സി.പി.എമ്മിന്റെ ചെങ്കോട്ടയെന്ന് വിശേഷണമുണ്ടായിരുന്ന ത്രിപുര ഉള്‍പ്പെടെ വടക്ക്- കിഴക്ക് സംസ്ഥാനങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടിയെങ്കിലും ബി.ജെ.പിയുടെ സുവര്‍ണകാലഘട്ടം ആരംഭിച്ചിട്ടില്ലെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലും ഒഡീഷയിലും കൂടി ഭരണം പിടിച്ചാല്‍ മാത്രമേ ബി.ജെ.പിയുടെ സുവര്‍ണകാലം ആരംഭിക്കൂ എന്ന് അമിത് ഷാ പറഞ്ഞു.
ത്രിപുരയിലെ തകര്‍പ്പന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലെ വിജയപ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. കര്‍ണാടകയില്‍ ബി.ജെ.പി മികച്ച വിജയം സ്വന്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതിന് പിന്നാലെ സി.പി.എമ്മിനെതിരെ കടുത്ത വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. ഇന്ത്യയുടെ ഒരു ഭാഗത്തും യോജിച്ചവരല്ല ഇടതുപക്ഷമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യം ജനങ്ങള്‍ അവരെ ബംഗാളില്‍ നിന്ന് കെട്ടുകെട്ടിച്ചു. ഇപ്പോഴിതാ ത്രിപുരയില്‍ നിന്നും അവര്‍ തുടച്ചു നീക്കപ്പെട്ടിരിക്കുന്നു. ബി.ജെ.പിയുടെ വളര്‍ച്ചയുടെ ലക്ഷണമാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട് സംഘപ്രവര്‍ത്തകര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.