മാധവിക്കുട്ടിയുടെ ജീവിതത്തെ അധികരിച്ച് കമൽ സംവിധാനം ചെയ്ത ചിത്രമാണ് ആമി .ആദ്യമേ പറയട്ടെ, അവരുടെ യഥാർത്ഥ ജീവിതത്തെ കുറിച്ച് അധികമറിവുള്ളവനല്ല ഈ ഞാൻ. അതുകൊണ്ട് തന്നെ അവരുടെ ജീവിതത്തോട് ഈ ചിത്രം എത്രത്തോളം നീതി പുലർത്തിയിട്ടുണ്ട് എന്ന് പറയാനും കഴിയുന്നില്ല. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. എങ്കിലും വളരെ അധികം ഒതുക്കത്തോടെ വിവാദങ്ങൾക്ക് ഒന്നിനും ഇട കൊടുക്കാതെ എല്ലാ മതവിഭാഗങ്ങളോടും മൃദു സമീപനമാണ് തിരകഥാകൃത്ത് കൂടിയായ സംവിധായകൻ എടുത്തിരിക്കുന്നത്. ചില ഭാഗങ്ങളിൽ കടുത്ത ഹിന്ദുക്കളെയും.. ചിലയിടത്ത് ഇസ്ലാമിനെയും.. ട്രോളാനും മറന്നിട്ടില്ല. ഇത് തന്നെയായിരിക്കും അവർക്ക് ചിത്രത്തെ വിമർശിക്കാനുള്ള കച്ചിതുരുമ്പും…
മഞ്ജു വാര്യർ ആമിയാകുമ്പോൾ എങ്ങനെയിരിക്കുമെന്നു നെറ്റിച്ചുളിച്ച പ്രേക്ഷകർക്കുള്ള മറുപടിയാണ് ഈ ചിത്രം. കമലാ ദാസ് എന്ന കമലാ സുരയ്യ ആകാനുള്ള അവരുടെ ആത്മാർത്ഥമായ പരിശ്രമം ചിത്രത്തിലുട നീളം കാണാം. എങ്കിലും ഇതിനെല്ലാം പ്രധാന വെല്ലുവിളി അവരുടെ ചമയം തന്നെയാണ്. അവരുടെ മുഖത്തിന് യോജിച്ചതല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. വാർധക്യ കാലങ്ങളിലൊക്കെ വളരെ വികലമായ ഒരു സമീപനമാണ് കൈകൊണ്ടിരിക്കുന്നത് എന്ന് പറയേണ്ടി വരും. എങ്കിലും അവർ കഥാപാത്രമായി മനസിൽ കേറിക്കൂടി.
മാധവിക്കുട്ടിയുടെ ബാല്യകാലം അവതരിപ്പിച്ച കുട്ടികൾ വളരെ മികച്ച പ്രകടനമായിരുന്നു.പഴയ കാലത്തെ പ്രതിനിധീകരിച്ച എല്ലാവരും അവരുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി. സ്വാതന്ത്ര കാലത്തെ കൽക്കട്ടയും കേരളവും എല്ലാം മികച്ചതാക്കാൻ കലാ സംവിധായകന്റെയും ഛായാഗ്രഹകന്റെയും പരിചയ സമ്പത്ത് തുണയായി. മറ്റു കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച പ്രകടനം ടോവിനോ തോമസിന്റെയായിരുന്നു. വിരസമായ പല രംഗങ്ങളിലും ടൊവിനോയുടെ പ്രകടനം ചിത്രത്തെ സേഫ് സോണിലെത്തിച്ചു. മുരളീ ഗോപിയും അനൂപ് മേനോനും പതിവ് റോളുകളിൽ ഒതുങ്ങി.
ഗാനങ്ങൾ എല്ലാം ചിത്രത്തോട് പൂർണമായും ഇഴുകി ചേർന്നിരിക്കുന്നു. നീർമാതളം എന്ന ഗാനം ചിത്രത്തിലുടനീളമുണ്ടെങ്കിലും ഒട്ടും അലോസരപ്പെടുത്താതെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. തിരക്കഥയിൽ പോരായ്മകളേറെയുണ്ടെങ്കിലും ഒരു പരിധി വരെ അതെല്ലാം മറച്ചു പിടിക്കാൻ കമലെന്ന സംവിധായകന് കഴിഞ്ഞു.
സാധാരണ പ്രേക്ഷകരെ ചിത്രം എത്രത്തോളം തൃപ്തിപ്പെടുത്തുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിനിമ എന്ന മാധ്യമത്തെ ഗൗരവമായി സമീപിക്കുന്നവർക്ക് ആമി ഒരു മികച്ച അനുഭവമായിരിക്കും. അല്ലാത്തവർക്ക് നല്ലൊന്നാന്തരം ഉറക്കഗുളികയും. ചിത്രത്തിന് നെഗറ്റീവ് റിവ്യു
കൾ വരുന്നതും അതെല്ലാം നീക്കം ചെയ്യുന്നതും നല്ല പ്രവണതയല്ല. കമൽ അറിഞ്ഞോ അറിയാതെയോ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തികച്ചും അപലപനീയമെന്ന് പറയാതെ വയ്യ!
ഒടുവിൽ മാധവിക്കുട്ടി പറഞ്ഞ വാക്കുകൾ സ്ക്രീനിൽ എഴുതി കാണിച്ചപ്പോൾ അന്ത്യനിമിഷങ്ങളിൽ അവർ എത്രത്തോളം ആത്മസംഘർഷത്തിലായിരുന്നുവെന്ന് നമുക്ക് മനസിലാകും. അവരുടെ ജീവിതം കുറച്ചെങ്കിലും മനസിലാക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ചിത്രത്തിന്റെ വിജയവും !
മൊത്തത്തിൽ പറഞ്ഞാൽ
ആളുകൾ പറയുന്നത്ര മോശം സിനിമയൊന്നുമല്ല ‘ആമി’. മാധവിക്കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു 30% കാര്യങ്ങൾ കാണിക്കുന്നുമുണ്ട്.സമയദൈർഖ്യത്തിന്റെ പ്രശനം മൂലം നൂറു ശതമാനം ഒരു സിനിമകൊണ്ട് മാത്രം കാണിക്കാനും പറ്റില്ല. ഇനി പല ഭാഗങ്ങളായി എടുക്കാമെന്ന് വിചാരിച്ചാൽ തന്നെ മതത്തിന്റെ പേരിലുള്ള കോലാഹലങ്ങളും മറ്റും കാരണം റിലീസ് പോലും ചിലപ്പോൾ നടക്കില്ല. അബ്ദു സമദ് സമദാനി വിഷയമൊക്കെ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ കമൽ കൈകാര്യം ചെയ്തു. മാധവിക്കുട്ടിയുടെ ജീവിതത്തിലെ ലൈംഗീകമായ വിഷയങ്ങളും മറ്റും വളരെ കുറച്ചു, സദാചാരബോധത്തോടെ മാത്രമാണ് കമൽ അവതരിപ്പിച്ചത്. മഞ്ജു വാരിയരുടെ സംസാരശൈലി,മേക്കപ്പ് എന്നിവ നല്ല ബോറായിരുന്നു. അവസാനത്തെ ചില സീനുകൾ ഒഴിച്ചാൽ അഭിനയവും വല്യ മെച്ചമില്ലായിരുന്നു. melodrama (നാടകീയത) ചിത്രത്തെ അലോസരപ്പെടുത്തി. എങ്കിലും ഒരു above average ചിത്രമാണ്. “നീർമാതളം” എന്ന പാട്ടൊക്കെ വളരെ നന്നായിരുന്നു.
my rating- 2.75/5