ആറാം റാങ്കുകാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെയും തോല്‍പിച്ച്‌ സ്വീഡന്റ് വരവ് അജയ്യരായി

football home-slider

മോസ്‌കോ: സാക്ഷാല്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും ഹെന്റിക് ലാര്‍സനും ഉണ്ടായിരുന്ന കാലത്ത് സാധിക്കാതിരുന്ന നേട്ടമാണ് സ്വീഡന്‍ റഷ്യന്‍ കൈവരിച്ചത്. 24 വര്‍ഷത്തിനുശേഷം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കുക. അതും ലോക റാങ്കിങ്ങില്‍ ആറാം സ്ഥാനത്തുനില്‍ക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധവീര്യത്തെ മറികടന്ന്. ജര്‍മനിയുള്‍പ്പെടുന്ന ഗ്രൂപ്പില്‍നിന്ന് പ്രാഥമിക ഘട്ടത്തില്‍ ജേതാക്കളായി പ്രീക്വാര്‍ട്ടറിലെത്തിയതും റഷ്യന്‍ ലോകകപ്പില്‍ സ്വീഡന്റെ നേട്ടങ്ങളുടെ മാറ്റുകൂട്ടുന്നു.

ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 66-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡല്‍ എമില്‍ ഫോഴ്‌സ്ബര്‍ഗ് നേടിയ ഗോളാണ് സ്വീഡനെ മുന്നോട്ടു നയിച്ചത്. ഫോഴ്‌സ്ബര്‍ഗ് പോസ്റ്റിലേക്ക് തൊടുത്ത കിക്ക് സ്വിസ് പ്രതിരോധനിര താരത്തിന്റെ കാലില്‍ത്തട്ടി വഴിതിരിഞ്ഞ് വലയിലെത്തുകയായിരുന്നു. ഷോട്ട് തടുക്കാന്‍ കാത്തുനിന്നിരുന്ന സ്വിസ് ഗോളി യാന്‍ സൊമറിന് കാഴ്ചക്കാരനായി നില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.

ഗോള്‍ പിറന്ന ഈ നിമിഷമൊഴിച്ചാല്‍ വിരസമായൊരു മത്സരമായിരുന്നു സ്വീഡന്‍-സ്വിസ് പോരാട്ടം. പതുക്കെ അസ്വസ്ഥതയിലേക്കും പരുക്കന്‍ അടവുകളിലേക്കും കടന്ന കളിയില്‍, ഇഞ്ചുറി ടൈമില്‍ സ്വിസ് താരം മൈക്കല്‍ ലാങ്ങിന് ചുവപ്പുകാര്‍ഡും കിട്ടി. ഇതോടെ, പത്തുപേരുമായാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് മത്സരം അവസാനിപ്പിക്കേണ്ടിവന്നത്. പെനാല്‍ട്ടി ബോക്‌സിനകത്തുവച്ചായിരുന്നു ഫൗളെങ്കിലും, റഫറി ഫ്രീക്കിക്ക് മാത്രമാണ് അനുവദിച്ചത്. ഇത് പാഴാവുകയും ചെയ്തു.

യൂറോപ്പില്‍ വലിയ ഫുട്‌ബോള്‍ പാരമ്ബര്യമുള്ള സ്വഡന്റെ വലിയൊരു തിരിച്ചുവരവാണ് ഇത്തവണത്തേത്. ചരിത്രത്തിലെ രണ്ടാമത്തെ ലോകകപ്പില്‍ത്തന്നെ അരങ്ങേറ്റം കുറിച്ച അവര്‍, 1950-ല്‍ മൂന്നാം സ്ഥാനക്കാരായി. 1958-ല്‍ ബ്രസീല്‍ ആദ്യമായി ലോകകിരീടം ചൂടിയ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു സ്വീഡന്‍. പിന്നീട് 1994-ലാണ് അവര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായത്. റുമാനിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി സെമിയിലെത്തിയ സ്വീഡന്, സെമിയില്‍ ്ബ്രസീല്‍ വീണ്ടും വഴിമുടക്കിയായി. ഏകപക്ഷീയമായ ഒരുഗോളിന് സ്വീഡനെ തോല്‍പിച്ച്‌ ബ്രസീല്‍ ഫൈനലില്‍ കടന്നു. മൂ്ന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ബള്‍ഗേറിയയെ തോല്‍പിച്ചു.

സമാനമായൊരു നേട്ടമാണ് കാല്‍നൂറ്റാണ്ടിനുശേഷം ക്വാര്‍ട്ടറില്‍ കടക്കുമ്ബോള്‍ സ്വീഡന്‍ പ്രതീക്ഷിക്കുന്നത്. ക്വാര്‍ട്ടറില്‍ കരുത്തരായ ഇംഗ്ലണ്ടാണ് പ്രതിയോഗികളെങ്കിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള ടീമാണ് തന്റേതെന്ന് കോച്ച്‌ ജെയ്ന്‍ ആന്‍ഡേഴ്‌സണ്‍ കരുതുന്നു. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെപ്പോലുള്ള സൂപ്പര്‍ത്താരങ്ങള്‍ കളംവാണിരുന്ന സ്വീഡിഷ് നിര ഇന്ന് താരതമ്യേന പുതുമുഖക്കാരുടെ ടീമാണ്. ടീമില്‍ കളിക്കുന്ന എല്ലാവരും ആദ്യമായാണ് ലോകകപ്പിനെത്തുന്നത്. എന്നാല്‍, പുതുനിരയുടെ പരിചയക്കുറവൊന്നും പുറത്തുകാണിക്കാതെ അവര്‍ പോരാടുകയാണ് ലോകകപ്പില്‍. മുന്‍കാലങ്ങളിലേതുപോലെ, സെമിയില്‍ കടക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവരുടെ വരവ്.

Leave a Reply

Your email address will not be published. Required fields are marked *