ഇന്നലെ നടന്ന അവസാന ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ തോൽവി . വിരാട് കോഹ്ലി വീണ്ടും സെഞ്ച്വൂറിയോടെ കളം നിറഞ്ഞ മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ആഫ്രിക്കന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്ബര 5-1 എന്ന നിലയില്‍ ഇന്ത്യ ആഘോഷമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 204 എന്ന ചെറിയ സ്കോറിലേക്ക് എറിഞ്ഞിട്ട ഇന്ത്യ മറുപടി ബാറ്റിങില്‍ 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. വിരാട് കോഹ്ലിയുടെ (129*) അപരാജിത സെഞ്ച്വറിക്കൊപ്പം അജിന്‍ക്യ രഹാനെയും (34*) പിന്തുണയേകിയതോടെ അനായാസം ഇന്ത്യ വിജയതീരം കാണുകളയായിരുന്നു..ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലേ തന്നെ തിരിച്ചടി ലഭിച്ചു. ഓപണിങിലെ വിശ്വസ്തനായ ബാറ്റ്സ്മാന്‍ ഹാഷിം അംലയെയാണ് (10) ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യം നഷ്ടമായത്. പതിവ് പോലെ മികച്ച ഷോട്ടുകളുമായി തന്നെ നായകന്‍ എയ്ഡന്‍ മാര്‍ക്രം (24) തുടങ്ങിയെങ്കിലും മികച്ച സ്കോറിലെത്തും മുമ്ബേ മടങ്ങേണ്ടി വന്നു. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ എബി ഡിവില്ലിയേഴ്സ് (30), സോണ്ടോ (54) കൂട്ടുകെട്ട് രക്ഷകാരാവുമെന്ന് തോന്നിച്ചെങ്കിലും മികച്ച സ്കോറിലേക്കെത്തും മുമ്ബേ കൂട്ടുകെട്ട് പോളിഞ്ഞു. യുസ്വേന്ദ്ര ചാഹലിന്റെ പന്തില്‍ ഡിവില്ലിയേഴ്സ് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു.
അവസാന രണ്ട് ഏകദിനത്തിലും ദക്ഷിണാഫ്രിക്കയുടെ രക്ഷകനായ ഹെന്റിച്ച് ക്ലാസന്‍ 22 റണ്‍സെടുത്ത് പുറത്തായി. ഒരു വശത്ത് ഒറ്റയാള്‍പോരാട്ടം കാഴ്ചവച്ച സോണ്ടോ 74 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറും പറത്തിയാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. എന്നാല്‍ ചാഹലിനെ കൂറ്റന്‍ അടിക്ക് ശ്രമിച്ച സോണ്ടോ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളില്‍ സുരക്ഷിതമായി അവസാനിക്കുമ്ബോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ബോര്‍ഡ് 37 ഓവറില്‍ ഏഴ് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലായിരുന്നു. മധ്യനിരയില്‍ ആന്‍ഡിലി ഫെലുക്കുവായോ നടത്തിയ ചെറുത്തുനില്‍പ്പാണ് (34) ആതിഥേയരുടെ ഇന്നിങ്സിനെ 200 കടത്തിയത്.
മോണി മോര്‍ക്കലും (20) വാലറ്റത്ത് നിര്‍ണായക റണ്‍സുകള്‍ ടീമിന് സമ്മാനിച്ചു. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മന്‍മാരെ കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കി അയച്ചപ്പോള്‍ 46.5 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ശര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറ, യുസ് വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു. കുല്‍ദീപ് യാദവും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ (15), ശിഖര്‍ ധവാന്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ 126 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ കോഹ്ലി – രഹാനെ സഖ്യമാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്. അതിവേഗം തല്ലിത്തകര്‍ത്ത കോഹ്ലി 96 പന്തില്‍ 19 ഫോറും രണ്ട് സിക്സറും അക്കൗണ്ടിലാക്കി. കോഹ് ലിയുടെ 35ാം ഏകദിന സെഞ്ച്വറിയാണിത്.