പുല്‍പ്പള്ളി: കൊവിഡ് ബാധിച്ച് മരണപ്പെട്ട ചീയമ്ബം കുറുമ്ബേമഠത്തില്‍ യാക്കോബിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്ത് പുല്‍പ്പള്ളിയിലെ മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചീയമ്ബം മോര്‍ ബസേലിയോസ് സുറിയാനിപള്ളി ഭാരവാഹികള്‍ പുല്‍പ്പള്ളി പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി സിദ്ധീഖിനെ ബന്ധപ്പെട്ടു. കൊവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടിട്ടുണ്ടെന്നും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ എല്ലാവരും ക്വാറന്റൈനില്‍ കഴിയുന്നതിനാല്‍ സംസ്‌ക്കരിക്കാന്‍ മുസ്ലിം യൂത്ത്ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരെ ലഭിക്കുമോ എന്നായിരുന്നു ആവശ്യം.
മറ്റൊന്നും ചിന്തിക്കാതെ തയ്യാറാണെന്ന് മറുപടിയും വന്നു. കൊവിഡ് ബാധിച്ചു മരണപ്പെട്ട വ്യക്തിയുടെ സംസ്‌കാര ചടങ്ങുകള്‍ ക്രൈസ്തവ ആചാര പ്രകാരമായത് കൊണ്ട് പള്ളി വികാരിയുടെ നിര്‍ദ്ദേശത്തിനനുസരിച്ച് മുസ്ലിം യൂത്ത്ലീഗ്, വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ പി.പി.ഇ കിറ്റ് ധരിച്ച് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുകയും ചെയ്തു.ആരോഗ്യ പ്രവര്‍ത്തകര്‍ ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.