ന്യൂഡല്‍ഹി: 2018 ലെ റിപ്പബ്ലിക് ദിനാഘോഷം ചരിത്രമാക്കാനൊരുങ്ങി ഇന്ത്യ ക്ഷണിച്ചത് പത്ത് രാഷ്ട്രങ്ങളിലെ തലവന്‍മാരെ അതിഥികളായിട്ട് . ആസിയാനിലെ 10 അംഗരാഷ്ട്രങ്ങളിലെ തലവന്‍മാരാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യ അതിഥികള്‍. ആദ്യമായാണ് റിപ്പബ്ലിക് ദിന ആഘോഷത്തിന് പത്ത് രാഷ്ട്ര തലവന്‍മാര്‍ എത്താൻ പോകുന്നത്. തായ്ലാന്റ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പിയന്‍സ്, സിംഗപ്പൂര്‍, മ്യാന്‍മാര്‍, ബ്രൂണോയ്, കംബോഡിയ, ലാവോസ് എന്നീ രാജ്യങ്ങളിലെ തലവന്‍മാരാണ് അതിഥികളായി എത്തുന്നത്.
കൂടാതെ ആസിയാന്‍ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും ആസിയാനില്‍ ഇന്ത്യ അംഗത്വം എടുത്തതിന്റെ 25ാം വാര്‍ഷികവും കൂടിയാണ് ഈ വർഷം. ഇത്തവണ ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ആകാശത്ത് ആസിയാന്‍ പതാക പാറിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യം അതീവ സുരക്ഷയിലാണ്.