ഇടതുമല്ല വലതുമല്ല ; പുതിയ സംഘടനയുമായി ജോയ് മാത്യു രാഷ്ട്രീയത്തിലേക്ക് ;

home-slider kerala politics

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു. സമകാലീന സംഭവങ്ങളിൽ തന്റേതായ അഭിപ്രായ പ്രകടനങ്ങൾ നടത്തി എന്നും വാർത്തകളിൽ ഇടം നേടുന്ന വ്യക്തിയും കൂടിയാണ് ഇദ്ദേഹം , ഇപ്പോൾ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം .സംഘടനാരൂപത്തില്‍ ഉള്ള രാഷ്ട്രീയ പ്രവേശനം താമസിയാതെ ഉണ്ടായേക്കുമെന്ന് ജോയ് മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താനെന്നും രാഷ്ട്രീയക്കാരനായിരുന്നു. രാഷ്ട്രീയത്തില്‍ തന്നെയാണ് ജീവിതം. പ്രത്യേകിച്ച്‌ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കേണ്ട കാര്യമില്ല. എന്നാല്‍ സംഘടനാരൂപത്തില്‍ ഉള്ള രാഷ്ട്രീയ പ്രവേശനം താമസിയാതെ ഉണ്ടായേക്കും. സമാന ചിന്താഗതിക്കാരുമായി ചേര്‍ന്ന് എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടുന്ന, പുതിയ സമരരൂപങ്ങള്‍ ആവിഷ്കരിക്കുന്ന ഒരു സംഘടനയാണ് ഉദ്ദേശിക്കുന്നത് -ജോയ് മാത്യു പറഞ്ഞു. അതൊരു രാഷ്ട്രീയകക്ഷി തന്നെയാകണമെന്നില്ല. ചിലപ്പോള്‍ സമൂഹിക സുരക്ഷ ഉന്നംവയ്ക്കുന്ന ഒരു കൂട്ടായ്മയാകും, അശരണര്‍ക്ക് നിയമസഹായം നല്‍കുന്ന ഒരു സമിതിയാകാം, കാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാകാം, ഇതെല്ലാം ചേര്‍ന്നതുമാകാം. പതാകയും പരിപാടിയുമൊക്കെയുള്ള ഒരു പാര്‍ട്ടി തന്നെയാകണമെന്നില്ല. കേരളത്തിന്റെ ഭരണത്തില്‍ പങ്കാളിയാകുകയല്ല പുതിയ കൂട്ടായ്മയുടെ ലക്ഷ്യം . എല്ലാത്തരം തിന്മകള്‍ക്കുമെതിരായ നല്ല പ്രതിപക്ഷമായിരിക്കും വരാനിരിക്കുന്ന സംഘടന- ജോയ് മാത്യൂ പറഞ്ഞുപുരോഗമനപരമായി ചിന്തിക്കുന്ന, നാടിന്റെ നന്മയെ കരുതുന്ന ചെറുപ്പക്കാര്‍ക്ക് സംഘടനയില്‍ നല്ല സ്ഥാനമുണ്ടാകും. ഇടതുപക്ഷക്കാര്‍ക്ക് മാത്രമല്ല നല്ല കോണ്‍ഗ്രസുകാര്‍ക്കും നല്ല ലീഗുകാര്‍ക്കും സംഘപരിവാറെന്ന് ആക്ഷേപിക്കുന്നവരിലെ നല്ലവര്‍ക്കും പുതിയ സംഘടനയില്‍ സ്ഥാനമുണ്ടാകും. എല്ലാ നന്മയുള്ളവരിലും ഒരു ഇടതുപക്ഷക്കാരനുണ്ടെന്നാണ് വിശ്വാസം . എല്ലാ സമൂഹിക പ്രശ്നങ്ങളിലും സജീവമായി ഇടപെടാനുദ്ദേശിക്കുന്ന ഈ കൂട്ടായ്മയുടെ പ്രവര്‍ത്തനം അനൗപചാരികമായി തുടങ്ങിയിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. നിലവിലുള്ള ഒരു രാഷ്ട്രീയ കക്ഷിയിലും വിശ്വാസമില്ല. പഠനകാലത്തും പിന്നീടും ഇടതുപക്ഷ നിലപാടുകളിലാണ് ഉറച്ചുനിന്നത്. തുടര്‍ന്നും അങ്ങനെ തന്നെയായിരിക്കും. എന്നാല്‍ ഇടതുപക്ഷമെന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സിപിഐയും മാത്രമല്ല. വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റേത് അവസരവാദ അധികാര രാഷ്ട്രീയ നിലപാടുകളാണ്. മറ്റ് പാര്‍ട്ടികളുടെ കാര്യം പറയേണ്ടതില്ല- ജോയ് മാത്യൂ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *