മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരന്.
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ജലന്ധർ രൂപതയിലെ വൈദികൻ ഫാ. കുര്യാക്കോസ് കാട്ടുതറ (62)യെ ഇന്നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത് . ജലന്ധറിന് സമീപം ദസ് വയിലെ പള്ളിയിലെ മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് ഫാ. കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചഭക്ഷണത്തിന് ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് മുറിവിട്ട് പുറത്തേക്ക് വന്നിരുന്നില്ല. ഇന്ന് രാവിലെ കുര്‍ബാനയ്ക്ക് അച്ചനെ കാണാതായപ്പോള്‍ ജോലിക്കാരന് വന്ന് വിളിച്ചിട്ടും മുറി തുറന്നില്ല. പിന്നീട് മറ്റുള്ളവരെത്തി മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ദസ്വ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരന് ജോസ് കാട്ടുതറപറഞ്ഞു.
ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനര്‍ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികന് കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്.A