ആത്മഹത്യ നടക്കുന്നതിന് മണിക്കൂറുകള്‍ തയ്യാറെടുപ്പ് നടത്തി; ആ 11 മരണങ്ങള്‍ കൂട്ട മോക്ഷ പ്രാപ്തിക്ക് വേണ്ടിയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ സഹിതം സ്ഥിരീകരിച്ച്‌ പൊലീസ്

home-slider indian news

ഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ച സംഭവത്തില്‍ പുറമെ നിന്നുള്ളവരുടെ പങ്ക് പൂര്‍ണമായും തള്ളിക്കളഞ്ഞ് പൊലീസ്. കുടുംബം കൂട്ട മോക്ഷ പ്രാപ്തിക്കു വേണ്ടി ഒരുമിച്ച്‌ ആത്മഹത്യ ചെയ്തതാണെന്നും ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ടെന്നുമാണ് സ്ഥിരീകരണം. ആത്മഹത്യയ്ക്ക് അര്‍ധരാത്രി ഒരുക്കം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണിത്. എന്നാല്‍ വീട്ടിലെ ഗ്രില്ലില്‍ കഴുത്തില്‍ കുരുക്കിട്ടു കിടന്നതിനു പിന്നാലെ പുനര്‍ജനിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. കുടുംബത്തിലെ തന്നെ ഒരംഗമായ ലളിത് ഭാട്ടിയയാണ് ഇത്തരമൊരു ആചാരത്തിനു മേല്‍നോട്ടം വഹിച്ചതെന്നും പൊലീസ് പറയുന്നു.

ജൂണ്‍ 30നു രാവിലെയാണ് ബുറാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭുവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ ശിവം(12), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു മരിച്ചത്.

അടുത്തിടെ സാമ്ബത്തികമായി ഏറെ പുരോഗതി പ്രാപിച്ചിരുന്നു ഭാട്ടിയ കുടുംബം. ഏറെ നാളായി നടക്കാതിരുന്ന മുപ്പത്തിമൂന്നുകാരിയായ പ്രിയങ്കയുടെ വിവാഹവും അടുത്തിടെയാണു ശരിയായത്. ഇതെല്ലാം ഒരു അസാധാരണ ശക്തി നല്‍കിയതാണെന്നും അതിനുള്ള പ്രത്യുപകാരമായി എല്ലാവരുടെയും ജീവന്‍ നല്‍കണമെന്നുമായിരുന്നു ലളിത് കുടുംബത്തിലെ പത്തു പേരെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

മരിച്ചു പോയ അച്ഛനാണു തനിക്കു നിര്‍ദേശങ്ങള്‍ തരുന്നതെന്നായിരുന്നു ലളിത് കുടുംബാംഗങ്ങളോടു പറഞ്ഞിരുന്നത്. ആരും മരിക്കില്ലെന്ന് ഇയാള്‍ ഉറപ്പു നല്‍കിയിരുന്നതായും ഡയറിയിലെ വിവരങ്ങള്‍ പറയുന്നു. ‘ഒരു കപ്പില്‍ വെള്ളം സൂക്ഷിക്കുക, അതിന്റെ നിറം മാറുമ്ബോള്‍ ഞാന്‍ നിങ്ങളെ രക്ഷിക്കാനെത്തും’ എന്നു പിതാവ് പറയുന്നതായി ഡയറിയുടെ അവസാന താളുകളില്‍ ലളിത് എഴുതിയിട്ടുണ്ട്. അവസാന കര്‍മവും പൂര്‍ത്തിയാക്കിയ ശേഷം, അതായത് തൂങ്ങിമരിച്ചതിനു ശേഷം, ഓരോരുത്തരും പരസ്പരം കെട്ടുകള്‍ അഴിക്കാനും ധാരണയുണ്ടായിരുന്നു. ഇതാണ് പുനര്‍ജന്മ വിശ്വാസത്തിലേക്കു വിരല്‍ ചൂണ്ടുന്നത്.

11 വര്‍ഷമായി ലളിത് എഴുതിയ 11 ഡയറികളും പൊലീസ് കണ്ടെടുത്തു. ഇതില്‍ ലളിതിനെ കൂടാതെ പ്രിയങ്കയും എഴുതിയിട്ടുണ്ട്. ജൂണ്‍ 30നായിരുന്നു അവസാനമായി എഴുതിയത്. അന്ന് അര്‍ധരാത്രിയാണു കൂട്ടമരണം സംഭവിച്ചത്. ഭാട്ടിയ കുടുംബത്തിന്റെ ബുറാരിയിലെ വീടിന്റെ മുന്‍വശം കാണാവുന്ന സിസിടിവിയില്‍ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. ഡയറിയില്‍ നിന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമായി ലഭിച്ച വിവരങ്ങള്‍ ഉപയോഗിച്ച്‌ ജൂണ്‍ 30നു രാത്രി സംഭവിച്ച കാര്യങ്ങളില്‍ പൊലീസ് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്.

ലളിത് ഭാട്ടിയയുടെ അന്ധവിശ്വാസമാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. 2008ലാണ് ഇയാളുടെ അച്ഛന്‍ മരിച്ചത്. ഇതോടെ ആത്മീയതയെ ഇയാള്‍ കൂടുതലായി സ്വീകരിച്ചു. സ്വപ്നത്തില്‍ അച്ഛനുമായി സംസാരിക്കുമെന്ന് പോലും അവകാശപ്പെട്ടിരുന്നു. ഇത്തരം മാനിസക പ്രശ്നങ്ങള്‍ മറ്റുള്ളവരിലേക്കും ഇയാള്‍ പകര്‍ന്ന് നല്‍കി. ഇയാളുടെ ഇടപെടലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നത്. മോക്ഷം കിട്ടാനും അച്ഛന്റെ അടുത്തെത്താനും വിശ്വാസത്തില്‍ അടിസ്ഥാനമായ ആത്മഹത്യയ്ക്ക് ഇയാള്‍ കുടുംബാഗങ്ങളെ പ്രേരിപ്പിച്ചു വരികയായിരുന്നു

ബുറാഡിയിലെ കൂട്ടമരണം അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് സംഘം നാട്ടുകാര്‍ ഉള്‍പ്പെടെ പലരെയും ചോദ്യം ചെയ്തിരുന്നു. സംഭവത്തിലെ എല്ലാവശങ്ങളും പരിഗണിച്ചുള്ള അന്വേഷണമാണു പൊലീസ് നടത്തിയതും. മരണമടഞ്ഞ പ്രിയങ്കയുടെ വിവാഹം ഉടന്‍ നടക്കുമെന്നതിനാല്‍ കുടുംബാംഗങ്ങള്‍ അതിന്റെ ആഹ്ലാദത്തിലായിരുന്നെന്നു നാട്ടുകാര്‍ പറയുന്നതും പൊലീസ് കണക്കിലെടുത്തിട്ടുണ്ട്. ഐടി ഉദ്യോഗസ്ഥയായ പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞമാസമാണു നടന്നത്. മരണത്തിന്റെ തലേന്നുപോലും ഇവരോടു സംസാരിച്ചിരുന്നതായും എന്തെങ്കിലും പ്രശ്നമുള്ളതിന്റെ സൂചനപോലും കുടുംബാംഗങ്ങളുടെ സംസാരത്തില്‍ ഇല്ലായിരുന്നെന്നും ചില ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *