ഇന്ന് കര്‍ക്കിടകപ്പിറവി, ഇനി രാമശീലുകളുടെ പുണ്യം പേറുന്ന രാപ്പകലുകള്‍

home-slider indian kerala local

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ ശീലുകളുടെ പുണ്യം പേറുന്ന മാസപ്പിറവി. കര്‍ക്കിടകം മലയാളത്തിന്റെ പുണ്യ മാസങ്ങളില്‍ ഒന്നാണ്. രാമശീലുകളുടെ ഇളം തെന്നല്‍ കാതുകളില്‍ കുളിര്‍മയേകുന്ന കാലം. ഇനിയുള്ള ഒരുമാസക്കാലം രാമമയമാണ് എങ്ങും. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്തരീക്ഷത്തില്‍ അലയടിച്ച്‌ രാമജപങ്ങള്‍ കാതുകളിലേക്കും മനസുകളിലേക്കും ചേക്കേറുന്നു. അതാണ് ഈ കര്‍ക്കിടകം പേറുന്ന പുണ്യം.

ബലിതര്‍പ്പണത്തിന്റെ മാഹാത്മ്യവും കര്‍ക്കിടകം നല്‍കുന്നു. പിതൃക്കള്‍ക്ക് ആത്മശാന്തി നേര്‍ന്ന് എള്ളും കറുകയും ചേര്‍ത്ത് സമര്‍പ്പിക്കുന്ന വെള്ളച്ചോറിന് കൈകൊട്ടി ബലികാക്കകളെ ക്ഷണിക്കുന്ന കര്‍ക്കിടക കാഴ്ചകള്‍ മനുഷ്യ വിശ്വാസത്തിന്റെ നേര്‍ച്ചിത്രങ്ങളാണ്.പൂര്‍ത്തീകരിക്കാത്ത മോഹങ്ങളും വ്യഥകളുമായി അലയുന്ന ആത്മാക്കളുടെ പിറുപിറുപ്പും അതിന്റെ മുഴക്കങ്ങളും ആ ബലിതര്‍പ്പണത്തില്‍ അലിഞ്ഞില്ലാതാകുമെന്ന് നമ്മള്‍ വിശ്വസിച്ച്‌ പോരുന്നു.

പഞ്ഞമാസമെന്ന വിശേഷണമാണ് കര്‍ക്കിടകത്തിന് പുരാണങ്ങള്‍ നല്‍കുന്നത്. നാട്ടിന്‍ പുറങ്ങളിലെ ദാരിദ്ര്യത്തിന്റെ ആഴമളക്കല്‍ കൂടി കര്‍ക്കിടകം നടത്തുന്നു. കാലവര്‍ഷത്തിന്റെ വികൃതികള്‍ കര്‍ക്കിടകത്തെ ചുറ്റുമ്ബോള്‍ വറുതികളുടെ കാലം മാടിവിളിക്കപ്പെടുന്നു. സാധാരണക്കാരന്‍ അടുപ്പുകള്‍ പുകഞ്ഞ് കാണാന്‍ കാത്തിരിക്കുന്ന കാഴ്ചകള്‍ പണ്ട് കാലത്ത് അനവധിയായിരുന്നു. ഇന്നും അതിന് മാറ്റങ്ങള്‍ ഏറെയൊന്നും ഇല്ല. മഴ തുള്ളിമുറിഞ്ഞിട്ട് അന്നത്തെ അന്നം തേടിപ്പോകാന്‍ വീടിന്റെ മണ്‍കോലായില്‍ അധികം സ്വപ്നങ്ങളൊന്നുമില്ലാതെ ദൂരത്തിലേക്ക് കണ്ണും നട്ട് കാത്തിരിക്കുന്ന ദൈന്യചിത്രങ്ങള്‍ കര്‍ക്കിടകത്തിന്റെ സമ്മാനങ്ങളാണ്.

കര്‍ക്കിടക ചികിത്സയാണ് ഈ മാസത്തിന്റെ മറ്റൊരു സവിശേഷത. രോഗശമനങ്ങള്‍ക്കും ആരോഗ്യത്തിനും ഉന്‍മേഷത്തിനും കര്‍ക്കിടക കഞ്ഞി പ്രസിദ്ധമാണ്. ഉഴിച്ചിലും പിഴിച്ചിലും ധാരയും എണ്ണത്തോണിയും എല്ലാം ചേര്‍ന്ന ചികിത്സയെ മിക്കവരും ഇന്ന് ആശ്രയിക്കുന്നുണ്ട്. തപോധ്യാനത്തിന്റെ നാളുകളിലേക്കാണ് മലയാള മനസുകള്‍ ഇനി കടക്കുന്നത്. രാമനാമ ജപങ്ങള്‍ കര്‍ക്കിടക സന്ധ്യകളെ ഭക്തിസാന്ദ്രമാക്കുന്നു.

തിന്‍മയ്‌ക്കെതിരായ നന്‍മയുടെ വിജയമാണ് രാമായണം വിളിച്ചോതുന്നത്. സഹനത്തിന്റെയും സഹിഷ്ണുതയുടെയും തലങ്ങള്‍ അത് മനുഷ്യന് കാട്ടിക്കൊടുക്കുന്നു. സ്‌നേഹത്തിന്റെയും വിശ്വസത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നു. ഒരു കൊല്ലവര്‍ഷം ഈ മാസത്തോട് കൂടി അവസാനിക്കുകയാണ്. 30 നാളുകള്‍ക്കപ്പുറം പുതുപ്പിറവിയുമായി ചിങ്ങം എത്തുകയാണ്. ഓണം എന്ന മറ്റൊരു നന്‍മയുമായെത്തുന്ന ആ പുതുവര്‍ഷപ്പുലരിയ്ക്കായാണ് മലയാളികള്‍ ഇനി കാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *