എടിഎം കവർച്ചക്ക് പ്രതികളുടെ പ്ലാനിംഗ് കിറുകൃത്യം ; മൂന്ന് ലോറി,ഗ്യാസ് കട്ടറുകള്‍, കമ്ബി വടി, വടിവാള്‍ ,സ്പ്രൈ ,…; കവർന്നത് 35 ലക്ഷം ; പ്രതികളെ അതിസമർത്ഥമായി പിടികൂടി കയ്യടി വാങ്ങി കേരള പോലീസ് ;

home-slider kerala local

എ.ടി.എം തകര്‍ത്ത് 35 ലക്ഷം കവര്‍ന്ന മേവാത്ത് ഹൈ വേ മോഷ്ടാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങിയേക്കും. എ.ടി.എം കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹരിയാന മേവാത്ത് നസര്‍പൂര്‍ പുല്‍ഹാനയില്‍ ഹൗസ് നമ്ബര്‍ 19 ല്‍ ഹനീഷ് (37), രാജസ്ഥാന്‍ ഭരത്പൂര്‍ കത്താല്‍ പഹാരി നസീം ആക്ബര്‍ (24) എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. മറ്റൊരു മോഷക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന രാജസ്ഥാന്‍ സ്വദേശി പപ്പി സിംഗിനെ (32) 14 ന് കസ്റ്റഡിയില്‍ വാങ്ങും. ഇയാള്‍ക്കെതിരെ എ.ടി.എം കൊള്ള അടക്കം 19 കേസുകള്‍ നിലവിലുണ്ട്.

കേസില്‍ രാജസ്ഥാന്‍ ഭരത്പൂര്‍ സ്വദേശി അലീന്‍ (26), ഹരിയാന സ്വദേശികളായ അസംഖാന്‍ (18), ഷെഹസാദ് (33) എന്നിവര്‍ക്കായി പൊലീസ് വീണ്ടും തിരച്ചില്‍ നടത്തും.

കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് എറണാകുളത്തും, തൃശൂരിലും എ.ടിഎം തകര്‍ത്ത് 35 ലക്ഷം കവര്‍ന്നത്. കൊടും ക്രിമിനലുകളായ ഹനീഫും, നസീമും അസംഖാനും നസീമിന്റെ വീട്ടില്‍ ഒത്തു ചേര്‍ന്നാണ് മോഷണത്തിനു പദ്ധതി തയ്യാറാക്കിയത്. സിംഗാര്‍ കമ്ബനിയില്‍ നിന്നുള്ള ലോഡുമായി ആറു വര്‍ഷമായി കേരളത്തില്‍ ലോറിയോടിക്കുന്ന അസംഖാനും, ഷെഹസാദും, അലീമുമാണ് കവര്‍ച്ച നടത്താനുള്ള എ.ടി.എമ്മുകളെപ്പറ്റി പദ്ധതി അറിയിച്ചത്.

കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം മൂന്ന് ലോറികളില്‍ ലോഡുമായി ഇവര്‍ യാത്ര തിരിച്ചു. ലോറിയുടെ ക്യാബിനില്‍ ഗ്യാസ് കട്ടറുകള്‍, കമ്ബി വടി, വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും ഉണ്ടായിരുന്നു. ഹനീഫും, നസീമും, പപ്പിയും ഡല്‍ഹിയില്‍ നിന്നും വിമാന മാര്‍ഗം ബംഗളൂരുവില്‍ എത്തി ഇവരോടൊപ്പം ചേര്‍ന്നു. സംഘത്തിലെ അഞ്ചു പേര്‍ പത്തനംതിട്ടയിലേക്ക് ലോഡ് കൊണ്ടു പോകുന്ന ലോറിയില്‍ കയറി. അലീം കൊല്ലത്തേയ്ക്ക് പോയി.

പത്തനംതിട്ടയില്‍ ലോഡിറക്കിയ ശേഷം തിരികെ എത്തിയ സംഘം മണിപ്പുഴയിലെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് മോഷ്ടിച്ചു. തുടര്‍ന്ന് നാഷണല്‍ പെര്‍മിറ്റ് ലോറിയിലുണ്ടായിരുന്ന അസമിനോട് ലോറിയുമായി ചാലക്കുടിയില്‍ നില്‍ക്കാന്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് ഹനീഫ്, ഷഹസാദ്, നസീം, പപ്പി എന്നിവര്‍ പിക്കപ്പ് വാനില്‍ പുറപ്പെട്ടു. ഇരുപത് വര്‍ഷത്തോളമായി വെല്‍ഡറായ ഹനീഫാണ് എ.ടി.എമ്മുകള്‍ തകര്‍ക്കാനെത്തിയത്. നസീമാണ് കാമറകളില്‍ സ്‌പ്രേ പെയിന്റ് അടിച്ചത്. വെമ്ബള്ളിയില്‍ എ.ടി.എം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മുകള്‍ നിലയില്‍ നിന്നു വെളിച്ചം കണ്ട് രക്ഷപ്പെട്ടപ്പോള്‍, മോനിപ്പള്ളിയിലെ എ.ടി.ഐമ്മില്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇരുമ്ബനത്തു നിന്ന് 25 ലക്ഷവും കൊരട്ടിയില്‍ നിന്ന് പത്ത് ലക്ഷവും കവര്‍ന്നു.

കവര്‍ച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്ക് പിന്‍തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമമായ മേവാത്തില്‍ നിന്നും എറണാകുളം സിറ്റി സി.ഐ ഉത്തംദാസ്, കോട്ടയം ഈസ്റ്റ് എസ്.ഐ ടി.ഐസ് റെനീഷ്, എ.എസ്.ഐമാരായ അജിത്, കെ.കെ റെജി, എ.എസ്.ഐ അനസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ദിനില്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി ദിനേശ്, കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *