ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യക്കു ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. റണ്‍ മഴ പെയ്ത മത്സരത്തില്‍ ഉപനായകന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഇംഗ്ലീഷ് നിരയെ മുട്ടുകുത്തിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ട്വന്റി ട്വന്റി പരമ്ബര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ചിരുന്നു.ഇന്നത്തെ സെഞ്ച്വറിയോടെ ഇന്ത്യക്കായി മൂന്ന് ടി ട്വന്റി സെഞ്ചുറി നേടുന്ന താരമായി രോഹിത്. രോഹിതിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ 14 പന്തില്‍ 33 രണ്സും ക്യാപ്റ്റന്‍ കോലി 43 റണ്‍സും നേടിയിരുന്നു. നേരത്തെ തകര്‍പ്പന്‍ സ്കോറിലേക്ക മുന്നേറിയ ഇംഗ്ലണ്ടിനെ 4 വിക്കറ്റ് വീഴ്ത്തിയ ഹാര്‍ദിക് തന്നെയാണ് പിടിച്ച് കെട്ടിയതും
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഒമ്ബതു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണര്‍ ജാസണ്‍ റോയിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചത്. 31 പന്തില്‍ നാലു ബൗണ്ടറികളും ഏഴു സിക്സറുമടക്കം റോയ് 67 റണ്‍സ് വാരിക്കൂട്ടി.
ജോസ് ബട്ലര് (34), അലെക്സ് ഹെയ്ല്‍സ് (30), ജോണി ബെയര്‍സ്റ്റോ (25) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. പത്താം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ സ്കോര്‍ 100 കടന്നിരുന്നു. എന്നാല്‍ അവസാന പത്തോവറില്‍ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കിന് കടിഞ്ഞാണിടാന്‍ ഇന്ത്യക്കു കഴിഞ്ഞു. നാലു വിക്കറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. നാലോവറില്‍ 38 റണ്‍സ് വഴങ്ങിയാണ് പാണ്ഡ്യ നാലു പേരെ പുറത്താക്കിയത്.സിദ്ധാര്‍ഥ് കൗളിന് രണ്ടു വിക്കറ്റ് ലഭിച്ചു.