കൊച്ചി: പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള അപേക്ഷാ നടപികള് ലളിതമാക്കി. അതേസമയം അപേക്ഷാ നടപടികള്‍ ലളിതമാക്കിയെങ്കിലും പാസ്പോര്‍ട്ട് ലഭിക്കുന്നതിനു പൊലീസ് പരിശോധന ഒഴിവാക്കിയിട്ടില്ലെന്നു റീജനല്‍ പാസ്പോര്‍ട്ട് ഓഫിസര്‍ പ്രസാദ് ചന്ദ്രന് പറഞ്ഞു. അപേക്ഷകന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോ എന്ന് മാത്രമായിരിക്കും പൊലീസ് പരിശോധിക്കുക. അതിനായി അപേക്ഷകനെ നേരിട്ടു കാണുകയോ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയോ ചെയ്യേണ്ടതില്ല. വിലാസം ശരിയാണോയെന്നു പൊലീസ് പരിശോധിക്കേണ്ടതില്ല.
അപേക്ഷകന്റെ വിലാസം കൃത്യമാണോ കുറ്റകൃത്യ പശ്ചാത്തലമുണ്ടോ എന്നീ കാര്യങ്ങളാണു ഇത്രയും കാലം പൊലീസ് പരിശോധിച്ചിരുന്നത്. ഇനി ക്രിമിനല്‍ പശ്ചാത്തലം മാത്രം അന്വേഷിച്ചാല്‍ മതി. അപേക്ഷയില്‍ രേഖപ്പെടുത്തുന്ന വിലാസത്തിലാണു പാസ്പോര്‍ട്ട് അയയ്ക്കുക. ഇത് അപേക്ഷകന് നേരിട്ടു കൈപ്പറ്റണം. നേരിട്ടു കൈപ്പറ്റാത്തവ പാസ്പോര്‍ട്ട് ഓഫിസുകളിലേക്ക് തിരിച്ചയയ്ക്കും. ഇതടക്കം പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടികള്‍ വളരെ ലളിതമാക്കിയിരിക്കുകയാണ്.
ഇനി മുതല്‍ രാജ്യത്തെ ഏതു പാസ്പോര്‍ട്ട് ഓഫിസ് വഴിയും അപേക്ഷ നല്‍കാനാവും. മുന്‍പ് അപേക്ഷകന് താമസിക്കുന്ന സ്ഥലം ഉള്‍പ്പെടുന്ന ഓഫിസിന്റെ പരിധിയിലുള്ള സേവാ കേന്ദ്രങ്ങളില്‍ മാത്രമേ അപേക്ഷ നല്കാന് കഴിയുമായിരുന്നുള്ളൂ. ഉദാഹരണത്തിന് മുംബൈയില്‍ താമസിക്കുന്നയാള്‍ക്കു കേരളത്തിലെ സ്ഥിരം വിലാസം നല്കി മുംബൈയില്‍ അപേക്ഷ നല്‍കാം.
എം പാസ്പോര്‍ട്ട് സേവാ ആപ്പാണു മറ്റൊരു പുതുമ. ഏജന്റുമാരുടെ സഹായമില്ലാതെ ആര്‍ക്കും ആപ് വഴി രജിസ്റ്റര്‍ ചെയ്തു പാസ്പോര്‍ട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കാം. ഇത് കൂടാതെ പാസ്പോര്‍ട്ട് അപേക്ഷയ്ക്കു ജനന തീയതി നിര്‍ബന്ധമല്ല. എന്നാല്‍, പല വിദേശരാജ്യങ്ങളും വീസ നല്കുന്നതിനു ജനന തീയതി പരിഗണിക്കുന്നതിനാല്‍ അതു കൂടി ചേര്‍ത്ത് അപേക്ഷിക്കുന്നതാണു നല്ലത്.
കേരളത്തിലാണ് ഏറ്റവും വേഗം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് അയയ്ക്കുന്നത്. ശരാശരി 10 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാകും. 36 പേജുള്ള പാസ്പോര്‍ട്ട് ബുക്കിന് 1500 രൂപയും 60 പേജിന്റെ ബുക്കിന് 2000 രൂപയും ഫീസായി ഓണ്‍ലൈന്‍ വഴി അയയ്ക്കാം. മറ്റു ചെലവുകളില്ല. തത്കാലിന് 2000 രൂപ അധികമായി പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ അടയ്ക്കണം. തത്കാല്‍ അപേക്ഷയ്ക്കു മൂന്നു തിരിച്ചറിയല്‍ രേഖകള്‍ വേണം. റേഷന്‍ കാര്‍ഡും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിരവധി പേരാണ് ഇപ്പോള്‍ പാസ്പോര്‍ട്ടിനായി അപേക്ഷിക്കുന്നത്.