ഉദാഹരണം സുജാത » review

film reviews

●സമീപകാല മലയാള സിനിമകളേക്കുറിച്ച്‌ ഒന്ന് പരിചിന്തിക്കുകയാണെങ്കിൽ നായികാപ്രാധാന്യമുള്ള സിനിമകളുടെ ഒരു വൻ ഒഴുക്ക്‌ തന്നെ ഉണ്ടായിട്ടുണ്ടെന്ന് പറയാം. അതിനിടയാക്കിയത്‌ മഞ്ജു വാര്യരുടെ തിരിച്ചുവരവാണെന്ന് ചിലർ പറയുന്നു. എന്തുതന്നെയായാലും ‘സൈറാ ബാനു’ ഒഴിച്ചു നിറുത്തിയാൽ തന്റെ രണ്ടാം വരവിലെ, മറ്റൊരു ചിത്രവും മഞ്ജു വാര്യർ എന്ന നടിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായിരുന്നില്ല. നായികാപ്രാധാന്യമുള്ള ചിത്രങ്ങളായ ഹൗ ഓൾഡ്‌ ആർ യു, റാണി പദ്മിനി, ജോ ആൻഡ്‌ ദ്‌ ബോയ്‌ എന്നീ ചിത്രങ്ങൾ രണ്ടാം വരവിൽ മഞ്ജുവാര്യരുടേതായി ഇറങ്ങിയിരുന്നെങ്കിലും മുക്തകണ്ഠ പ്രശംസ നേടിയ ഒരേയൊരു ചിത്രം ‘സൈറാ ബാനു’ മാത്രമായിരുന്നു. തന്റെ പ്രിയ ‘മകനു’വേണ്ടി, കഠിനശ്രമം ചെയ്തുകൊണ്ട്‌ ഒറ്റയ്ക്ക്‌ കോടതിമുറിയിൽ കേസ്‌ വാദിക്കുന്ന സൈറയെ നാമാരും മറക്കുവാനിടയില്ല. എന്നാൽ തിയെറ്ററിൽ ഈ ചിത്രത്തിന്‌ അർഹമായ ചലനമുണ്ടാക്കുവാൻ സാധിച്ചതുമില്ല. അതുകൊണ്ടുതന്നെ, മഞ്ജു വാര്യരുടെ രണ്ടാം വരവിലെ സിനിമ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നിരുന്നു.

■എന്നാൽ ഇത്തവണത്തെ മഞ്ജു വാര്യരുടെ സിനിമാ റിലീസിംഗ്‌ പോലും ശ്രദ്ധേയമായിരുന്നു. പ്രത്യേക സാഹചര്യത്തിൽ റിലീസ്‌ ചെയ്ത ദിലീപിന്റെ രാമലീലയുമായി നേർക്കുനേർ ഉദാഹരണം സുജാതയും റിലീസ്‌ ചെയ്തു. ഫാന്റം പ്രവീൺ സംവിധാനം ചെയ്ത ‘ഉദാഹരണം സുജാത’ ചാർലിക്കു ശേഷം മാർട്ടിൻ പ്രക്കാട്ട് -ജോജു ജോര്‍ജ് ടീമിന്റെ നിർമാണ സംരംഭമാണ്. അശ്വിനി അയ്യര്‍ തിവാരി ഹിന്ദിയിൽ ‘നിൽ ബാത്തെ സന്നത’ എന്ന പേരിലും തമിഴിൽ ‘അമ്മ കണക്ക്’ എന്ന പേരിലും സംവിധാനം ചെയ്ത സിനിമകളുടെ മലയാളം പതിപ്പാണ്‌ ഉദാഹരണം സുജാത. നിരവധി പ്രേക്ഷക/നിരൂപകാംഗീകാരങ്ങൾ നേടിയ ചിത്രമായിരുന്നു രണ്ടും. ആ സ്ഥിതിയ്ക്ക്‌, ഉദാഹരണം സുജാതയും പ്രതീക്ഷകൾ നൽകിയിരുന്നു.

SYNOPSIS
■തിരുവനന്തപുരം തമ്പാനൂരിനു സമീപമുള്ള വലിയ ഒരു കോളനി പ്രദേശമാണ്‌ ‘ചെങ്കൽച്ചൂള.’ സാധാരണക്കാരിൽ സാധാരണക്കാരായ ആയിരക്കണക്കിനാളുകൾ അവിടെ വസിക്കുന്നുണ്ട്‌. വിധവയായ സുജാത കൃഷ്ണൻ മകൾക്കൊപ്പം അവിടെ താമസിയ്ക്കുന്നു. ഒരു സമ്പന്നഭവനത്തിൽ ജോലിയ്ക്കായി പൊയ്ക്കൊണ്ടിരിക്കുന്ന സുജാതയുടെ പ്രധാന പ്രശ്നം മകൾ പഠനത്തിൽ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ്‌. മകളെ പഠിപ്പിക്കുവാനായി സുജാത നടത്തുന്ന ശ്രമങ്ങളാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

COMPREHENSIVE VIEW
■നായികാപ്രാധാന്യമുള്ള ഒരു ചിത്രമാണ്‌ ഉദാഹരണം സുജാത. നമുക്ക്‌ പരിചയമുള്ള, നമ്മുടെ അയൽക്കാരിയായ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിധവയായ ഒരു സ്ത്രീയുടെ ജീവിതത്തെ അടുത്തറിഞ്ഞുകൊണ്ട്‌, അവരോടൊപ്പമുള്ള ഒരു യാത്രയാണ്‌ ‘ഉദാഹരണം സുജാത’യും പ്രദാനം ചെയ്യുന്നത്‌. ഒരമ്മയും മകളും തമ്മിലുള്ള ആത്മബന്ധവും സ്നേഹവുമെല്ലാം ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു.

■വളരെ പതിഞ്ഞ താളത്തിലാണ്‌ ചിത്രം ഒഴുകിത്തുടങ്ങുന്നത്‌. നായികയുടെ അനുദിനജീവിതചര്യകളും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന മകളുമൊത്തുള്ള ഇണക്കങ്ങളും പിണക്കങ്ങളും, അവളുടെ പഠനത്തിനായുള്ള നെട്ടോട്ടവും മാത്രമാണ്‌ ആദ്യപകുതിയിൽ കാണുവാൻ കഴിയുന്നത്‌. വിതുര അധകൃതോദ്ധാരണി വിദ്യാലയത്തിൽ നിന്നും സ്കൂൾ പഠനം പാതിവഴിയിലുപേക്ഷിച്ച്‌ ചെങ്കൽ ചൂളയിൽ എത്തിപ്പെട്ട്‌, ഇന്ന് വിധവയും ഒരു പത്താംക്ലാസുകാരി ആയ പെൺകുട്ടിയുടെ മാതാവുമായി ജീവിക്കുന്ന സുജാത അതേ സ്ഥലത്ത്‌ നിത്യവൃത്തിയ്ക്കായി പാടുപെടുന്ന നൂറുകണക്കിന്‌ സ്ത്രീകളുടെ പ്രതിനിധിയാണ്‌. ഭർത്താവില്ലാത്തതിനാൽ അവസരം മുതലെടുത്ത്‌ അടുത്തുകൂടാനായി ശ്രമിക്കുന്ന ഒരു യുവാവും അയൽവാസിയായുണ്ട്‌. ആദ്യഭാഗങ്ങൾ പ്രേക്ഷകന്‌ പൂർണ്ണതൃപ്തി പകർന്നു നൽകിയെന്ന് പറയുവാനാകില്ല. അതിവൈകാരികത നിറഞ്ഞ രണ്ടാം പകുതിയും ഏറെക്കുറെ അങ്ങനെ തന്നെ. സംഭാഷണരംഗങ്ങൾ മിക്കതും സുജാതയുടെ ക്യാരക്ടർ സ്കെച്ചിൽ ഏച്ചുകെട്ടലായി അനുഭവപ്പെടുന്നുണ്ട്‌. സാമാന്യ യുക്തിയ്ക്ക്‌ നിരക്കാത്ത പല സംഭവങ്ങളും രണ്ടാം പകുതിയിൽ ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്‌. തികച്ചും നാടകീയമായ അന്ത്യമാണ്‌ ചിത്രത്തിന്‌. ചിത്രത്തിൽ കാണിക്കുന്ന ഹോസ്പിറ്റൽ രംഗങ്ങളും നന്മ നിറഞ്ഞ, ചില തിരിച്ചറിവുകളും ബോറൻ കാഴ്ചകളാണ്‌ സമ്മാനിച്ചത്‌.

■അശ്വിനി അയ്യര്‍ തിവാരിയുടെ ‘നിൽ ബാത്തെ സന്നത’ ‘അമ്മ കണക്ക്’ എന്നീ ചിത്രങ്ങളുമായുള്ള ‘ഉദാഹരണം സുജാത’യുടെ ബന്ധം മാറ്റി നിറുത്തിയാലും പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം എങ്ങനെയാണ്‌ ഒരു ചിത്രം ഓരു നല്ല അനുഭവമായി മാറുന്നത്‌? പ്രസ്തുത ചിത്രത്തിന്‌ മുൻപിറങ്ങിയ ചിത്രങ്ങളുമായുള്ള സാമ്യതകൾ പ്രേക്ഷകനെ മടുപ്പിക്കും. ഇവിടെ സംഭവിക്കുന്നതും മറിച്ചല്ല. കഴിഞ്ഞ വർഷം സുരഭി ലക്ഷ്മി ദേശീയ അവാർഡ്‌ കരസ്ഥമാക്കിയ ചിത്രമായിരുന്നു ‘മിന്നാമിനുങ്ങ്‌.’ ഈ ചിത്രവുമായി ‘ഉദാഹരണം സുജാത’യ്ക്ക്‌ വലിയ സാമ്യതകളുണ്ട്‌. രണ്ടു ചിത്രങ്ങളിലേയും നായികമാർ സാധാരണക്കാർ, വിധവകൾ. രണ്ടുപേർക്കും വിദ്യാർത്ഥിനികളായ ഒരേയൊരു മകൾ. അമ്മമ്മാർ രണ്ടുപേരും വീട്ടുവേല ചെയ്യുന്നു, രണ്ടുപേർക്കും പ്രചോദനം നൽകുന്നത്‌ നഗരത്തിൽ, തങ്ങൾ ജോലി ചെയ്യുന്ന വീടുകളിലെ മുതിർന്ന പൗരന്മാർ, രണ്ടുപേരും സാഹിത്യകാരന്മാർ. രണ്ട്‌ സ്ത്രീകളുടേയും ലക്ഷ്യം മക്കളുടെ ഭാവി മാത്രം..! നിർഭാഗ്യവശാൽ ‘മിന്നാമിനുങ്ങ്‌’ ഏന്ന ചിത്രം നൽകിയതിന്റെ ഒരംശം പോലും സംതൃപ്തി ഉദാഹരണം സുജാതയിൽ നിന്ന് ലഭിയ്ക്കുന്നില്ല. ഉദാഹരണം സുജാതയുടെ ‘മാസ്റ്റർ സൃഷ്ടി’യായ ‘നിൽ ബാത്തെ സന്നത’ ‘അമ്മ കണക്ക്’ എന്നീ സിനിമകളുമായുള്ള താരതമ്യത്തിലും, ആത്മാവ്‌ നഷ്ടപ്പെട്ട ഒരു സിനിമാനുഭവം മാത്രമാണ്‌ ഉദാഹരണം സുജാതയിലൂടെ പ്രേക്ഷകനു ലഭ്യമാകുന്നത്‌.

■മാതൃസ്‌നേഹത്തിന്റെ ഊഷ്മളമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രമാണ്‌ ഉദാഹരണം സുജാത. കുടുംബസദസ്സുകൾക്ക്‌ ഒരുകാലത്ത്‌ പ്രിയങ്കരിയായിരുന്ന മഞ്ജു വാര്യരുടെ താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ്‌ ചിത്രത്തിലുള്ളത്‌. മേൽപ്പറഞ്ഞതുപോലെ സുരഭി ലക്ഷ്മിയുടെ മിന്നാമിനുങ്ങിലെ കഥാപാത്രവുമായി തുലനം ചെയ്താൽ വളരെ പിന്നിലാണ്‌ മഞ്ജു വാര്യരുടെ സുജാത. തീരുമാനപ്രാപ്തിയില്ലാത്ത, സഹജജ്ഞാനം കുറവുള്ള, ലക്ഷ്യത്തിലെത്തിച്ചേരുവാനായി കഠിനശ്രമം ചെയ്യുന്ന കഥാപാത്രമായിരുന്നു സുജാത. ശുഭാപ്തി വിശ്വാസത്തിന്റേയും അതിജീവനത്തിനായുള്ള പോരാട്ടത്തിന്റേയും ഏറ്റവും ഒരു മികച്ച ദൃഷ്ടാന്തം തന്നെയാണ്‌ അവരിൽ കാണുവാൻ കഴിയുന്നത്‌. കഥാപാത്രത്തോട്‌ പൂർണ്ണമായും ഇഴുകിച്ചേർന്ന്, ശരീര ഭാഷ ഉള്‍ക്കൊണ്ടാണ് മഞ്ജു തന്റെ വേഷം അവതരിപ്പിക്കുവാൻ ശ്രമിച്ചത്‌. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഒരു വീട്ടമ്മയുടെ ആകുലതകളും ദൈന്യതയും പ്രയാസങ്ങളുമെല്ലാം മഞ്ജുവാര്യർ പ്രതിഫലിപ്പിക്കുവാൻ ശ്രമം ചെയ്തിട്ടുണ്ട്‌. ഏറെക്കുറെ അത്‌ തൃപ്തികരമായി നിറവേറിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ അരോചകമായിരുന്നു. തനിക്ക്‌ ജോലി കിട്ടിയതിന്റെ സന്തോഷം അറിയിക്കാൻ വീട്ടിലെത്തിയ ചെറുപ്പക്കാരന്റെ മുൻപിൽ നിൽക്കുന്ന സുജാതയുടെ മുഖഭാവം അതിനുദാഹരണമാണ്‌. സുജാതയുടെ മേക്കപ്പ്‌ വളരെ ബോറായിരുന്നു.

■സുജാതയുടെ മകൾ കടുത്ത ദുൽഖർ സൽമാൻ ആരാധികയാണ്‌. എന്നാൽ പഠനത്തിൽ മഹാ മോശവും. അമ്മയോട്‌ തർക്കുത്തരം പറയുന്ന, അഭിമാനിയായ പത്താംക്ലാസുകാരി. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ പിരിമുറുക്കങ്ങളും വിഷമതകളുമെല്ലാം ആതിര എന്ന കഥാപാത്രത്തിലൂടെ കാണാൻ കഴിയുന്നുണ്ട്‌. തന്റെ ആവശ്യങ്ങൾ നിറവേറ്റുവാൻ പോലും കഴിയാത്ത അമ്മയുമായുള്ള ആതിരയുടെ സംഭാഷണരംഗങ്ങൾ ഓർമ്മയിൽ തങ്ങിനിൽക്കുന്നു. ആതിര എന്ന കഥാപാത്രമായുള്ള അനശ്വര രാജൻ എന്ന കുട്ടിയുടെ പ്രകടനം തന്നെയാണ്‌ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്‌ പോയന്റ്‌. ഒറ്റവാക്കിൽ അനശ്വരയെ ‘മിടുമിടുക്കി’ എന്ന് വിശേഷിപ്പിക്കാം. മകളുമൊത്തുള്ള സുജാതയുടെ സംഭാഷണരംഗങ്ങൾ ശ്രദ്ധേയമാണ്‌. ചിത്രത്തിന്റെ നിർമ്മാതാവുകൂടിയായ ജോജു ജോർജ്ജിന്റെ, വിചിത്രസ്വഭാവക്കാരനായ അധ്യാപക കഥാപാത്രം ചിലയവസരങ്ങളിൽ കൃത്രിമത്വം നിറഞ്ഞ പ്രകടനങ്ങളായിരുന്നു കാഴ്ചവച്ചത്‌. അഭിജ ശിവകലയുടെ അയൽക്കാരി വേഷം വളരെ തന്മയത്വത്തോടുകൂടിത്തന്നെ അവർ കൈകാര്യം ചെയ്തിട്ടുണ്ട്‌. നെടുമുടിവേണുവിന്റെ ജോർജ്ജ്‌ എന്ന കഥാപാത്രത്തെ കാലങ്ങളായി നാം നിരവധി മലയാള സിനിമകളിൽ കണ്ടുശീലിച്ചതാണ്‌. ഇന്നത്തെ മാതാപിതാക്കൾക്കും കുട്ടികൾക്കും ചില വലിയ പാഠങ്ങൾ തന്നെ ചിത്രം നൽകുന്നുണ്ട്‌. ഗണിതശാസ്ത്രപഠനം ആസ്വാദ്യകരമാക്കുവാനുള്ള ചില കുറുക്കുവഴികളും ചിത്രം പറഞ്ഞുതരുന്നു.

■പ്രചോദനാത്മകമായ സന്ദേശങ്ങൾ പകർന്നുനൽകുവാനുള്ള പൂർണ്ണവളർച്ച പ്രാപിക്കാത്ത ശ്രമം മാത്രമാണ്‌ ‘ഉദാഹരണം സുജാത.’ ഒരു മലയാള സിനിമ എന്ന നിലയിൽ യാതൊരു പുതുമയും അവകാശപ്പെടാൻ ചിത്രത്തിനില്ല. കാലങ്ങളായി മലയാള സിനിമ പിന്തുടരുന്ന നിരവധി ക്ലീഷേകൾ ഈ ചിത്രത്തിലുമുണ്ട്‌. മഞ്ജു വാര്യരുടെ രണ്ടാം വരവിലെ സ്ഥിരംകാഴ്ചയായ അമ്മ മകൻ/അമ്മ മകൾ കോൺഫ്ലിക്ടുകളും ആർട്ടിഫിഷ്യൽ നന്മവിതറലും ഇവിടേയും ആവർത്തിക്കപ്പെടുന്നു. കുടുംബബന്ധങ്ങൾക്കിടയിൽ സംഭവിക്കാറുള്ള അതിവൈകാരിക സംഭാഷണങ്ങളും വാഗ്വാദങ്ങളുമുൾപ്പെട്ട നിരവധി രംഗങ്ങൾ പ്രേക്ഷകനെ ബോറടിപ്പിച്ചേക്കാം.

■സംവിധായകന്റെ അലസത ചിത്രത്തിൽ പലപ്പോഴും പ്രകടമാവുന്നുണ്ട്‌. സിനിമ നടക്കുന്ന കാലഘട്ടവുമായുള്ള ബന്ധത്തിൽ ആതിര എന്ന കഥാപാത്രം പറയുന്ന സിനിമകൾ, മുറിച്ചെടുക്കുന്ന സി.ഐ.എ സിനിമയുടെ പോസ്റ്ററുകൾ തുടങ്ങിയവ അതിനുദാഹരണങ്ങളാണ്‌. അതുപോലെ മഞ്ജു വാര്യർ, അനശ്വര എന്നിവരുടെ സംസാരഭാഷ സംവിധായകന്‌ തോന്നുമ്പോൾ മാത്രം തിരുവനന്തപുരം ശൈലിയിലും, അല്ലാത്തപ്പോൾ സാധാരണ ശൈലിയിലും കേൾക്കുവാൻ ഇടയായി. അതുപോലെ ഉത്തരക്കടലാസിൽ മാർക്കിട്ട്‌ വിളിച്ചുപറയുന്ന രീതിയൊക്കെ (അതും തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂൾ) മാറിയ കാര്യവും സംവിധായകൻ അറിഞ്ഞില്ലെന്ന് തോന്നുന്നു. അതുപോലെ ചെങ്കൽ ചൂള കോളനിയിലെ തന്റെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ സുജാത ചെന്നെത്തിയത്‌ ഒരു റെയിൽവേ ട്രാക്കിനടുത്ത്‌. ആ പരിസരത്ത്‌ എവിടെയാണ്‌ റെയിൽവേ ട്രാക്ക്‌? (സാങ്കൽപ്പിക സ്ഥലം എന്ന വിധത്തിൽ ഇത്‌ നമുക്ക്‌ മറക്കാം.)

■മകളെ പഠിപ്പിച്ച് മികച്ച ജോലിയിൽ എത്തിക്കണമെന്ന് ആഗ്രഹിക്കുന്ന അമ്മയ്ക്ക് വിദ്യാഭ്യാസത്തിന്റെ വിലയറിയാത്ത മകളിൽ നിന്നും നേരിടുന്ന വെല്ലുവിളികൾ ഒരു പരിധിവരെ ഇന്നത്തെ അമ്മമാരെ ചിന്തിപ്പിച്ചേക്കാം. അതുപോലെ ചെങ്കൽചൂള നിവാസികളുടെ ആനുകാലിക പ്രശ്നങ്ങളിലേയ്ക്കും ജീവിതരീതികളിലേയ്ക്കും കുടിവെള്ളക്ഷാമം, രോഗങ്ങൾ തുടങ്ങിയ വിഷയങ്ങളിലേയ്ക്കും സംവിധായകൻ ഒരെത്തിനോട്ടം നടത്തുന്നുണ്ട്‌. ഈ നാളുകളിൽ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന സാധാരണക്കാരേക്കുറിച്ചും അവരുടെ അതിജീവനത്തിനായുള്ള ശ്രമങ്ങളേക്കുറിച്ചും സംവിധായകൻ ഒരു രേഖാചിത്രം നൽകുന്നുണ്ട്‌. ചുരുങ്ങിയ വരുമാനത്തിൽ ജീവിതം തള്ളിനീക്കുന്ന വിവിധമേഖലകളിലുള്ള വലിയൊരു വിഭാഗം ആളുകളുടെ കുടുംബസാഹചര്യങ്ങളും ചിത്രത്തിൽ കാണാം.

■മധു നീലകണ്ഠന്റെ ഛായാഗ്രഹണം ചിത്രത്തിന്‌ ഗുണം ചെയ്തിട്ടുണ്ട്‌. സാങ്കേതികപരമായ മറ്റ്‌ വശങ്ങളും മേന്മയേറിയതാണ്‌. പെർഫെക്ഷനോടുകൂടിത്തന്നെ ചിത്രത്തിൽ വാഹനാപകടരംഗം കാണിച്ചിട്ടുണ്ട്‌. ഗോപി സുന്ദറിന്റെ സ്ഥിരം പാറ്റേണിലുള്ള ഏതാനും പാട്ടുകൾ അനവസരത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്‌. പശ്ചാത്തലസംഗീതവും മേന്മയില്ലാത്തത്‌.

OVERALL VIEW
■ഓർത്തിരിക്കുവാൻ തക്കവണ്ണമുള്ള ഘടകങ്ങളൊന്നും തന്നെയില്ലെങ്കിലും പ്രേക്ഷകരെ നിരാശിതരാക്കാത്ത ഒരു സിനിമതന്നെയാണ്‌ ഉദാഹരണം സുജാത. പലതവണ കണ്ടുശീലിച്ച നന്മക്കഥകളുടെ പുതുമയില്ലാത്ത പല കാഴ്ചകളും ചിത്രത്തിലുണ്ട്‌. സ്ത്രീകഥാപാത്രങ്ങൾക്ക്‌ പ്രാധാന്യമുള്ള, അമ്മ-മകൾ കോൺഫ്ലിക്ടുകൾ, ഇണക്കങ്ങൾ, പിണക്കങ്ങൾ ഒടുവിൽ സൊല്യൂഷൻ, ശുഭാന്ത്യം തുടങ്ങിയവ ഉൾപ്പെട്ട കുടുംബകഥകൾ ഇഷ്ടപ്പെടുന്നവർക്ക്‌ ഉദാഹരണം സുജാതയും ഇഷ്ടപ്പെട്ടെക്കും.

Leave a Reply

Your email address will not be published. Required fields are marked *