ് ഇന്ന് പൂര്‍ത്തിയായത്. എന്റെ മാതാപിതാക്കളുമായി ഒരു വിമാനയാത്ര ഇന്ന് നടത്താനായതില്‍ അതിയായ സന്തോഷം പങ്കുവെയ്ക്കുന്നു’ നീരജ് ചോപ്ര ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് 2021ലെ മറ്റ് മത്സരങ്ങള്‍ക്ക് താല്‍ക്കാലികമായി ഒരു ഇടവേള നല്‍കുന്നതായി നീരജ് പ്രഖ്യാപിച്ചത്. ഒളിമ്ബിക്സിന് ശേഷം ചെറിയൊരു വിശ്രമം താനാഗ്രഹിക്കുന്നു. 2022 മുതല്‍ ലോക കായിക വേദികളില്‍ ശക്തമായ സാന്നിദ്ധ്യമായി ഇനി മാറേണ്ടതുണ്ട്. ഏഷ്യന്‍ ഗെയിംസും കോമണ്‍വല്‍ത്ത് ഗെയിംസും അടുത്തവര്‍ഷം പ്രധാന ലക്ഷ്യമാണെന്നും നീരജ് പറഞ്ഞു.
‘ടോക്കിയോവില്‍ നിന്നും തിരികെ എത്തിയ തനിക്ക് ഈ രാജ്യവും ജനങ്ങളും നല്കിയ സ്നേഹത്തിന് ഏറെ നന്ദി. സത്യത്തില്‍ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞ നിരവധി സന്ദര്‍ഭങ്ങളുണ്ടായി. എല്ലാവര്ക്കും നന്ദി പറയാന്‍ വാക്കുകളില്ല.’ നീരജ് പറഞ്ഞു.
അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇന്ത്യയിലേക്ക് ഒളിമ്ബിക്സ് സ്വര്‍ണ്ണം എത്തിച്ച രണ്ടാമത്തെ താരമാണ് സൈനികനായ നീരജ് ചോപ്ര. ഫൈനല്‍ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ 87.02 മീറ്ററും രണ്ടാം ശ്രമത്തില്‍ 87.58 മീറ്ററുമാണ് നീരജ് എറിഞ്ഞത്.
നീരജിനെ മറികടക്കാന്‍ ഒപ്പം മത്സരിച്ച ലോകോത്തര ചാമ്ബ്യന്മാര്ക്കായില്ല. ഇതിനിടെ പാകിസ്താന് താരം ജാവലിന്‍ എടുത്ത സംഭവത്തെ വീഡിയോകളിലൂടെ വിവാദമാക്കിയവരോടുള്ള അതൃപ്തിയും നീരജ് ചോപ്ര ആവര്‍ത്തിച്ചു.